ചുമതലയേറ്റത് 2219 ജനപ്രതിനിധികൾ
കൊച്ചി: ജില്ലയിൽ തിരഞ്ഞെടുക്കപ്പെട്ട 2219 ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. കൊച്ചി കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും ജില്ലയിലെ മുഖ്യവരണാധികാരിയായ കളക്ടർ ജി. പ്രിയങ്കയും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും അതത് റിട്ടേണിംഗ് ഓഫീസർമാരും മുതിർന്ന അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. നാലിടത്തും മുതിർന്ന അംഗങ്ങളാണ് മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. ഭൂരിഭാഗം പേരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ രജിസ്റ്ററിലും കക്ഷിബന്ധ രജിസ്റ്ററിലും ഒപ്പിട്ടു. കൂറുമാറ്റം സംബന്ധിച്ച പരാതികൾ വരുമ്പോൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പരിഗണിക്കുന്ന പ്രധാന രേഖ കക്ഷിബന്ധ രജിസ്റ്ററാണ്.
കൂത്താട്ടുകുളത്ത് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലറെ കോൺഗ്രസ് പ്രവർത്തകൻ മർദ്ദിച്ചതൊഴിച്ചാൽ മറ്റിടങ്ങളിലൊന്നും അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല. കൂത്താട്ടുകുളം നഗരസഭയിലെ 16ാം ഡിവിഷനിലെ നിയുക്ത കൗൺസിലർ ജോമി മാത്യുവിനാണ് മർദ്ദനമേറ്റത്. മുതിർന്ന് കോൺഗ്രസ് നേതാവ് പി.കെ ജോസഫ് കുര്യനാണ് മർദ്ദിച്ചത്. ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി ഏറ്റവും ഒടുവിലാണ് ജോമി സത്യപ്രതിജ്ഞ ചെയ്തത്.
കൊച്ചി കോർപ്പറേഷന്റെ പുതിയ ഓഫീസിലായിരുന്നു കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങ്. ഏറ്റവും മുതിർന്ന അംഗമായ ഗാന്ധിനഗർ ഡിവിഷൻ പ്രതിനിധി നിർമ്മല ടീച്ചർക്ക് കളക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. വിവിധ വാർഡുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 75 അംഗങ്ങളും സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി.
ജില്ലാ പഞ്ചായത്തിൽ ഏറ്റവും മുതിർന്ന അംഗമായ ആലങ്ങാട് ഡിവിഷൻ പ്രതിനിധി സിന്റ ജേക്കബാണ് മറ്റ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. സിന്റ ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്യ കൗൺസിൽ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷഫീഖ് വായിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി ശനിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഇന്നലെ സത്യപ്രതിജ്ഞ നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു എന്നിവർ പങ്കെടുത്തു.
ഇനി 26നും 27നും
നഗരസഭകളിലെയും കോർപ്പറേഷനുകളിലെയും ചെയർപേഴ്‌സൺ, മേയർ തിരഞ്ഞെടുപ്പ് ഡിസംബർ 26ന് രാവിലെ 10.30നും ഡെപ്യൂട്ടി ചെയർപേഴ്‌സൺ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2.30നും നടത്തും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകൾ ഡിസംബർ 27ന് യഥാക്രമം രാവിലെ 10.30നും ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |