
കോഴിക്കോട്: 'സ്വർണം കട്ടവനാരപ്പാ..." പാട്ട് തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പിൽ തരംഗവും തുടർന്ന് കേസുമാവുമ്പോൾ അതിന്റെ രചയിതാവായ ജി.പി.കുഞ്ഞബ്ദുള്ള സി.പി.എം നേതാവും മുൻ മന്ത്രിയുമായ ടി.കെ.ഹംസയെക്കുറിച്ചുള്ള പാട്ടിന്റെ തിരക്കിലാണ്.
ടി.കെ.ഹംസയുടെ ജീവിതം വരച്ചിടുന്ന 'ഏറനാടിന്റെ പുണ്യം..." എന്ന പാട്ട് ഖത്തറിൽ നിന്ന് റെക്കാഡ് ചെയ്ത് ആൽബമടക്കം അടുത്തമാസം കോഴിക്കോട് നടത്തുന്ന ചടങ്ങിൽ പ്രകാശനം ചെയ്യുമെന്ന് കുഞ്ഞബ്ദുള്ള കേരളകൗമുദിയോട് പറഞ്ഞു. ശബരിമല വിഷയം എന്നെ വേദനിപ്പിച്ചപ്പോൾ എഴുതിയതാണ് പോറ്റിയെ കേറ്റിയേ എന്ന പാരഡിഗാനം. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി ആവശ്യപ്പെട്ടിട്ടല്ല അതെഴുതിയത്.
എഴുത്തിൽ രാഷ്ട്രീയമില്ല
ടി.കെ.ഹംസ എന്റെ പ്രിയപ്പെട്ട നേതാവാണ്. അതുപോലെ സി.പി.എമ്മിലും മറ്റ് പാർട്ടികളിലും ഇഷ്ടമുള്ള നേതാക്കൾ അനവധിയുണ്ട്. ആറുവർഷമായി ടി.കെ.ഹംസയെ പിന്തുടർന്ന് പഠിച്ചാണ് ആ ജീവിതം പാട്ടാക്കിയത്. ഒരുപാട്ടിലും പുസ്തകത്തിലും ഒതുങ്ങുന്നതല്ല ഹംസയുടെ ജീവിതം എന്നറിയാം. മാപ്പിളപ്പാട്ടിനെ ഹൃദയത്തിൽ സൂക്ഷിക്കുകയും അതിനായി ഗവേഷണം നടത്തുകയും ചെയ്ത ഹംസക്കയെ മാപ്പിളപ്പാട്ടിന്റെ ഈണത്തിലാണ് അവതരിപ്പിച്ചത്.
'' 66 വയസുകഴിഞ്ഞ എനിക്ക് ഭീഷണികളിൽ ഭയമില്ല. പ്രതിപക്ഷനേതാവടക്കം വിളിച്ചു. കേസുവന്നാൽ നോക്കിക്കോളാമെന്ന് പറഞ്ഞു. സന്തോഷം. മറുപക്ഷത്തുനിന്ന് വലിയ എതിർപ്പും വന്നു. എന്റെ പേരാണോ പ്രശ്‌നം. ശബരിമലയിൽ പോകുന്നവർ പ്രത്യേക മതക്കാരാണോ. ശാസ്താവ് എല്ലാരുടേതുമല്ലേ...?
---ജി.പി.കുഞ്ഞബ്ദുള്ള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |