കൊല്ലം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ ജില്ലയിൽ 167465 ലക്ഷം പേർ പുറത്ത്. മരിച്ചവർ, സ്ഥിരമായി സ്ഥലത്തില്ലാത്തവർ, വോട്ടർമാരുടെ ആവർത്തനം, മറ്റ് സ്ഥലങ്ങളിൽ നിലവിൽ എൻറോൾ ചെയ്യപ്പെട്ടവർ, ഫോം കൈപ്പറ്റാൻ വിമുഖത കാണിച്ചർ, ഇതുവരെയും കണ്ടെത്താൻ സാധിക്കാത്തവർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.
വോട്ടർമാരുടെ ആവർത്തനം/ 85 വയസ് കഴിഞ്ഞ വോട്ടർമാർ എന്നിവ ഒരിക്കൽ കൂടി ബി.എൽ.ഒമാർ മുഖാന്തരം പരിശോധിക്കും. തിരുത്തൽ ഉണ്ടെങ്കിൽ ഇന്നുതന്നെ ബൂത്ത് ലെവൽ ഏജന്റുമാർ ബി.എൽ.ഒമാരുടെയും ബന്ധപ്പെട്ട ഇ.ആർ.ഒമാരുടെയും ശ്രദ്ധയിൽപ്പെടുത്തണം. തുടർന്ന് 23ന് ബി.എൽ.ഒമാർ നേരിട്ടും ഓൺലൈനായും അംഗീകാരം നൽകിയ വോട്ടർമാരെ ഉൾപ്പെടുത്തി ബൂത്ത് തിരിച്ച് പട്ടികയിലാക്കി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
കരട് വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഓരോ വോട്ടറും സ്വന്തം നിലയ്ക്ക് ഉറപ്പുവരുത്തണം. ബൂത്തുകളുടെ പുനഃക്രമീകരണം മൂലം നിലവിലുള്ള ബൂത്തിലെ വോട്ടർ പട്ടികയിൽ പേര് ഇല്ലെങ്കിലും മറ്റേതെങ്കിലും ബൂത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോയെന്ന് നോക്കണം. കരട് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പുതിയ വോട്ടറെ ഉൾപ്പെടുത്തുന്ന ഫോം 6 ഉം പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ ഫോം-6എ ഉം പൂർത്തിയാക്കിയാൽ മതി.
കരട് വോട്ടർ പട്ടികയെ മുൻനിറുത്തിയുള്ള പരാതികളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ പൊതുജനങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും സമർപ്പിക്കാം. കരട് പട്ടികയിൽ ഉണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. തുടർന്ന് 2026 ഫെബ്രുവരി 14ന് മുമ്പ് ഹിയറിംഗ് നടത്തി രേഖകൾ പരിശോധിച്ച് ഇ.ആർ.ഒ ആവശ്യമുള്ളത് നിലനിറുത്തും. അല്ലെങ്കിൽ ഒഴിവാക്കും. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരാതികളും പരിശോധിച്ച് അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21 പ്രസിദ്ധീകരിക്കും.
ഫോം വിതരണം 100 ശതമാനം
എന്യൂമറേഷൻ ഫോം വിതരണം 100 ശതമാനം പൂർത്തിയായി. 2144527 എന്യൂമറേഷൻ ഫോമുകളാണ് വിതരണം ചെയ്തത്. 19,77,062 ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു. നിലവിൽ ജില്ലയിൽ 200490 വോട്ടർമാരെയാണ് മാപ്പിംഗ് ചെയ്യാൻ സാധിക്കാത്തത്. മാപ്പിംഗിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് ജില്ലയിൽ 1200 അധികം വോട്ടർമാരുള്ള പോളിംഗ് സ്റ്റേഷനുകളാണ് പുനഃക്രമീകരിച്ചത്. 11 നിയോജക മണ്ഡലങ്ങളിലായി പുതുതായി 300 പോളിംഗ് സ്റ്റേഷനുകൾ ജില്ലയിൽ ക്രമീകരിച്ചു.
ഒഴിവാക്കപ്പെട്ടവർ
മരിച്ചവർ: 49003
സ്ഥിരമായി താമസം മാറിയവർ: 54531
ഇരട്ടിപ്പ്: 10169
കണ്ടെത്താൻ സാധിക്കാത്തവർ: 44214
മറ്റുകാരണങ്ങളാൽ ഉൾപ്പെടാത്തവർ: 9548
മറക്കരുത് ഈ തീയതികൾ
എന്യുമറേഷൻ ഫോം സ്വീകരിക്കുന്ന അവസാന തീയതി: ഇന്ന്
കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്: 23ന്
ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള തീയതി: 23 മുതൽ ജനുവരി 22 വരെ
ഹിയറിംഗ് പൂർത്തിയാക്കേണ്ടത്: ഫെബ്രുവരി 14
അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്: ഫെബ്രുവരി 21
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |