അമ്പലപ്പുഴ: മൃഗീയ ഭൂരിപക്ഷത്തിൽ ഭരിച്ചിരുന്ന 5 ഗ്രാമപഞ്ചായത്തുകളിൽ രണ്ടെണ്ണവും അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും നഷ്ടമായതോടെ അമ്പലപ്പുഴയിൽ എൽ.ഡി.എഫിന് നേരിട്ടത് വൻതിരിച്ചടി. മാസങ്ങൾക്കിടെ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എച്ച്. സലാം എം.എൽ.എയ്ക്കും തലവേദനയുണ്ടാക്കുന്നതാണ് മണ്ഡലത്തിലെ ഈ ഭരണനഷ്ടം.
ബി.ജെ.പിയാകട്ടെ പുറക്കാട് -3, അമ്പലപ്പുഴ സൗത്ത് -4, പുന്നപ്ര തെക്ക് -4, പുന്നപ്ര വടക്ക് -6, തകഴി- 5 എന്നിങ്ങനെ നേടി നില മെച്ചപ്പെടുത്തി. തകഴി, പുറക്കാട്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിലാണ് യു.ഡി.എഫ് മുന്നിലെത്തിയത്. അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക്, പുന്നപ്ര വടക്ക് പഞ്ചായത്തുകൾ എൽ.ഡി.എഫ് നിലനിറുത്തിയെങ്കിലും ഭൂരിപക്ഷം നേരിയതാണ്.
1995ന് ശേഷം ആദ്യമായാണ് പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന് നഷ്ടമായത്. 19സീറ്റിൽ 11 സീറ്റ് നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. ഇവിടെ സമരഭൂമി വാർഡടക്കം എൽ.ഡി.എഫിന് നഷ്ടമായി. എൽ.ഡി.എഫ് സ്ഥാനാർഥിയായ ജ്യോതിൻ ജോബിനെ പരാജയപ്പെടുത്തിയാണ് യു.ഡി.എഫിലെ കെ.എഫ്.തോബിയാസ് സമരഭൂമി വാർഡിൽ വിജയിച്ചത്. 239വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്.
എൽ.ഡി.എഫ് ഭരിച്ചിരുന്ന പുറക്കാട് ഗ്രാമപഞ്ചായത്തിൽ ആകെയുള്ള 19സീറ്റിൽ 9സീറ്റു നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. അമ്പലപ്പുഴ തെക്കിൽ എൽ.ഡി.എഫ് വലിയ ഒറ്റക്കക്ഷിയായെങ്കിലും 17സീറ്റിൽ 7 സീറ്റു മാത്രമാണ് നേടാനായത്. അമ്പലപ്പുഴ വടക്കിലും 20 സീറ്റിൽ 9 എണ്ണം മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. പുന്നപ്ര വടക്കിൽ 19 ൽ 10 സീറ്റ് നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി. ബി.ജെ.പി 6 സീറ്റ് നേടി നില മെച്ചപ്പെടുത്തി.യു.ഡി.എഫ് 3 സീറ്റും നേടി.
തകഴി പഞ്ചായത്തിൽ 15 സീറ്റുകളിൽ ഒരു സ്വതന്ത്രൻ ഉൾപ്പടെ 6 എണ്ണം യു.ഡി.എഫ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബി.ജെ.പി 5 ഉം എൽ.ഡി.എഫ് 4 സീറ്റും നേടി.
അമ്പലപ്പുഴ ബ്ളോക്കും കൈവിട്ടു
കഴിഞ്ഞതവണ ഒരംഗം മാത്രമുണ്ടായിരുന്ന അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ഇത്തവണ വൻമുന്നേറ്റം നടത്തി ഭരണം കൈക്കലാക്കിയത് എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. 14 സീറ്റുകളിൽ 8ഉം നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചെടുത്തത്. എൽ.ഡി.എഫിന് 5ഉം എൻ.ഡി.എയ്ക്ക് ഒന്നും സീറ്റ് ലഭിച്ചു. കഴിഞ്ഞ തവണ ആകെയുണ്ടായിരുന്ന 13 വാർഡുകളിൽ 12ലും എൽ.ഡി.എഫായിരുന്നു വിജയിച്ചത്.
അമ്പലപ്പുഴ
ഡിവിഷനും പോയി
ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനും എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് തിരികെപ്പിടിച്ചു. കോൺഗ്രസിന്റെ എ.ആർ.കണ്ണന് 21733 വോട്ടും എൽ.ഡി.എഫിലെ ഇ.കെ.ജയന് 16 115 വോട്ടും ലഭിച്ചു. കഴിഞ്ഞ 5വർഷം എൽ.ഡി.എഫായിരുന്നു ഡിവിഷനെ പ്രതിനിധീകരിച്ചിരുന്നത് . അതിനു മുമ്പ് എ.ആർ.കണ്ണനായിരുന്നു ഇവിടെ നിന്നുള്ള അംഗം. അതേസമയം, ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ എൽ.ഡി.എഫ് നിലനിറുത്തി. സി.പി.എമ്മിലെ അഡ്വ.ആർ.രാഹുൽ 22967വോട്ടും യു.ഡി.എഫിലെ പി.ഉദയകുമാർ 20194 വോട്ടും നേടി.
രാഷ്ട്രീയ ചർച്ചയ്ക്കും ചൂടുകൂടും
മുൻമന്ത്രിയും മൂന്ന് വട്ടം അമ്പലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നതുമായ മുതിർന്ന നേതാവ് ജി. സുധാകരനെ അമ്പലപ്പുഴയിലെ ചടങ്ങുകളിൽ അവഗണിക്കുന്നതും പാർട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തെ സമൂഹമാദ്ധ്യമങ്ങളിലൂടെയടക്കം ആക്ഷേപിക്കുന്നതും നേരത്തേ ചർച്ചയായിരുന്നു. ജി.സുധാകരനോടുള്ള അവഗണനയിൽ ജനങ്ങൾക്കുള്ള പ്രതിഷേധവും ജനവിധിയിൽ പ്രതിഫലിച്ചിട്ടുണ്ടാകാമെന്ന് അണികളിൽ ചിലർ ആരോപിക്കുന്നുണ്ട്. ഏതായാലും ഇത്രയും വലിയ തിരിച്ചടിയുണ്ടായത് വരുംദിവസങ്ങളിൽ സി.പി.എമ്മിലെ ചർച്ചകൾക്ക് ചൂട് പകരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |