
കൊല്ലം: കൊല്ലം കോർപ്പറേഷൻ രൂപീകൃതമായി 25 വർഷം പിന്നിട്ടപ്പോൾ നടന്ന തദ്ദേശ തിരഞ്ഞെടുപ്പ്. ഇടതുപക്ഷം എന്നും ഭദ്രമെന്ന കരുതിയ കോട്ടവാതിൽ യുഡിഎഫ് ഇടിച്ചു തകർത്തിരിക്കുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 27 സീറ്റിൽ യുഡിഎഫ് വിജയക്കുതിപ്പ് തുടരുന്നു. അടുത്തകാലത്തൊന്നും ഇത്ര വലിയ മുന്നേറ്റം യുഡിഎഫ് കൊല്ലത്ത് നടത്തിയിട്ടില്ല. മേയറും മുൻ മേയറും അടക്കം വീഴ്ചയിലേക്ക് കൂപ്പുകുത്തിയതോടെ തോൽവി എൽഡിഎഫിൽ വലിയ അങ്കലാപ്പാണ് സൃഷ്ടിക്കുക. ശക്തമായ ത്രികോണ പോരാട്ടം നടന്ന കൊല്ലത്ത് എൽഡിഎഫിന് തിരിച്ചടിയായ ഘടകങ്ങൾ എന്തൊക്കെയാണ്? പരിശോധിക്കാം..
പിറവിയെടുത്ത കാലം മുതൽ എൽഡിഎഫ്
2000ൽ പിറവിയെടുത്ത കൊല്ലം കോർപ്പറേഷനിൽ ഭരണം എപ്പോഴും കൈപ്പിടിയിലൊതുക്കിയ ചരിത്രമായിരുന്നു എൽഡിഎഫിന്. മുനിസിപ്പൽ നഗരമായിരുന്ന കൊല്ലം 2000 ൽ കോർപ്പറേഷൻ നഗരമായപ്പോൾ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും 23 സീറ്റുകൾ വീതം ലഭിച്ചിരുന്നു. വിമതരായി മത്സരിച്ച് ജയിച്ച 2 കോൺഗ്രസുകാരെ ഒപ്പം കൂട്ടിയാണ് ഇടതുമുന്നണി ഭരണം പിടിച്ചെടുത്തത്. അതിനു ശേഷം ഇന്നുവരെ ഇടതുമുന്നണിയുടെ ഭരണമാണ് തുടരുന്നത്.
മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്തവണ ഒരേസമയം യുഡിഎഫിനെയും ബിജെപിയെയും നേരിട്ടതാണ് എൽഡിഎഫിന്റെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. കാൽ നൂറ്റാണ്ടായി തുടരുന്ന ഇടത് ഭരണത്തിനെതിരായ ഭരണവിരുദ്ധ വികാരം ജനങ്ങളിൽ ശക്തമാണ്. അത് മുതലെടുക്കാൻ യുഡിഎഫിന് സാധിച്ചെന്ന് ഈ തിരഞ്ഞെടുപ്പിലെ ഫലങ്ങളിൽ നിന്നും മനസിലാക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 55 അംഗ കോർപ്പറേഷൻ കൗൺസിലിൽ പത്ത് പേർ മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത്തവണ നില മെച്ചപ്പെടുത്തി 27ലേക്ക് എത്തി. ആറ് അംഗങ്ങൾ ഉണ്ടായിരുന്ന ബിജെപിയാകട്ടെ 13ലേക്ക് ഉയർത്തി.
യുഡിഎഫിന്റെ ആക്ഷൻ പ്ലാൻ
ഇത്തവണ 25 സീറ്റെങ്കിലും നേടുകയെന്ന ആക്ഷൻ പ്ളാനോട് കൂടിയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിലേക്ക് കടന്നത്. ആർഎസ്പി നേതാവും കൊല്ലം എംപിയുമായ എൻകെ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങളാണ് യുഡിഎഫ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കാൽ നൂറ്റാണ്ടായി കൊല്ലം കോർപ്പറേഷൻ ഭരിക്കുന്ന ഇടതു മുന്നണിയുടെ അഴിമതിയും വികസന മുരടിപ്പും അക്കമിട്ട് നിരത്തി തയ്യാറാക്കുന്ന 'കുറ്റവിചാരണ യാത്ര'യുടെ നേതൃത്വം പ്രേമചന്ദ്രനായിരുന്നു.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്ത കുറ്റവിചാരണ യാത്ര തിരഞ്ഞെടുപ്പിൽ നിർണായക ഘടമായെന്ന് വേണം മനസിലാക്കാൻ. കോർപ്പറേഷനിലെ ഭരണവീഴ്ചകൾ അക്കമിട്ട് നിരത്തുന്ന ലഘുലേഖകളുമായി കോൺഗ്രസ്, യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തിയത് തിരഞ്ഞെടുപ്പിൽ നേട്ടമായി. 56 ഡിവിഷനുകളിൽ 38 ൽ കോൺഗ്രസ് സ്ഥാനാർത്ഥികളും 11 സീറ്റിൽ ആർഎസ്പിയും 5 ഇടത്ത് മുസ്ലിംലീഗും ഓരോ സീറ്റിൽ വീതം കേരള കോൺഗ്രസും (ജേക്കബ്) ഫോർവേഡ് ബ്‌ളോക്കും മത്സരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |