വെമ്പായം: പള്ളികളിലും വീടുകളിലും സ്ഥാപനങ്ങളിലും നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയതോടെ, ക്രിസ്മസ് കാലത്തിന് ഒരുങ്ങുകയാണ് നാട്.ഓണത്തിനുശേഷം മയക്കത്തിലായിരുന്ന വിപണികളിൽ വീണ്ടും തിരക്കേറി.വിവിധ വർണത്തിലും ഡിസൈനിലുമുള്ള നക്ഷത്രങ്ങൾ വിപണി കീഴടക്കി.
വീടുകളിൽ രാത്രിയണയാതെ കിടക്കുന്ന നക്ഷത്രങ്ങൾ ക്രിസ്മസ് വിളംബരമായി കാണാം. നക്ഷത്ര അലങ്കാരങ്ങൾക്കായി പ്രത്യേക വിപണന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.പത്ത് രൂപയുടെ കുഞ്ഞൻ നക്ഷത്രങ്ങൾ വരെയുണ്ട്.പഴയകാല പേപ്പർ നക്ഷത്രങ്ങളും ട്രെൻഡിംഗായുണ്ട്. ഇതിൽ വാൽ നീണ്ട നക്ഷത്രങ്ങൾക്ക് ആവശ്യക്കാരേറെയുണ്ട്. ചെറുകിട സംരംഭകരും നക്ഷത്ര വില്പന തുടങ്ങി.കയർ കൊണ്ട് നിർമ്മിച്ചിട്ടുള്ള നക്ഷത്രങ്ങൾ വിപണിയിലെ ന്യൂജെനാണ്.
സ്വർണ നിറത്തിൽ തെളിയുന്ന കയർ നക്ഷത്രങ്ങൾക്കും ആവശ്യക്കാരുണ്ട്.
കണ്ണഞ്ചിപ്പിക്കും എൽ.ഇ.ഡി സ്റ്റാർ
പേപ്പറോ പ്ലാസ്റ്റിക്കോ ഏത് നക്ഷത്രമായാലും ഒപ്പം ഒരു എൽ.ഇ.ഡി നക്ഷത്രം കൂടെ വാങ്ങി മടങ്ങുന്നവരാണ് ഏറെയും. മറ്റ് നക്ഷത്രങ്ങൾ നശിച്ച് പോയാലും എൽ.ഇ.ഡി അത്ര പെട്ടെന്ന് നശിക്കില്ലെന്നതാണ് കാരണം. വിവിധ നിറത്തിലുള്ള എൽ.ഇ.ഡി നക്ഷത്രങ്ങൾ വിപണിയിലുണ്ട്. 200 രൂപ മുതൽ 1000 രൂപ വരെയുള്ള നക്ഷത്രങ്ങളുണ്ട്. വിവിധ വർണത്തിൽ മിന്നിത്തെളിയുന്ന ബൾബുകൾക്കും ആവശ്യക്കാരേറെയാണ്.പുൽക്കൂടുകളും ക്രിസ്മസ് ട്രീകളും വരും ദിവസങ്ങളിലാകും കൂടുതൽ ചിലവാകുന്നത്. സ്നോ ട്രീയാണ് ഇത്തവണത്തെ ട്രെൻഡെന്ന് വ്യാപാരികൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |