സ്നേഹക്കൂട്ടിലെ അഗതികൾ 26ന് വീണ്ടും ഹിൽപാലസ് സന്ദർശിക്കും; സർക്കാർ ചെലവിൽ
കൊച്ചി: തൃപ്പൂണിത്തുറ ഹിൽ പാലസ് സന്ദർശിക്കാനെത്തിയ കോട്ടയം സ്നേഹക്കൂട് അഗതിമന്ദിരത്തിൽ നിന്നുള്ള വയോധികരോട് സെക്യൂരിറ്റി ഉദ്യോഗസ്ഥനായ പൊലീസുകാരൻ അപമര്യാദയായി പെരുമാറി സന്ദർശന പരിപാടി അലങ്കോലമാക്കിയതിൽ സർക്കാർ പ്രായശ്ചിത്തം ചെയ്യും. ഡിസംബർ 26ന് വയോജനങ്ങളുടെ സംഘത്തെ സർക്കാർ ചെലവിൽ ഹിൽപാലസ് കാണിക്കും.
സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിൽ സെക്രട്ടറി പി. ശശി ഇന്നലെ സ്നേഹക്കൂട് ഡയറക്ടർ നിഷയെ വിളിച്ച് വിവരങ്ങൾ അന്വേഷിച്ച് സൗജന്യമായി പാലസ് സന്ദർശനത്തിന് അവസരമൊരുക്കുകയായിരുന്നു.
പൊലീസുകാരനെ ഒഴിവാക്കി
വൃദ്ധരോട് അപമര്യാദയായി പെരുമാറിയ എ.ആർ. ക്യാമ്പിൽ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ സി.പി.ഒ എൽദോസിനെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കി. ഇയാളെ സസ്പെൻഡ് ചെയ്യുമെന്നും സൂചനയുണ്ട്. പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഇന്നലെ ഹിൽപാലസിൽ ജീവനക്കാരുടെ യോഗം വിളിച്ച് സന്ദർശകരോട് മാന്യമായി പെരുമാറണമെന്നും മുതിർന്ന പൗരന്മാർക്കും വികലാംഗർക്കും എല്ലാ പരിഗണനയും നൽകണമെന്നും നിർദ്ദേശിച്ചു. സ്നേഹക്കൂടിലെ അന്തേവാസികൾക്ക് സൗജന്യമായി സന്ദർശന സൗകര്യമൊരുക്കാനുംചാർജ് ഓഫീസർക്ക് നിർദ്ദേശം നല്കി.
സ്നേഹക്കൂട്
അഗതികളെ പരിപാലിക്കുന്ന കോട്ടയം 'സ്നേഹക്കൂട്ടി"ലെ അച്ഛനമ്മമാരുടെ ഡിസംബർ 17ലെ 'സഫലമീ യാത്ര" പരിപാടിയാണ് ഹിൽപാലസിലെ പൊലീസുകാരന്റെ ധാർഷ്ട്യം മൂലം അലങ്കോലമായത്. മൂന്ന് ബസുകളിലും ഒരു ആംബുലൻസിലുമായി എത്തിയ അച്ഛനമ്മമാരും സ്റ്റാഫുകളുമടക്കം 125 പേരിൽ 50ഓളം പേർക്ക് മാത്രമേ കുന്ന് കയറി പാലസിലെത്താൻ ആരോഗ്യമുള്ളൂ. പാർക്കിംഗ് ഗ്രൗണ്ടിൽ നിറുത്തിയിട്ട ബസിൽ ഇരിക്കുന്നവർക്കും പാസ് എടുക്കണമെന്ന് പൊലീസുകാരൻ വാശി പിടിക്കുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് എല്ലാവരും നിരാശരായി മടങ്ങിപ്പോയി. സ്പോൺസർഷിപ്പിലൂടെയാണ് ആറ് മാസത്തിലൊരിക്കൽ സംഘം യാത്ര നടത്തുന്നത്.
ഞങ്ങളുടെ അച്ഛനമ്മമാർ ഹിൽ പാലസ് മുഴുവൻ കാണും, ആടും, പാടും, റീൽസും ഷൂട്ട് ചെയ്യും. മുഖ്യമന്ത്രിക്കും ഞങ്ങളുടെ ദു:ഖം സ്വന്തം ദു:ഖമായി ഏറ്റെടുത്തവർക്കും നന്ദി.
നിഷ, ഡയറക്ടർ, സ്നേഹക്കൂട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |