ചെങ്ങന്നൂർ: ആലപ്പുഴ - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന മാവേലിക്കര - ചെങ്ങന്നൂർ - കോഴഞ്ചേരി സംസ്ഥാനപാതയിലെ ഗതാഗതക്കുരുക്കിന് വർഷങ്ങളായി കാരണമായ ആറാട്ടുപുഴയിലെ ഐക്കാട് പാലത്തിന്റെ പുനർനിർമാണം അഞ്ചു വർഷമായി അനുമതി ലഭിച്ചിട്ടും ആരംഭിച്ചിട്ടില്ല. 2020 നവംബറിൽ ഭരണാനുമതി ലഭിച്ച പദ്ധതിക്കായി ആദ്യം 3.90 കോടി രൂപയുടെ അടങ്കൽ നൽകിയിരുന്നുവെങ്കിലും പിന്നീട് ഇത് 4.46 കോടിയായി വർദ്ധിപ്പിച്ചു. എന്നാൽ ഇതുവരെ പൂർത്തിയായത് സർവേ നടപടികൾ മാത്രം.1917ൽ ബ്രിട്ടീഷുകാരാണ് ചെങ്ങന്നൂരിനെയും ആറന്മുളയെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട മാർഗമായി ഈ പാലം നിർമ്മിച്ചത്. ഇന്ന് പാലം കുപ്പിക്കഴുത്ത് പോലുള്ള വിസ്തീർണം കാരണം പ്രതിദിന ഗതാഗതത്തിന് വലിയ തടസമാണ്. തിരക്കേറിയ മണ്ഡലകാലത്ത് തീർത്ഥാടകരുടെ വാഹനങ്ങൾ അടുക്കുമ്പോൾ ഇവിടെ ഗതാഗതം താറുമാറാകുന്നതും പതിവാണ്. ഒരു വശത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് മറുവശത്ത് നിന്നുള്ളവ നിറുത്തി വഴിവിടണം, മഴക്കാലത്ത് ഇരുവശങ്ങളും കാടുംമൂടി, വീതി കുറയുകയും പാലത്തിന്റെ കോൺക്രീറ്റ് അടർന്നു തകർന്ന നിലയിലാകുകയും ചെയ്യുന്നുണ്ട്. കാൽ നട യാത്രക്കാർക്ക് നടന്നു പോകാനും പ്രയാസമാണ്.
ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അനുമതി ലഭിച്ചില്ല
പാലത്തിന്റെ പുതിയ രൂപരേഖയ്ക്ക് ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ അനുമതിയില്ലായ്മ തന്നെയാണ് പുനർനിർമ്മാണം നീളാൻ പ്രധാന കാരണം. 2018ലെ പ്രളയത്തെത്തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായ പ്രദേശങ്ങളിൽ നിർമ്മിക്കുന്ന പാലങ്ങൾക്ക് ‘ഫ്ലഡ് ലെവലിന്’ മുകളിൽ ഉയരം ഉറപ്പാക്കണമെന്നും അതനുസരിച്ചുള്ള രൂപരേഖയ്ക്കാണ് അനുമതി ലഭിക്കേണ്ടതെന്നും സർക്കാർ നിബന്ധനയുണ്ട്. ഐക്കാട് പാലം സ്ഥിതി ചെയ്യുന്ന പ്രദേശം 2018ലെ പ്രളയത്തിൽ ഗുരുതരമായി ബാധിച്ചതിനാൽ, പുതുപാലത്തിനായി അധിക ഉയരം നൽകുമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ പാലംവിഭാഗം വ്യക്തമാക്കുന്നു. ഇപ്പോഴത്തെ ഐക്കാട് പാലം അപകടാവസ്ഥയിലുള്ള പാലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതാണ്. പഴക്കം, പരിമിത വിസ്തീർണം, ദ്രവീകരണം എന്നിവ മൂലം ഏതുവേളയും അപകടസാദ്ധ്യത നിലനിൽക്കുന്നുണ്ട്.
..................................................
നിർദ്ദേശിച്ചിരിക്കുന്ന പുതിയ പാലം
ഒരു സ്പാൻ,27 മീറ്റർ നീളം,
10.50 മീറ്റർ കാര്യേജ് വേ,
ഇരുവശത്തും 1.50 മീറ്റർ വീതിയുള്ള നടപ്പാതകൾ,
ആകെ 14 മീറ്റർ വീതി.
.................................................
സംസ്ഥാനപാതയിലെ പ്രധാന ഗതാഗതമാർഗം തടസപ്പെടുത്തുന്ന ഈ പാലത്തിന്റെ പുനർനിർമാണം വൈകുന്നത് സാധാരണ യാത്രക്കാരെയും ശബരിമല തീർത്ഥാടകരെയും ദൈനംദിനം ബുദ്ധിമുട്ടിലാഴ്ത്തുകയാണ്. ഭരണാനുമതി ലഭിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും പണി ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. അടിയന്തരമായി പാലം നിർമ്മാണം ആരംഭിക്കണം.
(പ്രദേശവാസികൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |