
ചെന്നൈ: ക്രിക്കറ്റ് ലോകം ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. 2026 ഐപിഎൽ സീസണിലും എംഎസ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിനായി കളത്തിലിറങ്ങും. ധോണിക്ക് ശേഷമുള്ള കാലഘട്ടത്തിനായി ടീം തയ്യാറെടുക്കുന്നുണ്ടെങ്കിലും, തൽക്കാലത്തേക്ക് 'തല' തന്നെ ടീമിന്റെ നെടുംതൂണായി തുടരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിന്റെ പകുതിയിൽ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റപ്പോൾ ടീമിനെ നയിച്ചതും ധോണിയായിരുന്നു.

അൺക്യാപ്പ്ഡ് താരം എന്ന നിലയിലാണ് സിഎസ്‌കെ ധോണിയെ നിലനിർത്തിയിരിക്കുന്നത്. അതിനാൽ നാല് കോടി രൂപ മാത്രമായിരിക്കും താരത്തിന്റെ ശമ്പളം. ഒരുകാലത്ത് ഐപിഎല്ലിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന ധോണിയേക്കാൾ അധികം ശമ്പളം ഇത്തവണ ചെന്നൈ നിരയിലെ എട്ടു താരങ്ങളാണ് കൈപ്പറ്റുക.
രാജസ്ഥാൻ റോയൽസിൽ നിന്നും ട്രേഡിംഗിലൂടെ ചെന്നൈയിലെത്തിയ മലയാളി താരം സഞ്ജു സാംസണും ക്യാപ്ടൻ ഋതുരാജ് ഗെയ്ക്വാദുമാണ് ടീമിലെ ഉയർന്ന പ്രതിഫലം വാങ്ങുന്നവർ. 18 കോടി രൂപ വീതമാണ് ഇരുവർക്കും ലഭിക്കുക. സഞ്ജുവിനെ ടീമിലെത്തിക്കാൻ രവീന്ദ്ര ജഡേജയെയും സാം കറനെയും ചെന്നൈക്ക് വിട്ടുനൽകേണ്ടി വന്നിരുന്നു.
സഞ്ജു സാംസൺ- ഋതുരാജ് ഗെയ്ക്വാദ് 18 കോടി, പ്രശാന്ത് വീർ- കാർത്തിക് ശർമ്മ 14.20 കോാടി, ശിവം ദുബെ 12 കോടി, നൂർ അഹമ്മദ് 10 കോടി, രാഹുൽ ചാഹർ 5.20 കോടി, ഖലീൽ അഹമ്മദ് 4.80 കോടി എന്നിവരാണ് ധോണിയേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന സിഎസ്‌കെ താരങ്ങൾ.
ഇത്തവണ ലേലത്തിൽ ചരിത്രം കുറിച്ച പ്രതിഫലമാണ് അൺക്യാപ്പ്ഡ് താരങ്ങളായ പ്രശാന്ത് വീറിനും കാർത്തിക് ശർമ്മയ്ക്കും ലഭിച്ചത്. 14.20 കോടി രൂപ വീതമാണ് ഇവരുടെ പ്രതിഫലം. അതായത് ധോണിയേക്കാൾ ഏകദേശം 10.20 കോടി കൂടുതൽ. കഴിഞ്ഞ സീസണിൽ 24 വിക്കറ്റുകളുമായി തിളങ്ങിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന് പത്ത് കോടിയാണ് പ്രതിഫലം. ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്ന രാഹുൽ ചാഹറിനെ പഞ്ചാബ് കിംഗ്സുമായി പൊരുതിയാണ് 5.20 കോടിക്ക് ചെന്നൈ സ്വന്തമാക്കിയത്.
പ്രതിഫലത്തിന്റെ കാര്യത്തിൽ ധോണി പിന്നിലാണെങ്കിലും തന്ത്രങ്ങൾ കൊണ്ടും സാന്നിദ്ധ്യം കൊണ്ടും 2026ലെ ഐപിഎല്ലിലും ചെന്നൈയുടെ വിധി നിർണ്ണയിക്കുക എം എസ് ധോണി തന്നെയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |