
കളങ്കാവൽ സിനിമയിൽ നിലാ കായും വെളിച്ചം എന്ന പാട്ട് പാടി വൈറൽ താരമായി മാറി സിന്ധു ഡെൽസൻ
''എവിടെ ആയിരുന്നു ഇതുവരെ ? എന്നാണ് എല്ലാവരും ചോദിക്കുന്നത്. പാടാൻ പറഞ്ഞപ്പോൾ പാടി. പാട്ട് നൽകുന്ന ഈ പ്രശസ്തി ഒരിക്കലും പ്രതീക്ഷിച്ചതല്ല. പാടാൻ അറിയുന്ന ഒരുപാട് പേർ എന്നെ പോലെ വീട്ടിലും അടുക്കളയിലും കഴിയുന്നുണ്ട്. ഭാഗ്യംഏത് നിമിഷവും തേടി വരുമെന്നാണ് എനിക്ക് അവരോട് പറയാനുള്ളത്.'' മമ്മൂട്ടിയുടെ അത്ഭുതപ്രകടനവുമായി 50 കോടി ക്ളബ് പിന്നിടുന്ന കളങ്കാവൽ സിനിമയിൽ 'നിലാ കായും വെളിച്ചം പൊങ്കുതേ പരവസം' എന്ന റെട്രോ ഗാനം നാടാകെ അലയടിക്കുമ്പോൾ ഗായിക സിന്ധു ഡെൽസന്റെ സംസാരം ആണ് ഈ കേട്ടത്. സ്മൂളിലും വാട്സ് ആപ് ഗ്രൂപ്പിലും പാടുന്ന ഒരു സാധാരണ വീട്ടമ്മ.സിന്ധുവിന്റെ ശബ്ദത്തിലൂടെ ഗായിക ലോകത്തെ സ്വരമാധുര്യത്തിന്റെ പല പ്രശസ്തരെയും ലോകം ഒരുനിമിഷം ഓർത്തു. പാട്ടിന്റെ ഉടമ അവരാണോ എന്ന് പരതിയവരുണ്ട്. അത്രമാത്രം വേറിട്ട ആലാപന ശൈലി.അപ്രതീക്ഷിതമായി വന്നു ചേർന്ന പ്രശസ്തിയുടെ വിശേഷങ്ങൾ സിന്ധു ഡെൽസൻ പങ്കിടുന്നു.
സ്റ്റേജിൽ പാടുന്നത് മമ്മൂട്ടിയുടെ മുൻപിൽ
സ്കൂളിൽ പഠിക്കുമ്പോൾ പാട്ടിന് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. രണ്ടു വർഷം സംഗീതം പഠിച്ചതാണ്. അന്ന് മുതൽ ഇന്ന് വരെ സംഗീതം നെഞ്ചിലേറ്റി .വിവാഹശേഷം ആണ് പാട്ടിൽ കൂടുതൽ ശ്രദ്ധിക്കുന്നത്. മ്യൂസിക് വാട്സ് ആപ് ഗ്രൂപ്പും സ്മൂൾ ഗ്രൂപ്പും ആണ് എന്റെ പ്ലാറ്റ്ഫോം.രണ്ടിടത്തും സജീവം. ഇഷ്ടപ്പെട്ട ഏത് പാട്ടും പാടാം. ആരുടെ കൂടെയും ഡ്യൂയറ്റ് പാടാം. പിന്നീട് ഫേസ് ബുക്കിൽ അപ് ലോഡ് ചെയ്യും. അത് എല്ലാം ആണ് എനിക്ക് ലഭിച്ച പരിശീലനം. സ്റ്റേജ് ഷോയിൽ പാടിയിട്ടില്ല. സഭാകമ്പം ഉള്ളതിനാൽ ധൈര്യം വന്നില്ല. സ്മൂളിൽ അങ്ങനെയല്ലല്ലോ. പാടുന്നത് വീട്ടുകാർ മാത്രമേ കേൾക്കൂ. ഫ്രണ്ട്സിന് പിന്നെ അയച്ചുകൊടുക്കുന്നു. ആദ്യമായി സ്റ്റേജിൽ പാടുന്നത് കളങ്കാവിലിന്റെ ഓഡിയോ ലോഞ്ചിന് ആയിരുന്നു. 'നിലാ കായും' പാടിയപ്പോൾ പേടി തോന്നി. മമ്മുക്കയുടെ മുന്നിൽ പാടുന്നതിന്റെ പേടി.എന്നാൽ മമ്മുക്കയ്ക്ക് പാട്ട് ഇഷ്ടപ്പെട്ടതിനാലാണ് സിനിമയിൽ ഉൾപ്പെടുത്തിയത്.മമ്മുക്കയെ വണങ്ങിയ ശേഷം സ്റ്റേജിൽ കയറി . ആ നിമിഷം മറക്കാൻ കഴിയില്ല.
മകൻ തന്ന സമ്മാനം
കളങ്കാവലിന്റെ സംഗീത സംവിധായകൻ മുജീബ് മജീദിന്റെ അഡിഷണൽ പ്രോഗ്രാമറാണ് മകൻ നെവിൻ . കളങ്കാവലിലെ പാട്ട് പലരെയും കൊണ്ട് പാടിച്ചു. ഇളയരാജ സാറിന്റെ പാട്ട് ഉൾപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചത്. റെട്രോ മൂഡ് തോന്നുന്ന പാട്ട് വേണം എന്ന ആലോചന പിന്നീട് ആണ് ഉണ്ടാകുന്നത്. ആ ചർച്ചയുടെ ഇടയിലാണ് പഴയ പാട്ടുകൾ അമ്മ പാടുമെന്ന് നെവിൻ പറയുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ . ഒന്നരമാസം മുൻപായിരുന്നു റെക്കോഡിംഗ്. പാട്ടിൽ ലയിച്ചു പാടാൻ കഴിഞ്ഞു എന്നാണ് കരുതുന്നത്. നിലാ കായും വെളിച്ചം സിനിമയിൽ പല സീനിലും വരുന്നുണ്ട്.സിനിമയുടെ അവസാനം പാട്ട് മുഴുവൻ വരുമ്പോൾ ആളുകൾ മുഴുവൻ എഴുന്നേറ്റുനിന്ന് കൈയടിക്കുന്നത് കണ്ട് കണ്ണു നിറഞ്ഞു. ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ നല്ല വ്യൂസ് ഉണ്ടായിരുന്നു. അന്നേ ആളുകൾ എന്നെപ്പറ്റി അന്വേഷിച്ചു.ഇത്രയും വലിയ അവസരം തന്നതിന് മമ്മൂട്ടി കമ്പനിക്കും മുജീബിനും സംവിധായകൻ ജിതിനും നന്ദി. സംഗീതം പഠിക്കാൻ വീണ്ടും ചേർന്നു.
ഹരിപ്പാട് വിനോദ് മാഷിന്റെ ശിഷ്യ ആണ്. ഒരുക്ളാസിൽ മാത്രമോ പങ്കെടുക്കാൻ കഴിഞ്ഞുള്ളൂ. കളങ്കാവൽ റിലീസ് ചെയ്തതിനാൽ തിരക്കു വന്നതാണ് കാരണം.റിയാലിറ്റി ഷോകൾ വന്നപ്പോഴാണ് പാട്ടിനെ എങ്ങനെ സമീപിക്കണമെന്ന് തിരിച്ചറിയുന്നത്. സിനിമയിൽ ഇനിയും പാടാൻ കഴിയും എന്നാണ് വിചാരിക്കുന്നത്. കുറച്ച് ധൈര്യം സംഭരിച്ച് സ്റ്റേജിൽ പാടണം. എറണാകുളം ആണ് നാട്. ഇരുപത്തിനാലു വർഷമായി ഹരിപ്പാട് ആണ് താമസം. ഭർത്താവ് സി.സി ഡെൽസൻ. ഞങ്ങൾ രണ്ടു പേരും ചേർന്ന് സിന്ധൂരം ലൈറ്റ് എംപോറിയം എന്ന സ്ഥാപനം നടത്തുന്നു.ഇളയമകൻ മിബിൻ പ്ളസ് ടു വിദ്യാർത്ഥി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |