ശബരിമല: ശബരിമല തീർത്ഥാടകർക്ക് കുടിവെള്ളവും ലഘുഭക്ഷണവും ഉറപ്പാക്കി, സമഗ്രവും സമാനതകളില്ലാത്തതുമായ സേവന ശൃംഖലയുമായി ചുക്കുവെള്ള/ബിസ്‌ക്കറ്റ് വിതരണ സംവിധാനം ശ്രദ്ധേയമാകുന്നു. നീലിമല മുതൽ ഉരക്കുഴി വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും ഈ സേവനം 24 മണിക്കൂറും തടസ്സമില്ലാതെ ലഭ്യമാക്കിയിട്ടുണ്ട്.
തീർത്ഥാടകർക്ക് ഉന്മേഷം പകരുന്ന ചുക്കുവെള്ളത്തിന്റെ വിതരണത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശരംകുത്തിയിൽ ഉയർന്ന ശേഷിയുള്ള രണ്ട് അത്യാധുനിക 5,000 ലിറ്റർ ബോയ്‌ലർ യൂണിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നു.
നീലിമല മുതൽ ഉരക്കുഴി വരെയുള്ള പ്രധാന ഇടങ്ങളിലെല്ലാം തീർത്ഥാടകർക്കായി സേവനങ്ങൾ ലഭ്യമാണ്. 20 ചുക്കുവെള്ള വിതരണ കൗണ്ടറുകളും 27 കിയോസ്‌ക്കുകളും പ്രവർത്തന സജ്ജമാണ്. ചുക്കുവെള്ളം, ബിസ്‌ക്കറ്റ് എന്നിവയുടെ വിതരണത്തിനായി 500-ഓളം ജീവനക്കാർ 24 മണിക്കൂറും മൂന്ന് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്നുണ്ട്.
നടപ്പന്തലിലെ തിരക്ക് പരിഗണിച്ച് ഇവിടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സേവനം നൽകുന്നത്. നടപ്പന്തലിലെ ഉയർന്ന ആവശ്യം നിറവേറ്റുന്നതിനായി അഞ്ച് ട്രോളികളും ഏകദേശം 120 തൊഴിലാളികളെയും മൂന്ന് ഷിഫ്റ്റുകളിലായി വിന്യസിച്ചിരിക്കുന്നു.
ചുക്കുവെള്ളത്തോടൊപ്പം ബിസ്‌ക്കറ്റുകളും പ്രധാന കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്. ശബരിപീഠം, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തൽ, പാണ്ടിത്താവളം എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലാണ് ബിസ്‌ക്കറ്റ് വിതരണം നടക്കുന്നത്. ഇതുവരെ 1.6 കോടിയിലേറെ ബിസ്‌ക്കറ്റുകളാണ് തീർത്ഥാടകർക്ക് വിതരണം ചെയ്തത്. തീർത്ഥാടകർക്ക് യാത്രയിലുടനീളം സമയബന്ധിതമായി കുടിവെള്ളത്തോടൊപ്പം ലഘുഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഈ വിപുലമായ സംവിധാനം ഉറപ്പാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |