
ശബരിമല : റോപ് വേയ്ക്ക് അന്തിമ അനുമതി നൽകുന്നതിന് മുന്നോടിയായി കേന്ദ്ര വന്യജീവി ബോർഡിന്റെ നിർദ്ദേശ പ്രകാരം ശബരിമലയിൽ ഡ്രോൺ സർവെ പൂർത്തിയാക്കി. പമ്പ ത്രിവേണി മുതൽ മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം വരെയാണ് സർവെ നടത്തിയത്. റോപ് വേ കടന്നു പോകുന്ന ഭാഗത്തെ മരങ്ങളുടെ ഉയരം കൃത്യമായി രേഖപ്പെടുത്തിയ സർവെ റിപ്പോർട്ട് കേന്ദ്ര വന്യജീവി ബോർഡിന് കൈമാറും.
അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ ഡ്രോൺ പറത്തുന്നതിന് സുരക്ഷാ കാരണങ്ങളാൽ വിലക്കുണ്ട്. ഇതേ തുടർന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയുടെ അനുമതി വാങ്ങി രണ്ടു ദിവസങ്ങളിലായാണ് സർവെ നടപടികൾ പൂർത്തിയാക്കിയത്.
പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനുമായി 2011ലാണ് റോപ് വേ പദ്ധതിക്ക് തുടക്കം കുറിച്ചത്. ബി.ഒ.ടി അടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിച്ച പദ്ധതി പലവിധ കാരണങ്ങളാൽ നീണ്ടുപോകുകയായിരുന്നു. ഡ്രോൺ സർവെ പൂർത്തികരിച്ചതോടെ പദ്ധതിക്കായി എറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിൽ കണ്ടെത്തിയ 4.5336 ഹെക്ടർ റവന്യു ഭൂമി വനംവകുപ്പിന് കൈമാറുന്നതിനുള്ള നടപടി ക്രമങ്ങളും പൂർത്തിയാക്കി. വന്യജീവി വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഭൂമി കൈമാറ്റം നടക്കും. ഇതോടെ സ്‌റ്റേജ് രണ്ട് പ്രവൃത്തികളും പൂർത്തിയാക്കി റോപ് വേയുടെ നിർമ്മാണം ആരംഭിക്കും.
ശബരിമല റോപ് വേ
പമ്പ ഹിൽ ടോപ്പിൽ നിന്ന് മാളികപ്പുറം പൊലീസ് ബാരക്കിന് സമീപംവരെ
2.7 കിലോമീറ്റർ നീളത്തിൽ 5 ടവറുകളിലായാണ് റോപ് വേ കടന്നു പോകുന്നത്.
150 മുതൽ 180 കോടി രൂപ വരെ ചെലവഴിച്ചാണ് നിർമ്മാണം. ഒരു സെക്കന്റിൽ മൂന്ന് മൂറ്റർ ദൂരം സഞ്ചരിക്കുന്ന കേബിളിൽ കൂടി ഒരേസമയം 60 ക്യാബിനുകൾ നീങ്ങും. ഒരു ക്യാബിനിൽ 500 കിലോവരെ ഭാരം കയറ്റാം.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശബരിമലയിലെ ട്രാക്ടർ സർവീസും ഡോളി സർവീസും നിറുത്തലാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |