
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനല്‍ പോരാട്ടമെന്നും ഡ്രസ് റിഹേഴ്സലെന്നും വിശേഷിപ്പിക്കാറുണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ കാറ്റ് വലത്തേക്ക് ചായുന്നതാണ് കാണാനായത്. ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വ്യത്യമസമില്ലാതെ യുഡിഎഫ് തരംഗമാണ് കേരളത്തില്‍ ആഞ്ഞടിച്ചത്. രാഷ്ട്രീയ പോരാട്ടം നടക്കുന്നുവെന്ന വിശേഷണമുള്ള ജില്ലാ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം എത്താനായത് മാത്രമാണ് സിപിഎമ്മിന് ആശ്വാസം നല്‍കുന്നത്.
500ന് അടുത്ത് ഗ്രാമപഞ്ചായത്തുകളിലും, 80 ബ്ലോക്ക് പഞ്ചായത്തുകളിലും, 54 മുന്‍സിപ്പാലിറ്റികളിലും നാല് കോര്‍പ്പറേഷനുകളിലും യുഡിഎഫ് മുന്നിലെത്തിയപ്പോള്‍ അപ്രതീക്ഷിത തിരിച്ചടിയാണ് ഇവിടുങ്ങളില്‍ എല്‍ഡിഎഫ് നേരിട്ടത്. സാധാരണഗതിയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ കാറ്റ് ഇടത്തേക്ക് വീശുന്നതാണ് പതിവെങ്കില്‍ ഇത്തവണ ശക്തികേന്ദ്രങ്ങളില്‍ പോലും ഇടത് മുന്നണി തിരിച്ചടി നേരിട്ടു. തദ്ദേശത്തിലെ മിന്നും ജയവുമായി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാമെന്ന സിപിഎം കണക്കുകൂട്ടലാണ് പാളിയിരിക്കുന്നത്.
അഞ്ച് മാസങ്ങള്‍ക്കപ്പുറം കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകും. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുഡിഎഫിനെ സംബന്ധിച്ച് മികച്ച തിരിച്ചുവരവിനുള്ള അവസരമാണ് മുന്നിലുള്ളത്. വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതും ഉന്നയിച്ച് സിപിഎം വോട്ട് ചോദിച്ചു. അതിനോടൊപ്പം പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ കത്തിച്ച് നിര്‍ത്താനും സിപിഎമ്മിന് കഴിഞ്ഞു. എന്നാല്‍ ഇതൊന്നും വോട്ടായി മാറിയില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് കൃത്യമായി നടപടി സ്വീകരിച്ചതും കോടതി അറസ്റ്റ് തടഞ്ഞതും അവര്‍ക്ക് ഗുണകരമായി മാറി.
മറുവശത്ത് സിപിഎം ആകട്ടെ ശബരിമലയിലെ സ്വര്‍ണ കൊള്ളയെ ലഘൂകരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. പാര്‍ട്ടി മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന എ പത്മകുമാര്‍, എന്‍ വാസു എന്നിവര്‍ സ്വര്‍ണ കൊള്ളയില്‍ അറസ്റ്റിലായിട്ടും ജനത്തെ ബോധ്യപ്പെടുത്താന്‍ പോലും അവര്‍ക്കെതിരെ നടപടിക്ക് സിപിഎം തയ്യാറായില്ല. ശബരിമലയെന്ന വികാരം കോണ്‍ഗ്രസും ബിജെപിയും കൃത്യമായി പ്രചാരണത്തില്‍ ഉപയോഗിക്കുകയും ചെയ്തു.
ശബരിമലയിലെ സ്വര്‍ണ കൊള്ളയെ മറയ്ക്കാനാണ് സിപിഎം മറ്റ് വിഷയങ്ങള്‍ ഉന്നയിച്ച് രംഗത്ത് വരുന്നതെന്ന് പ്രതിപക്ഷ ആരോപണത്തെ ജനം ഏറ്റെടുത്തുവെന്ന് വേണം ജനവിധിയില്‍ നിന്ന് മനസ്സിലാക്കാന്‍. കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ ഉള്‍പ്പെടെ നേതാക്കള്‍ രണ്ട് തട്ടിലായിരുന്നു. എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടും ഈ സ്ഥിതി തുടര്‍ന്നു. എന്നാല്‍ അതൊന്നും ജനങ്ങളെ സ്വാധീനിക്കുന്ന പ്രശ്നങ്ങളായിരുന്നില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
തിരുവനന്തപുരം നഗരസഭയില്‍ ഭരണത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കിലും കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. കഴിഞ്ഞ തവണ നേടിയതിന് ഇരട്ടിയോളം സീറ്റ് ഇത്തവണ തലസ്ഥാന നഗരത്തില്‍ കോണ്‍ഗ്രസ് നേടിയപ്പോള്‍ കാലങ്ങളായി കൈയിലുണ്ടായിരുന്ന നഗരസഭാ ഭരണം സിപിഎമ്മിന് നഷ്ടമായി. ഇവിടെ ബിജെപിയാണ് അധികാരത്തിലെത്തിയതെങ്കിലും തങ്ങളുടെ വോട്ട് വര്‍ദ്ധിപ്പിക്കാനും ഒപ്പം സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതും നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം പകരും.
തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ വ്യക്തമാണ്. തങ്ങള്‍ കണക്കുകൂട്ടിയതിലും വലിയ വിജയമാണ് ജനങ്ങള്‍ നല്‍കിയതെന്നും ഇത് പിണറായി വിജയന്റെ ദുര്‍ഭരണത്തിനും കൊള്ളയ്ക്കും എതിരായ വിധിയാണെന്നും നേതാക്കള്‍ സ്ഥാപിക്കുന്നു. രാഷ്ട്രീയ വിഷയങ്ങള്‍ വലിയ ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍ ഫലം വലിയ തിരിച്ചടി നല്‍കിയതിനാല്‍ ഭരണ തുടര്‍ച്ചയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ വലിയ മാറ്റങ്ങള്‍ സിപിഎം നടപ്പിലാക്കേണ്ടി വരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |