ആലപ്പുഴ: മണ്ണഞ്ചേരി പഞ്ചായത്തിൽ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലെ റീപോളിംഗ് ഇന്ന് നടക്കും. ഇവിടെ വോട്ടെടുപ്പിനായി പുതിയ ഉദ്യോഗസ്ഥരെ നിയമിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് അമ്പലക്കടവ് വാർഡ്, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മണ്ണഞ്ചേരി ഡിവിഷൻ, ജില്ലാ പഞ്ചായത്ത്ആര്യാട് ഡിവിഷൻ എന്നിവിടങ്ങളിലേക്കാണ് റീപോളിംഗ്.
ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ബി.എസ്.പി സ്ഥാനാർത്ഥിയായ ശൈലജ എസ്. പൂഞ്ഞിലിയുടെ പേരിന് നേരെയുള്ള ബട്ടൺ പ്രവർത്തിക്കാതിരുന്നതിനെ തുടർന്നാണ് റീപോളിംഗ് നടത്തുന്നത്. ഈ ബട്ടൻ വോട്ട് ചെയ്യാൻ സാധിക്കുന്ന തരത്തിൽ അൺമാസ്ക് ചെയ്തിരുന്നില്ല. 1077 ലോട്ടുകളിൽ 621എണ്ണം ചെയ്ത ശേഷമാണ് പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയോടെ വോട്ടർമാരാണ് ഇക്കാര്യം സ്ഥാനാർത്ഥിയെ അറിയിച്ചത്. ചൂണ്ടുവിരലിൽ പുരട്ടിയ മഷികൊണ്ടുള്ള അടയാളം ഇപ്പോഴും ഉള്ളത് പരിഗണിച്ച് വോട്ടർമാരുടെ ഇടതു കൈയിലെ നടുവിരലിൽ മഷി കൊണ്ട് അടയാളം രേഖപ്പെടുത്തും. റീപോളിംഗിനാവശ്യമായ രണ്ട് സെറ്റ് ഇല്‌ക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് കലവൂർ സ്കൂളിൽ നടന്നു.
റീ പോളിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി കളക്ടർ അലക്സ് വർഗീസ് കളക്ടറുടെ ചേംബറിൽ യോഗം ചേർന്നു. റീപോളിംഗിനിടയായ സാഹചര്യവും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശങ്ങളും കളക്ടർ വിശദീകരിച്ചു. യോഗത്തിൽ ജനറൽ നിരീക്ഷക കെ. ഹിമ, ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിജു, തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
മണ്ണഞ്ചേരി ഹൈസ്കൂളിന് ഇന്ന് അവധി
റീപോളിംഗ് നടക്കുന്നതിനാൽ ഇന്ന് മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് ജില്ലാ കളക്ടർ അലക്സ് വർഗീസ് അവധി പ്രഖ്യാപിച്ചു.
ഈ പോളിംഗ് ബൂത്തിലെ വോട്ടർമാരായ എല്ലാ ഉദ്യോഗസ്ഥർക്കും ബന്ധപ്പെട്ട സ്ഥാപന മേധാവികൾ അവധി നൽകേണമെന്ന് കളക്ടർ നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |