സ്വന്തം കെട്ടിടം സ്വപ്നമായി മാറുന്നു
കൊല്ലം: ജില്ലയിൽ സ്വന്തം കെട്ടിടമില്ലാതെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നത് 800 ഓളം അങ്കണവാടികൾ. പരാധീനതകൾക്ക് നടുവിലാണ് സ്മാർട്ട് അങ്കണവാടികൾ പോലും! തിരുമുല്ലാവാരം സർപ്പക്കുഴിയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അങ്കണവാടി കെട്ടിടത്തിലെ സീലിംഗ് ഫാൻ കഴിഞ്ഞ ജൂൺ 19 ന് പൊട്ടിവീണ് മൂന്നുവയസുകാരന് പരിക്കേറ്റു. കാലപ്പഴക്കം ചെന്ന സീലിംഗ് ഫാനിന്റെ ഇരുമ്പ് പൈപ്പ് തുരുമ്പിച്ച് അടർന്ന് വീഴുകയായിരുന്നു. കെട്ടിടം ശോച്യാവസ്ഥയിലാണെന്ന് ആരോപണമുണ്ടെങ്കിലും ഫിറ്റ്നസ് ലഭിച്ചിരുന്നു.
ആകെ 2,723 അങ്കണവാടികളാണ് ജില്ലയിലുള്ളത്. ഇതിൽ 20 എണ്ണം മാത്രമാണ് സ്മാർട്ട് അങ്കണവാടിയായത്. ഓച്ചിറയിലും കരുനാഗപ്പള്ളിയിലും ഓരോ അങ്കണവാടികളും സ്മാർട്ടാക്കാൻ തറക്കല്ലിട്ടു. കുട്ടിക്കസേര, മേശ, ചുവരുകളിൽ കൗതുകമുണർത്തി പല നിറങ്ങളിലുള്ള വരകൾ, സ്മാർട്ട് ടി.വി, കാർട്ടൂൺ, മ്യൂസിക്, വിവിധതരം കളിപ്പാട്ടങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്താനാണ് ആലോചനയെങ്കിലും സ്വന്തമായി കെട്ടിടം പോലുമില്ലാത്തവയ്ക്ക് ഇത് വെറും സ്വപ്നമാണ്. സ്വന്തമായി കെട്ടിടം ലഭിച്ചാൽ മാത്രമേ അങ്കണവാടികൾക്ക് സ്മാർട്ടാകാൻ കഴിയുകയുള്ളൂ.
ജോലിയുണ്ട്, കൂലി കുറവ്
ജോലിക്കനുസൃതമായ ശമ്പളം ലഭിക്കുന്നില്ലെന്നാണ് അങ്കണവാടി ജീവനക്കാരുടെ പരാതി. വൈദ്യുതി ബിൽ, ഗ്യാസ് സിലിണ്ടറിന്റെ പണം, വെള്ളത്തിന്റെ തുക, അങ്കണവാടികളിൽ ഭക്ഷണത്തിന് വാങ്ങുന്ന പച്ചക്കറി തുടങ്ങി പലവിധ ചെലവുകളും ജീവനക്കാരുടെ ചുമലിലാണ്. ഇവയുടെ വൗച്ചർ നൽകി പിന്നീട് പണം അനുവദിച്ച് കിട്ടുന്നതാണ് രീതി. എന്നാൽ തുക ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. കിട്ടുന്ന തുച്ഛമായ ശബളത്തിന്റെ പകുതിയിലധികവും അങ്കണവാടികളിൽ തന്നെ ചെലവഴിക്കേണ്ട ഗതികേടിലാണ് ഭൂരിഭാഗം ജീവനക്കാരും. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമുള്ള വേനലവധി അങ്കണവാടിയിൽ ബാധകമല്ല. ഞായറാഴ്ച മാത്രമാണ് ഒഴിവുദിവസം. ഫീൽഡ് വർക്കിന് പ്രത്യേകം അലവൻസുമില്ല.
എല്ലാക്കാര്യത്തിലും പിന്നിൽ
പ്രതിമാസം ഓണറേറിയത്തിൽ നിന്ന് ക്ഷേമനിധിയിലേക്ക് ഈടാക്കുന്ന തുകയും ഒപ്പം സർക്കാർ വിഹിതവും ചേർത്താലും തുച്ഛമായ തുകയാണ് പിരിയുമ്പോൾ കിട്ടുന്നത്. അതുപോലും കൃത്യമായി ലഭിക്കാറില്ല. പെൻഷന്റെ കാര്യത്തിലും ഇതുതന്നെ അവസ്ഥ.
..............................
കുട്ടികളുടെയും അങ്കണവാടിയിലെയും എല്ലാ വിവരങ്ങളും ആപ്ലിക്കേഷൻ വഴി അപ്‌ലോഡ് ചെയ്യുന്നു
ഇതിനായി ജീവനക്കാർക്ക് ഫോണും ബി.എസ്.എൻ.എൽ സിമ്മും നൽകിയിരുന്നു
എന്നാൽ ഇവ പെട്ടെന്ന് ഉപയോഗ ശൂന്യമായി
സ്വന്തം ഫോണിൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്താണ് അപ്‌ലോഡിംഗ്
എന്നാൽ റീചാർജ് ചെയ്യാനുള്ള തുകപോലും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല
............................
ജില്ലയിലെ ആകെ അങ്കണവാടികൾ : 2,723
സ്മാർട്ട് ആയത്: 20
സ്മാർട്ടാകാൻ തറക്കല്ലിട്ടത്: 2
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്: 800
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |