
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശനാനുമതി നിഷേധിച്ച ചിത്രങ്ങൾക്ക് കേന്ദ്ര പ്രക്ഷേപണ (ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ്) മന്ത്രാലയം അനുമതി നൽകിയേക്കും. 19 സിനിമകൾക്കാണ് അനുമതി ലഭിക്കാതിരുന്നത്. അതിൽ പത്തെണ്ണത്തിന് അനുമതി നൽകി.
സെൻസറിംഗ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് വാങ്ങാതെ വിദേശ സിനിമകൾ പ്രദർശിപ്പിച്ചാൽ കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന് നിയമപരമായ നടപടി സ്വീകരിക്കാനാകും. എന്നാൽ അതിലേക്ക് കടക്കില്ലെന്നാണ് സൂചന. ഡിസംബർ 12ന് തുടങ്ങുന്ന മേളയ്ക്കായി സർട്ടിഫിക്കേഷൻ ഇളവ് ആവശ്യപ്പെട്ട് മൂന്നിനാണ് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയത്തിന് അപേക്ഷ ലഭിച്ചത്. എന്നാൽ അനുമതി വേണ്ട സിനിമകളുടെ കഥ സംബന്ധിച്ച് ചുരുങ്ങിയ വിവരമേ നൽകിയിരുന്നുള്ളൂ. സിനിമകളിൽ കൂടുതൽ വ്യക്തത ലഭിക്കാത്തതുകാരണമാണ് ആദ്യം അനുമതി നൽകാത്തതെന്നാണ് പ്രക്ഷേപണ മന്ത്രാലയുമായി ബന്ധപ്പെട്ടവർ നൽകുന്ന സൂചന. കൂടുതൽ വിവരം ലഭിച്ചപ്പോൾ പത്ത് സിനിമകൾക്ക് ഇളവ് ലഭിച്ചു. സംഘാടകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ച ശേഷം മറ്റ് ചിത്രങ്ങൾക്കുള്ള പ്രദർശനാനുമതിയിൽ തീരുമാനമെടുക്കും.
വിമർശിച്ച് ഡോ.ബിജു
ഐ.എഫ്.എഫ്.കെയിൽ 19 സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ ചലച്ചിത്ര അക്കാഡമിയേയും സംസ്ഥാന സർക്കാരിനേയും വിമർശിച്ച് സംവിധായകൻ ഡോ. ബിജു. ഒരുമാസം മുമ്പെങ്കിലും അനുമതി ആവശ്യമായ സിനിമകളുടെ പട്ടിക കേന്ദ്ര സർക്കാരിന് അക്കാഡമി നൽകണമായിരുന്നുവെന്ന് ബിജു പറഞ്ഞു. മുൻകൂട്ടി സമർപ്പിച്ചിട്ടും കേന്ദ്ര സർക്കാർ അനുമതി നൽകുന്നതിനു കാലതാമസം വരുത്തിയോ എന്നതാണ് ഒന്നാമതായി പരിശോധിക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |