
കണ്ണൂർ: നിലവിൽ കേരളത്തിൽ യു.ഡി.എഫ് ഭരിക്കുന്ന ഏക കോർപ്പറേഷനായ കണ്ണൂരിലും എൽ.ഡി.എഫ് കാലങ്ങളായി കൈവശംവെക്കുന്ന ജില്ലാ പഞ്ചായത്തും ഇരുമുന്നണികളും ആധിപത്യം സൂക്ഷിക്കുന്ന നഗരസഭകളും ഗ്രാമപഞ്ചായത്തുകളും ഇക്കുറി ആർക്കൊപ്പമെന്ന് ഇന്ന് തീരുമാനമാകും. സംസ്ഥാനത്ത് തന്നെ നിർണായകമായ കണ്ണൂർ രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾ തീരുമാനിക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പാണ് ഇക്കുറിയെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്ത് വലിയ വിവാദത്തിന് വഴിവെച്ചതാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം. എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ശേഷം പ്രസിഡന്റ് പി.പി.ദിവ്യ രാജി വച്ചതാണ് ഇതിൽ പ്രധാനം. ദിവ്യ ഒഴിഞ്ഞതിന് ശേഷം കെ.കെ. രത്നകുമാരിയാണ് അദ്ധ്യക്ഷയായത്. ആകെയുള്ള 24 ഡിവിഷനുകളിൽ എൽ.ഡി.എഫിന് പതിനേഴും യു.ഡി.എഫിന് ഏഴും സീറ്റുകളാണുള്ളത്. കണ്ണൂരിൽ ആകെയുള്ള 11 ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തിലും എൽ.ഡി.എഫാണ്.ഇതിൽ തന്നെ രണ്ടിടത്ത് പ്രതിപക്ഷം പോലുമില്ല. ഗ്രാമ പഞ്ചായത്തുകളിലും ഈ ആധിപത്യം എൽ.ഡി.എഫിനുണ്ട്. ആകെയുള്ള 71 ഗ്രാമപഞ്ചാത്തുകളിൽ 56 ഇടത്ത് എൽ.ഡി.എഫാണ്.പതിനാറിടത്ത് മാത്രമാണ് യു.ഡി.എഫ് ഭരണം. കണ്ണൂരിലെ പത്ത് ഗ്രാമപഞ്ചായത്തുകളിൽ പ്രതിപക്ഷമില്ല. നിരവധി പാർട്ടിഗ്രാമങ്ങളുള്ള കണ്ണൂരിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വൻനേട്ടമുണ്ടാക്കാറുണ്ട്. ഇതിന് മാറ്റമുണ്ടാക്കുകയെന്ന ലക്ഷ്യമാണ് യു.ഡി.എഫിനുള്ളത്. അതെ സമയം ബി.ജെ.പിക്ക് കണ്ണൂരിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതുവരെ വലിയ റോളുണ്ടായിട്ടില്ല.
കഴിഞ്ഞ തവണത്തെ ചരിത്രവിജയത്തെ മറികടക്കുന്ന വിജയം ആവർത്തിക്കും. ശ്രീകണ്ഠപുരം, പാനൂർ, തളിപ്പറമ്പ് നഗരസഭകളും കഴിഞ്ഞതവണ യു.ഡി.എഫിന് ലഭിച്ച ഏക ബ്ലോക്കായ ഇരിട്ടിയും എൽ.ഡി.എഫ് പിടിച്ചെടുക്കും.പഞ്ചായത്തുകളിൽ കൂടുതൽ വാർഡുകൾ നേടും. കണ്ണൂർ കോർപറേഷനിലും എൽ.ഡി.എഫ് വിജയം നേടും .ചരിത്രത്തിൽ ഇതുവരെയില്ലാത്ത ക്ഷേമ വികസന പ്രവർത്തനങ്ങളാണ് ഇടത് സർക്കാർ നടത്തിയത്. അതെ സമയം യു.ഡി.എഫ് ഭരിക്കുന്ന കണ്ണൂരിൽ സാധാരണ പഞ്ചായത്തിൽ ഉണ്ടാകുന്ന വികസനംപോലുമില്ല. നഗര റോഡ് നവീകരണം, സ്റ്റേഡിയം നവീകരണം, മേൽപാലം പോലെയുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കാനൊരുങ്ങുമ്പോൾ കോർപറേഷൻ തടസ്സം സൃഷ്ടിക്കുകയാണ്.ശബരിമലയിലെ സർക്കാർ നിലപാടിനെ തെറ്റായി വ്യാഖ്യാനിച്ച് യു.ഡി.എഫ് ബി.ജെ.പി വോട്ടുതേടുകയാണ്-കെ.കെ.രാഗേഷ് സി.പി.എം ജില്ലാസെക്രട്ടറി
തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ജില്ലയിൽ യു.ഡി.എഫിനുണ്ടാകും.കണ്ണൂർ കോർപറേഷൻ യു.ഡി.എഫ് നിലനിർത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട പല തദ്ദേശസ്ഥാപനങ്ങളും ഇത്തവണ യു.ഡി.എഫ് അധികാരം നേടും. കെട്ടുറപ്പോടെയാണ് യു.ഡി.എഫ് പ്രവർത്തിച്ചതെന്നും സ്ഥാനാർത്ഥി നിർണയം മുതൽ കലാശക്കൊട്ടു വരെ ഒരേ മനസോടെ നേതാക്കളും അണികളും പ്രവർത്തിച്ചതിന്റെ ഗുണഫലം ഇന്നത്തെ പോളിംഗിൽ പ്രതിഫലിക്കും. പരാജയഭീതിയിൽ സമാധാനപരമായ പോളിംഗ് അട്ടിമറിക്കാൻ എല്ലാ നീക്കവും സി.പി.എമ്മിന്റെ ഭാഗത്തു നിന്നുണ്ടാകും. അതിന്റെ സൂചന കഴിഞ്ഞ ദിവസം പലയിടങ്ങളിലും കാണുകയുണ്ടായി. സ്ഥാനാർത്ഥിയെ പോലും അക്രമിക്കുന്ന സ്ഥിതിയാണ് കണ്ടത്. ഇത് സൂചിപ്പിക്കുന്നത് ജില്ലാ വരണാധികാരി ഉൾപ്പെടെ കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ പോളിംഗ് ഉറപ്പാക്കണം-ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്.
കണ്ണൂർ ജില്ലയിൽ പതിനാറായിരം ആളുകളുടെ വോട്ടവകാശം സി.പി.എം നിഷേധിച്ചിരിക്കുന്നു. മറ്റു പാർട്ടികളുടെ പ്രവർത്തകർക്ക് നോമിനേഷൻ കൊടുക്കാൻ സി.പി.എം അനുവദിക്കാത്തതിലൂടെയാണ് വോട്ടവകാശം നിഷേധിച്ചത്. ജില്ലയിൽസി.പി.എം ഗുണ്ടായിസം ഇപ്പോഴും നിലനിൽക്കുകയാണ്. ജില്ലാ കോൺഗ്രസ് നാമാവശേഷമായ കണ്ണൂരിൽ യു.ഡി.എഫിനെ നയിക്കുന്നത് ലീഗാണ്. യു.ഡി.എഫ് പ്രകടനം കണ്ടാൽ പാക്കിസ്ഥാനിലെ പീപ്പിൾസ് പാർട്ടി പ്രകടനമായേ തോന്നു. കോൺഗ്രസ് നാമാവശേഷമായിരിക്കുന്നു.കണ്ണൂർ കോർപ്പറേഷനിലെ മരക്കാർക്കണ്ടിയിലെ ദ്രവ മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മാണത്തിലെ അഴിമതിയിൽ എൽ.ഡി.എഫ് യു.ഡി.എഫ് ധാരണയാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേന്ദ്രം നൽകിയ 200 കോടി രൂപ കണ്ണൂർ കോർപ്പറേഷൻ നഷ്ടപ്പെടുത്തി-കെ.കെ.വിനോദ് കുമാർ,ബി.ജെ.പി നോർത്ത് ജില്ലാപ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |