
തിരുവല്ല : വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. കടപ്ര പഞ്ചായത്തിലെ വളഞ്ഞവട്ടം കടുവെട്ടിൽ എം.ജി.സുരേഷിന്റെ വീട്ടിൽ വളർത്തുന്ന പോത്താണ് കയർ പൊട്ടിച്ച് വിരണ്ടോടിയത്. ഇന്നലെ രാവിലെ എട്ടിനാണ് സംഭവം. പോത്തിനെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, അച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി, വിജയൻ, ദാസപ്പൻ എന്നിവർക്ക് പരിക്കേറ്റത്. വിവരമറിഞ്ഞ് രക്ഷാ പ്രവർത്തനത്തിനെത്തിയ തിരുവല്ല ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വർഗീസ് ഫിലിപ്പിനും ആക്രമണത്തിൽ പരിക്കേറ്റു. പോത്ത് ഓടുന്ന വഴി കണ്ണിൽ കണ്ടവരെയെല്ലാം കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ വർഗീസ് ഫിലിപ്പിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ പരുമലയിലെയും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പുളിക്കീഴ് പൊലീസും ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും സ്ഥലത്തെത്തി.
അഞ്ചു മണിക്കൂറിലേറെ നാടിനെ പരിഭ്രാന്തിയിലാക്കിയ പോത്തിനെ മയക്കുവെടി വയ്ക്കാൻ അധികൃതർ നീക്കം തുടങ്ങി. ഇതിനിടെ ഒരുമണിയോടെ ചതുപ്പിലേക്ക് ചാടിയ പോത്തിനെ ആളുകൾ പിന്തുടർന്നു പിടികൂടി തളയ്ക്കുകയായിരുന്നു. കഴുത്തിൽ കെട്ടിയിരുന്ന കയർ സമീപത്തെ മരത്തിൽ കെട്ടി പോത്തിനെ ശാന്തനാക്കി നിർത്തി. പിന്നീട് വലിയ വടം ഉപയോഗിച്ച് അഗ്നി രക്ഷാസേനയുടെയും പൊലീസിന്റെയും ഉടമയുടെയും നേതൃത്വത്തിൽ കാലുകൾ ബന്ധിപ്പിച്ച് പോത്തിനെ തളയ്ക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശംഭു നമ്പൂതിരി, ഉദ്യോഗസ്ഥരായ ബിനു ആർ.എസ് , സൂരജ് മുരളി, ദിനരാജ് ഡി, സുധീഷ് പി.എസ്, നന്ദു മനോജ്, സുധീഷ് പി.എസ്, ആകാശ് തോമസ്, ഹോം ഗാർഡുമാരായ സൂരജ്, ഷാജി കെ.പി എന്നിവർ പോത്തിനെ പിടികൂടാൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |