
കളമശേരി: ഏലൂർ പാതാളം ഇ.എസ്.ഐ.സി ആശുപത്രി കാന്റീൻ അടച്ചുപൂട്ടിയിട്ട് ഒരു മാസം. ആയിരക്കണക്കിന് രോഗികളും കൂട്ടിരുപ്പുകാരും ആശ്രയിക്കുന്ന കാന്റീൻ തുറന്നു പ്രവർത്തിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
കാന്റീൻ ഒരു വർഷത്തേക്ക് സ്വകാര്യ ഏജൻസിക്ക് കരാർ കൊടുക്കുന്ന സമ്പ്രദായമാണ് നിലവിലുള്ളത്. കരാർ ലംഘനം നടത്തി അമിതമായ നിരക്ക് ഈടാക്കുന്നതും ഭക്ഷണത്തിൽ പലതവണ ഒച്ചിനെ കണ്ടെത്തിയതിലും പരാതി ഉയർന്നിരുന്നു. താലൂക്ക് സപ്ലൈ ഉദ്യോഗസ്ഥരും ഏലൂർ നഗരസഭ ആരോഗ്യ വിഭാഗവും നടത്തിയ പരിശോധനയിൽ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കരാറുകാരൻ പിഴ ഒടുക്കേണ്ടി വന്നു. പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചിടാൻ നോട്ടീസും നൽകി. കാന്റീൻ പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുന്നതും കാടുകയറി കിടക്കുന്നതും പരിഹരിക്കുന്നതിന് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് കരാർ കാലാവധി കഴിഞ്ഞ കാന്റീൻ നടത്തിപ്പ് ഏജൻസിയെ പുറത്താക്കി അടച്ചുപൂട്ടുകയായിരുന്നു.
രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതം
രോഗികൾക്ക് കൂട്ടിരിക്കുന്നവർ ചായ, ഭക്ഷണം എന്നിവ വാങ്ങുന്നതിനായി അര കി.മീ ദൂരം നടക്കേണ്ട അവസ്ഥയാണ്. രക്തപരിശോധനയ്ക്ക് എത്തുന്നവർ ഭക്ഷണത്തിന് ശേഷമുള്ള രണ്ടാമത്തെടെസ്റ്റ് നടത്തുന്നതിനായി ഭക്ഷണത്തിനായി വീണ്ടും പുറത്തേക്ക് പോകണം. ഞായറാഴ്ച പുറത്തുള്ള ഹോട്ടലുകൾ തുറക്കാത്തതിനാൽ ജില്ലയുടെ പല പ്രദേശങ്ങളിൽ നിന്നുള്ള കിടപ്പുരോഗികളുടെ കൂട്ടിരുപ്പുകാർക്ക് ഭക്ഷണം കിട്ടാനും ബുദ്ധിമുട്ടാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |