
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയവികാരമാണ് പ്രതിഫലിക്കുന്നത്. ആത്മവിശ്വാസത്തോടെ പ്രചാരണത്തിനിറങ്ങിയ എൽഡിഎഫിന്റെ എല്ലാ പ്രതീക്ഷകളും തെറ്റുന്ന തരത്തിലുള്ള ഫലങ്ങളാണ് പുറത്തുവന്നത്. തിരുവനന്തപുരത്തുൾപ്പെടെ എൽഡിഎഫിന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ടാണ് എൻഡിഎ നഗരസഭ പിടിച്ചടക്കിയത്. കേരളത്തിലെ ആറ് നഗരസഭകളിൽ ഒരേയൊരിടത്തായിരുന്നു 2020ൽ യുഡിഎഫിന് ഭരണം നേടാനായിരുന്നത്. കണ്ണൂരിൽ ഇത്തവണയും ഭരണം ഉറപ്പിക്കുന്ന തരത്തിലുള്ള ഫലങ്ങളാണ് പുറത്തുവന്നുക്കൊണ്ടിരിക്കുന്നത്.
യുഡിഎഫ് ശക്തമായ ആധിപത്യം സൂക്ഷിച്ച പഴയ കണ്ണൂർ നഗരസഭയുടെ വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനുകളിലായിരുന്നു ഇത്തവണ അതിശക്തമായ പോരാട്ടം നടന്നത്. വിമതഭീഷണി മുതൽ വെൽഫെയർ പാർട്ടിയുടെ സാന്നിദ്ധ്യം വരെയായി ഓരോ ഡിവിഷനിലും മത്സരങ്ങളെ തീർത്തും പ്രവചനാതീതമാക്കിയിരുന്നു. കഴിഞ്ഞ തവണ യുഡിഎഫ് അധികാരത്തിൽ വന്നിട്ടും പലയിടങ്ങളിലും എൽഡിഎഫ് ആധിപത്യത്തിൽ തുടർന്നിരുന്നു. എന്നാൽ ഇത്തവണ ആ വികാരവും മാറുകയായിരുന്നു.
സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വാർഡിൽ യുഡിഎഫ് മിന്നും വിജയം കൈവരിച്ചത് ഒരു ഉദാഹരണമാണ്. ഒമ്പതാം വാർഡ് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പി അഷ്‌റഫാണ് വിജയിച്ചത്. 50 വർഷമായി എൽഡിഎഫ് കുത്തകയായിരുന്ന വാർഡിലാണ് യുഡിഎഫ് മുന്നേറുന്നത്. കണ്ണൂർ കോർപറേഷൻ വാരം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ പി താഹിർ ലീഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. കണ്ണൂര് പയ്യാമ്പലം ഡിവിഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി ഇന്ദിര ജയിച്ചു.
യുഡിഎഫ് കഴിഞ്ഞ തവണ 488 വോട്ട് ഭൂരിപക്ഷം നേടിയ പടന്ന ഡിവിഷനിൽ ഇത്തവണ ചതുഷ്‌കോണ പോരാട്ടമായിരുന്നു നടന്നത്. നിലവിലെ സ്ഥിരം സമിതി അദ്ധ്യക്ഷയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഷമീമ ടീച്ചർ 1642 വോട്ടുകൾക്ക് വിജയിച്ചു. എൽഡിഎഫിന്റെ റീത്ത ഫർണാണ്ടസിന് 776 വോട്ടുകളോടെ രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചിട്ടുള്ളൂ. ബിജെപിക്കായി കളത്തിലിറങ്ങിയ കൃഷ്ണപ്രഭയും എസ്ഡിപിഐ സ്ഥാനാർത്ഥിയായ ആയിഷ റുമാനയും ചിത്രത്തിലേ ഉണ്ടായിരുന്നില്ല.
യുഡിഎഫിന്റെ പ്രധാന ശക്തികേന്ദ്രങ്ങളിലൊന്നായ വെത്തിലപള്ളി ഡിവിഷനിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥി 369 വോട്ടിനാണ് വിജയിച്ചത്. എന്നാൽ ഇത്തവണ അതിന് പതിൻമടങ്ങായാണ് മുഹമ്മദ് ഷിബിൽ കെ കെ 1589 വോട്ടുകൾ നേടി യുഡിഎഫിന് തുടർഭരണം ഉറപ്പിച്ചത്. സിപിഐഎമ്മിന്റെ കെ ഷഹറാസ് 1006 വോട്ടുകളുമായി പിന്നിലെത്തിയെങ്കിലും പ്രതീക്ഷ വീണടിയുകയായിരുന്നു. ഇവിടെ ത്രികോണമത്സരം പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ തവണ മേയർ മുസ്ലീഹ് മഠത്തിൽ 319 വോട്ടിന് വിജയിച്ച നീർച്ചാൽ ഡിവിഷനിൽ ഇത്തവണ അഞ്ച് സ്ഥാനാർത്ഥികളാണ് പോരിനിറങ്ങിയത്. എന്നാൽ യുഡിഎഫിന്റെ സി നിസാമി 1525 വോട്ടുകളുടെ വലിയ നേട്ടം ഉറപ്പിക്കുകയായിരുന്നു.
അറക്കലിൽ യുഡിഎഫിന് തിരിച്ചടി
മുസ്ലിം ലീഗ് കോട്ടയായ അറക്കൽ ഡിവിഷനിൽ ഏഴ് സ്ഥാനാർത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കാൻ ഇറങ്ങിയത്. നിലവിലെ ആയിക്കര ഡിവിഷൻ കൗൺസിലറും യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ എം സാബിറ ടീച്ചർക്ക് പ്രതീക്ഷിച്ച വിജയം കൈപിടിയിലൊതുക്കാനായില്ല. ഇവിടെ എസ്ഡിപിഐയുടെ സമീറ കെ ആണ് 1643 വോട്ടുകളുടെ കുതിപ്പോടെ വിജയിച്ചത്. കഴിഞ്ഞ തവണ സമീറയ്ക്ക് 1,293 വോട്ടുകൾ മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ. കഴിഞ്ഞ തവണ 573 വോട്ട് ഭൂരിപക്ഷത്തിൽ യുഡിഎഫ് ജയിച്ച ഡിവിഷനിൽ അസീമ റാസിഖാനായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി.
താണയിൽ വെൽഫെയർ പാർട്ടിയുടെ ഐഡിയ ഫലം കണ്ടില്ല
താണ ഡിവിഷനിൽ കഴിഞ്ഞ തവണ യുഡിഎഫ് 234 വോട്ടിനാണ് വിജയം ഉറപ്പിച്ചതെങ്കിലും ഇത്തവണ റിഷാം താണ 1245 വോട്ടുകൾ ഒറ്റയടിക്ക് നേടിയാണ് വിജയം ആവർത്തിച്ചത്. എൽഡിഎഫിന്റെ ഷാനവാസോ ബിജെപിയുടെ രതീഷോ വെൽഫെയർ പാർട്ടിയുടെ സി ഇംതിയാസോ നാലക്കം കടന്നിരുന്നില്ല. നഗരസഭയിൽ താണയിൽ മാത്രമാണ് വെൽഫെയർ പാർട്ടി മത്സരിച്ചത്. അതേസമയം,കഴിഞ്ഞ തവണ 124 വോട്ട് ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിച്ച ചൊവ്വ ഡിവിഷനിൽ ഇത്തവണയും 929 വോട്ടുകളോടെ എ പി അനിൽകുമാറാണ് വിജയം തുടർന്നത്. യുഡിഎഫിന്റെ ഗിരീശൻ നാമത്തിന് വെറും 593 വോട്ടുകളാണ് ലഭിച്ചത്.
56 വാർഡുകളിൽ നാലിടത്ത് എൻഡിഎ
കഴിഞ്ഞതവണ കണ്ണൂരിൽ യുഡിഎഫും എൽഡിഎഫും തമ്മിലുള്ള പോരാട്ടമാണ് നടന്നതെങ്കിൽ ഇത്തവണ നാലിടത്ത് എൻഡിഎ നിലയിറുപ്പിച്ചിട്ടുണ്ട്. ഇത് തുടർന്നുള്ള തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ ആശ്വാസം പകരുന്ന തരത്തിലാണ്. കൊക്കൻപ്പാറ, പള്ളിക്കുന്ന്,തുളിച്ചേരി, ടെമ്പിൾ എന്നീ വാർഡുകളിലാണ് എൻഡിഎ വിജയിച്ചത്.
കോൺഗ്രസ് നിലയുറപ്പിച്ചത്
രാഷ്ട്രീയ വിവാദങ്ങളും പ്രതിസന്ധികളും കണ്ണൂരിലെ കോൺഗ്രസിനെ ബാധിച്ചില്ലെന്നാണ് ഫലങ്ങൾ പുറത്തുവരുമ്പോൾ മനസിലാകുന്നത്. എന്നാൽ ശബരിമലയിലെ സ്വർണക്കൊള്ളയും സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളിലെ വായ്‌പ തിരിമറിയും ജനങ്ങളിൽ രാഷ്ട്രീയവിരുദ്ധവികാരം സൃഷ്ടിച്ചതായാണ് കരുതുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |