
കുന്നത്തുകാൽ: അമരവിള കാരക്കോണം റോഡിൽ യാത്ര ചെയ്യാനാകാതെ നാട്ടുകാർ. ഒന്നര വർഷം മുൻപ് ആരംഭിച്ച റോഡിന്റെ ഹൈടെക് നിർമ്മാണം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. നിലവിൽ ഒന്നാംഘട്ട ട്ടാറിംഗ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണെങ്കിലും അമരവിള താന്നിമൂട്, നെടിയാംകോട്, കുന്നത്തുകാൽ ജംഗ്ഷൻ, കൂനൻപന ജംഗ്ഷൻ,കാരക്കോണം ജംഗ്ഷൻ എന്നീ അഞ്ചിടങ്ങളിലായി ഏകദേശം ഒരു കിലോമീറ്റർ ദൂരം ഒന്നാംഘട്ട ടാറിംഗ് നടന്നിട്ടില്ല. ഇവിടങ്ങളിൽ 6 മാസങ്ങൾക്ക് മുൻപ് നിരത്തിയിട്ട കരിങ്കൽ കഷണങ്ങൾ നൂറുകണക്കിനാളുകൾക്ക് അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്.
10 ദിവസം മുൻപ് മെറ്റലും പാറപ്പൊടിയും ഉപയോഗിച്ച് നിരത്തിയ ടാർ ബേസിൽ നിന്നും ഉയരുന്ന പൊടിപടലങ്ങൾ കാരണം വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനോ യാത്രചെയ്യാനോ കഴിയാത്ത അവസ്ഥയിലാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഓട നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ മഴയത്ത് റോഡിലാകെ വെള്ളക്കെട്ട് രൂപപ്പെടും. പലയിടങ്ങളിലായി കലുങ്കുകൾ പുനർനിർമ്മിച്ചെങ്കിലും ഓടകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
റോഡ് നിർമ്മാണം ആരംഭിച്ചത്......2023 ഒക്ടോബർ
തുക....33.61കോടിരൂപ
കുന്നത്തുകാൽ
ജംഗ്ഷൻ നവീകരിക്കാതെ
മലയോര ഹൈവേയെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ 2023 ഒക്ടോബറിലാണ് ആരംഭിച്ചത്. കിഫ്‌ബിയുടെ ധനസഹായത്തോടെ 33.61കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിർമ്മിക്കുന്നത്. 12മീറ്റർ വീതിയിൽ പണിയുന്ന ഈ റോഡിൽ 9മീറ്റർ വീതിയിലാണ് ബി.എം.സി ടാറിംഗ് നടത്തുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഓടകളുടെയും കലുങ്കുകളുടെയും നിർമ്മാണവും കവല നവീകരണവും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും കുന്നത്തുകാൽ ജംഗ്ഷൻ നവീകരിക്കുന്നതിൽ അധികൃതർ പരാജയത്തിലാണ്.
അപകടകാരികളായി
വൈദ്യുത തൂണുകൾ
റോഡിന്റെ ടാറിംഗ് നടന്ന ഭാഗങ്ങളിൽ റോഡിനുള്ളിൽപ്പെട്ടുനിൽക്കുന്ന വൈദ്യുത തൂണുകൾ നീക്കം ചെയ്യാതെ, അപകടങ്ങൾ പെരുകുന്നതിൽ പ്രതിഷേധം ശക്തമാകുന്നുണ്ട്. വൈദ്യുത തൂണുകൾ മാറ്റുന്നതിലേക്കായി മാസങ്ങൾക്കു മുൻപ് ഒന്നരക്കോടി രൂപ കെ.ആർ.എഫ്.ബിക്ക് കൈമാറിയിരുന്നു.
എന്നാൽ കെ.ആർ.എസ്.ബിയിലെ ഉദ്യോഗസ്ഥ ഈ തുക ഉൾപ്പെടെ നാലരക്കൊടി രൂപയുടെ ക്രമക്കേട് നടത്തിയത് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നുള്ള നടപടികൾ കോടതി വ്യവഹാരത്തിൽപ്പെട്ടതോടെയാണ് പണികൾ വൈകാൻ ഇടയാക്കിയതെന്നാണ് അധികൃതരുടെ ഭാഷ്യം.
ഓട നിർമ്മാണം പാതിവഴിയിൽ
മെയ്പുരത്തിന് സമീപം വൈദ്യുത ട്രാൻസ്ഫോമർ സ്ഥാപിക്കാത്തതിനാൽ അവിടത്തെ ഓട നിർമ്മാണവും പാതിവഴിയിലാണ്. മഴയത്ത് വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. ശേഷിക്കുന്ന ഭാഗങ്ങളിലെ ടാറിംഗ് അടിയന്തരമായി നടത്തിയില്ലെങ്കിൽ കുന്നത്തുകാലിലും കാരക്കോണത്തും റോഡ് ഉപരോധം ഏർപ്പെടുത്താനാണ് നാട്ടുകാരുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |