
തൃശൂർ: സ്ഥാനാർത്ഥി നിർണയത്തിലും പ്രചാരണത്തിലും മൂന്നു മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിച്ച നാളുകൾക്കുശേഷം ഇന്ന് ബൂത്തിലേക്ക്. ജനങ്ങൾ ഇന്ന് വിധിയെഴുതുമ്പോൾ അവസാനവട്ട കൂട്ടലും കിഴിക്കലും കഴിഞ്ഞ് വിജയപ്രതീക്ഷയിലും ആത്മവിശ്വാസത്തിലുമാണ് മുന്നണികൾ. പ്രാദേശിക വിഷയങ്ങളെപ്പോലെ സംസ്ഥാന, കേന്ദ്ര ഭരണങ്ങളും വിലയിരുത്തപ്പെടുകയും പ്രചാരണവഴികളിൽ മുഴങ്ങിക്കേൾക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണിത്. തെരുവുനായ്ശല്യവും വന്യമൃഗഭീഷണിയും കൃഷിനാശവുമെല്ലാം ചർച്ചയാക്കാൻ യു.ഡി.എഫും എൻ.ഡി.എയും മുന്നിലുണ്ടായിരുന്നു. വികസനമായിരുന്നു എൽ.ഡി.എഫ് പറഞ്ഞത്. നിശബ്ദ പ്രചാരണത്തിനിടയിലും അതെല്ലാം ജനങ്ങൾക്കിടയിൽ സംസാരവിഷയമാക്കാനായിരുന്നു നേതൃത്വങ്ങളുടെ ഇടപെടലുകൾ. സ്ഥാനാർത്ഥികളാണെങ്കിൽ അവസാന നിമിഷവും പരമാവധി വോട്ടർമാരുടെ മനസുകളിൽ കയറിപ്പറ്റാനുളള നെട്ടോട്ടത്തിലും.
വികസനവും ക്ഷേമവും പറഞ്ഞ് ഇടത്
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ താഴേത്തട്ടിലുള്ള ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചുവെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം. ഘടകകക്ഷികളും മുൻകാലത്തേക്കാൾ യോജിപ്പോടെയും ഒറ്റക്കെട്ടായും പ്രവർത്തിച്ചുവെന്നും തദ്ദേശ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യപ്പെട്ടെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തുടർഭരണത്തിന് വഴിയൊരുക്കാൻ അടുത്ത അഞ്ചു വർഷത്തേക്കുള്ള പൊതുജനപങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികൾ മുന്നിൽവച്ചതിലാണ് ഇടത് പ്രതീക്ഷകളേറെയും.
ഭരണവിരുദ്ധത ഗുണമാകുമെന്ന് യു.ഡി.എഫ്
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളിവിരുദ്ധ നയങ്ങളും വിലക്കയറ്റവും അഴിമതിയുമാണ് യു.ഡി.എഫ് പ്രചാരണത്തിലുടനീളം ചൂണ്ടിക്കാണിച്ചത്. അതിന്റെ ഫലം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും സ്ഥാനാർത്ഥി നിർണയവും അതിവേഗം നടത്തിയത് തുണയ്ക്കുമെന്നും നേതൃത്വം ആത്മവിശ്വാസം പുലർത്തുന്നു. പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നവർ ഏറെയുണ്ടെന്നതാണ് മറ്റൊരു മികവായി ചൂണ്ടിക്കാട്ടുന്നത്. വിമതർ കുറഞ്ഞുവെന്നും പലരും മത്സരത്തിൽനിന്ന് പിന്മാറിയെന്നും സ്ഥാനാർത്ഥികളെ പരിഗണിച്ചതിൽ ഭിന്നസ്വരമുണ്ടായില്ലെന്നും അവർ വ്യക്തമാക്കുന്നു.
കേന്ദ്ര വികസനം തുണയ്ക്കുമെന്ന് എൻ.ഡി.എ
ശക്തൻ മാർക്കറ്റിനായും ജില്ലാ ജനറൽ ആശുപത്രിക്കായും സുരേഷ് ഗോപി വകയിരുത്തിയ കേന്ദ്ര ഫണ്ട് അടക്കമുള്ള വികസന പദ്ധതികളാണ് എൻ.ഡി.എ അടിവരയിട്ടു പറയുന്നത്. വികസനവും അടിസ്ഥാന സൗകര്യങ്ങളും കയറിച്ചെല്ലാത്ത ഇടങ്ങളിലേക്ക് സുരേഷ് ഗോപി നേരിട്ടെത്തിയതോടെ ജനങ്ങളുടെ മനോഭാവത്തിൽ മാറ്റമുണ്ടാക്കാനായെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. കേന്ദ്രത്തിന്റെ ആനുകൂല്യങ്ങൾ കൃത്യമായി നാടിന്റെ മുക്കിലും മൂലയിലും എത്തിക്കാനായി എന്നതാണ് മറ്റൊരു പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കുന്നത്. അത് വനിതാവോട്ടുകൾ ഉറപ്പാക്കുന്നതിൽ പ്രധാന ഘടകമാകുമെന്നും മുന്നണി നേതാക്കൾ വ്യക്തമാക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പ്: എല്ലാം സജ്ജം
തൃശൂർ: ജില്ലയിൽ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ജില്ലയിലെ 24 വിതരണകേന്ദ്രങ്ങളിൽ നിന്നും റിട്ടേണിംഗ് ഉദ്യോഗസ്ഥരുടെയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരുടെയും നേതൃത്വത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടിംഗ് മെഷീനുകളുടെയും പോളിംഗ് സാധന സാമാഗ്രികളുടെയും വിതരണം പൂർത്തിയായി. ഇന്ന് രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.
7208 സ്ഥാനാർത്ഥികൾ
86 ഗ്രാമപഞ്ചായത്തുകൾ, 16 ബ്ലോക്ക് പഞ്ചായത്തുകൾ, 7 നഗരസഭകൾ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത് എന്നിവയിലേക്ക് ഭരണസാരഥികളെ കണ്ടെത്തുന്നതിനുള്ള തിരഞ്ഞെടുപ്പിൽ 7208 സ്ഥാനാർത്ഥികളാണ് ജില്ലയിൽ മത്സരിക്കുന്നത്.
54,204 കന്നി വോട്ടർമാർ
ജനവിധിയെഴുതാൻ തയ്യാറെടുക്കുന്നത് 54,204 കന്നി വോട്ടർമാർ. അന്തിമ വോട്ടർ പട്ടിക കണക്കനുസരിച്ച് ജില്ലയിൽ 27,36,817 വോട്ടർമാരാണുള്ളത്. ആകെ വോട്ടർമാരിൽ 14,59,670 സ്ത്രീകളും, 12,77,120 പുരുഷന്മാരും 27 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു.
15,753 പോളിംഗ് ഉദ്യോഗസ്ഥർ
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ജില്ലയിൽ 15,753 പോളിംഗ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. 3282 പ്രിസൈഡിംഗ് ഓഫീസർമാരും 3282 ഫസ്റ്റ് പോളിംഗ് ഓഫീസർമാരും 6564 പോളിംഗ് ഓഫീസർമാരും ഇതിൽ ഉൾപ്പെടുന്നു.
4757 പൊലീസ് ഉദ്യോഗസ്ഥർ
സുരക്ഷിതവും സുഗമവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലയിൽ 4757 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ തൃശൂർ സിറ്റി പരിധിയിൽ 1648 ബൂത്തുകളിലായി സുരക്ഷാ ചുമതല കൈകാര്യം ചെയ്യും. തൃശൂർ റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെയും അഡീഷണൽ എസ്.പി ടി.എസ്.സിനോജിന്റെയും നേതൃത്വത്തിൽ സുരക്ഷ ക്രമീകരണങ്ങൾ പൂർത്തിയായി.
തിരിച്ചറിയൽ രേഖകൾ
തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസക്കാലയളവിന് മുമ്പ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, കേന്ദ്രസംസ്ഥാന സർക്കാരുകൾ നൽകുന്ന ഓഫീസ് തിരിച്ചറിയൽ കാർഡ് എന്നിവയാണ് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അംഗീകൃത തിരിച്ചറിയൽ രേഖകൾ.
കൺട്രോൾ റൂം ഒരുങ്ങി
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനും നിരീക്ഷണത്തിനും കളക്ട്രേറ്റിൽ ജില്ലാതല കൺട്രോൾ റൂം സുസജ്ജം. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, എ.ഡി.എം ടി.മുരളി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ.കൃഷ്ണകുമാർ എന്നിവരുടെ മേൽനോട്ടത്തിലാണ് ജില്ലാതല കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
വോട്ടുകൾ കൃത്യമായി രേഖപ്പെടുത്താം
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകളാണ് രേഖപ്പെടുത്തേണ്ടത്. നഗരസഭ, മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള വോട്ടർമാർക്ക് ഒരു വോട്ടും.
പ്രമുഖർ വോട്ട് രേഖപ്പെടുത്തും
തൃശൂർ: പ്രമുഖർ ഇന്ന് ജില്ലയിൽ വോട്ട് രേഖപ്പെടുത്തും. മന്ത്രിമാരായ ഡോ. ആർ.ബിന്ദു കേരളവർമ കോളേജിലും കെ.രാജൻ അന്തിക്കാട് കെ.ജി.എം.എൽ.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. കെ.രാധാകൃഷ്ണൻ എം.പി ചേലക്കര തോന്നൂർക്കര എ.യു.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ കേരള വർമ്മ കോളേജിൽ വോട്ട് രേഖപ്പെടുത്തും. അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തും സഹായമെത്രാൻ മാർ ടോണി നീലങ്കാവിലും ലൂർദ്ദ് സെന്റ് മേരീസ് യു.പി സ്കൂളിലും ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂളിലും കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ആനപ്പുഴ സ്കൂളിലും മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് യൂഹാനോൻ മോർ മിലിത്തോസ് മെത്രാപ്പൊലീത്ത മണ്ണുത്തി വെറ്ററിനറി അലുമിനി ഓഡിറ്റോറിയത്തിലും ഐ.എം.വിജയൻ ദേവമാത പബ്ലിക് സ്കൂളിലും നടൻ ടൊവിനോ തോമസ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂളിലും നടി മഞ്ജു വാര്യർ പുള്ള് എ.എൽ.പി സ്കൂളിലും വോട്ട് രേഖപ്പെടുത്തും. സംവിധായകരായ കമൽ കൊടുങ്ങല്ലൂർ മണ്ഡലത്തിലെ ചന്തപ്പുര ലിറ്റിൽ ഫ്ളവർ സ്കൂൾ, സത്യൻ അന്തിക്കാട് അന്തിക്കാട് ഗവ. എൽ.പി സ്കൂൾ, കലാമണ്ഡലം ഗോപി പേരാമംഗലം ശ്രീദുർഗാ വിലാസം സ്കൂൾ, ഗാനരചിതാവ് ബി.കെ.ഹരിനാരായണൻ കരിക്കാട് അൽ അമീൻ ഇംഗ്ലീഷ് സ്കൂൾ, വി.കെ.ശ്രീരാമൻ വടുതല യു.പി സ്കൂൾ എന്നിവിടങ്ങളിൽ വോട്ട് ചെയ്യും.
സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ്
തിരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും മറ്റുള്ളവരും അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണം.
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴിയോ മറ്റോ തെറ്റായ വിവരങ്ങൾ, വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ, വ്യക്തിഹത്യ പോസ്റ്റുകൾ എന്നിവ പ്രചരിപ്പിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. സാമൂഹിക മാധ്യമങ്ങൾ 24 മണിക്കൂറും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യനിരോധന ദിവസങ്ങളായി പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ മദ്യവിൽപ്പനയോ ഉപയോഗമോ പാടില്ല.
മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനകൾ പൊലീസ് നടത്തി വരുന്നുണ്ട്.
മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ പോളിംഗ് സ്റ്റേഷന് 100 മീറ്ററിനുള്ളിലും പഞ്ചായത്തിൽ പോളിംഗ് സ്റ്റേഷന് 200 മീറ്ററിനുള്ളിലും വോട്ട് അഭ്യർത്ഥിക്കുന്നതും അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതും കുറ്റകരമാണ്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനങ്ങളോ അനിഷ്ട സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, റൂറൽ ഇലക്ഷൻ കൺട്രോൾ റൂമിന്റെ 9497941898 എന്ന നമ്പറിൽ വിവരം അറിയിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |