ആലപ്പുഴ: ജില്ലയിലെ പോളിംഗ് ശതമാനത്തിൽ നേരിയ കുറവുണ്ടായെങ്കിലും വലിയ വിജയ പ്രതീക്ഷയിലാണ് മുന്നണികൾ. ഫലം 13ന് പുറത്തുവരുമ്പോൾ പ്രതീക്ഷിച്ചതിലും വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് നേതാക്കളുടെ അവകാശവാദം. കഴിഞ്ഞ തവണത്തെക്കാൾ വിജയസാദ്ധ്യത കൂടുതലാണെന്നും
അവർ വിലയിരുത്തുന്നു. തങ്ങളുടേതായ വോട്ടുകൾ എല്ലായിടത്തും പോൾ ചെയ്തതായും കരുതുന്നു.
ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് വലിയ വിജയമുണ്ടാകുമെന്നും നഗരസഭയിൽ 27 സീറ്റ് ഉറപ്പായും ലഭിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് പ്രതീക്ഷിക്കുന്നു. ഭൂരിഭാഗം പഞ്ചായത്തുകളും യു.ഡി.എഫിനൊപ്പം നിൽക്കുമെന്നും അനുകൂല രാഷ്ട്രീയ സാഹചര്യമാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും അധികം സീറ്റ് എൽ.ഡി.എഫിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം ജില്ലാസെക്രട്ടറി ആർ.നാസർ. പോളിംഗ് കുറഞ്ഞെങ്കിലും ബി.ജെ.പി വലിയ മുന്നേറ്രം സൃഷ്ടിക്കുമെന്ന് ബി.ജ.പി നോർത്ത് ജില്ലാ സെക്രട്ടറി പി.കെ. ബിനോയ് പറഞ്ഞു.
വോട്ടിംഗ് : 73.80%
ജില്ലയിലെ പോളിംഗ് നില
ആകെ വോട്ടർമാർ: 1802555
പോൾ ചെയ്തത്:1330348
പുരുഷ വോട്ടർമാർ: 841567
പോൾ ചെയ്തത്: 626583
സ്ത്രീ വോട്ടർമാർ: 856321
പോൾ ചെയ്തത്: 588477
ട്രാൻസ്ജെൻഡർമാർ: 12
പോൾ ചെയ്തത്: 4
ജില്ലയിൽ യു.ഡി.എഫ് വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കും. ചില സ്ഥലങ്ങളിൽ മാത്രമാണ് ചെറിയ ബുദ്ധിമുട്ടുള്ളത്
- അഡ്വ. ബി. ബാബുപ്രസാദ്, ഡി.സി.സി പ്രസിഡന്റ്
പോളിംഗ് കുറഞ്ഞെങ്കിലും എൽ.ഡി.എഫിന് അനുകൂലമായ എല്ലാ വോട്ടുകളും പോൾ ചെയ്തിട്ടുണ്ട്. വൻ വിജയമുണ്ടാകും
- ആർ. നാസർ സി.പി.എം ജില്ലാ സെക്രട്ടറി
ബി.ജെ.പിക്ക് വലിയ മുന്നേറ്റമുണ്ടാകും. പല പഞ്ചായത്തുകളിലും
ഭരണം പിടിച്ചെടുക്കും.
-പി.കെ. ബിനോയ്, ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |