
കട്ടപ്പന: പീരുമേട് താലൂക്കിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ നവീകരിക്കുന്നതിനുള്ള നടപടികൾക്ക് പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി വിളിച്ചു ചേർക്കാൻ കളക്ടർക്ക് നിർദേശം നൽകി. ആഗസ്റ്റ് നാലിന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിന്റെ തീരുമാന പ്രകാശമാണ് നിർദ്ദേശം. അന്താരഷ്ട്ര സമാധാന സംഘടന വ്യക്തിഗത അംഗം ഡോ. ഗിന്നസ്വാമിക്ക് തൊഴിൽ നൈപുണ്യ വകുപ്പ് അണ്ടർ സെക്രട്ടറി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലയങ്ങളുടെ നിലവിലെ അവസ്ഥ, തൊഴിലാളികളുടെ എണ്ണം, അടിയന്തരമായി പുനർനിർമ്മിക്കേണ്ട ലയങ്ങളുടെ എണ്ണം, പുതുക്കി പണിയേണ്ട ലയങ്ങളുടെ എണ്ണം എന്നിവ സംബന്ധിച്ച് സർവ്വേ നടത്തിയെന്നും പട്ടിക തയ്യാറാക്കി വരികയാണെന്നും കത്തിലുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം, മുൻഗണന, ലയം നിർമ്മിക്കേണ്ട സ്ഥലം തുടങ്ങിയ കാര്യങ്ങൾ പ്ലാന്റേഷൻ റിലീഫ് കമ്മിറ്റി ചേർന്ന് തീരുമാനിക്കും. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് (സി.ഐ.പി ) ലേബർ കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ എണ്ണം നിർണ്ണയിച്ചതിന് ശേഷം ലയങ്ങളുടെ നവീകരണത്തിനുള്ള ഫണ്ട് പ്രയോജനപ്പെടുത്തുമെന്നും കത്തിൽ വ്യക്തമാക്കുന്നു. ലയങ്ങൾ നവീകരിക്കുന്നതിന് 2021- 22, 2022- 23 സാമ്പത്തിക വർഷത്തെ ബഡ്ജറ്റുകളിലായി 20 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു എന്നാൽ തുടർ നടപടിയുണ്ടായില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മിഷൻ, മുഖ്യമന്ത്രി, തൊഴിൽ- വ്യവസായ മന്ത്രിമാർ എന്നിവർക്ക് ഡോ. ഗിന്നസ്
മാടസ്വാമി പരാതി നൽകിയിരുന്നു. തുടർന്ന് ഏറ്റവും തകർന്ന ലയങ്ങൾ നവീകരിക്കാൻ 33.7 ലക്ഷം രൂപ അനുവദിച്ചു. ഇതിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് പരാതിക്കാരൻ മുഖ്യമന്ത്രിയ്ക്ക് വീണ്ടും പരാതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |