
ചിറയിൻകീഴ്: പെരുങ്ങുഴി റെയിൽവേ സ്റ്റേഷൻ അവഗണനയുടെ വക്കിൽ. നിലവിലുണ്ടായിരുന്ന പാസഞ്ചർ ട്രെയിനുകൾക്കടക്കം സ്റ്റോപ്പുകൾ നിറുത്തലാക്കി. സ്റ്റേഷനിലിപ്പോൾ ടിക്കറ്റ് വിതരണവും നിലച്ചു. കൊവിഡ് കാലത്ത് നിറുത്തലാക്കിയ പുനലൂർ-മധുര പാസഞ്ചറിന്റെ ഇരുവശത്തേക്കുമുള്ള സ്റ്റോപ്പുകളും നാഗർകോവിൽ-കോട്ടയം പാസഞ്ചർ സ്റ്റോപ്പും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. മെമു ഉൾപ്പെടെ 8 ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടായിരുന്നെങ്കിലും നിലവിൽ 5 ട്രെയിനുകൾക്കാണ് സ്റ്റോപ്പുള്ളത്. ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുനരാരംഭിക്കാത്തതിനാൽ വരുമാനം കുറഞ്ഞതിനെ തുടർന്ന് കോൺട്രാക്ട് വ്യവസ്ഥയിൽ ടിക്കറ്റ് നൽകിയിരുന്ന കരാറുകാരൻ നിലവിൽ ടിക്കറ്റ് കൗണ്ടർ തുറക്കാറില്ല. ഇതോടെ യാത്രക്കാർക്ക് ടിക്കറ്റെടുക്കുവാനാകുന്നില്ല. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്ത് ഫൈൻ അടയ്ക്കേണ്ടി വന്നവരുമുണ്ട്.
നിരവധി യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ ഇരിപ്പിടമോ തണലേകാൻ പാകത്തിൽ മേൽക്കൂരകളോ ഇല്ല. ഉള്ളവയാകട്ടെ കഷ്ടിച്ച് വിരലിലെണ്ണാവുന്നവർക്ക് മാത്രം നിൽക്കാൻ പാകത്തിലുള്ളതാണ്.
യാത്രക്കാർക്ക് ഇരു പ്ലാറ്റ് ഫോമുകളിലേക്ക് പോകാൻ ഫുട്ഓവർ ബ്രിഡ്ജ് വേണമെന്ന ആവശ്യം വർഷങ്ങളായി നിലനിൽക്കുകയാണ്. ഇതില്ലാത്തതുകാരണം യാത്രക്കാർക്ക് അധികദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്.
പ്ലാറ്റ് ഫോമിനും റെയിൽവേ ഗേറ്റിനുമിടയിൽ യാത്രക്കാർക്ക് സുഗമമായി കടന്നുപോകാൻ പാത ഒരുക്കണമെന്നതും അധികൃതരുടെ കനിവ് തേടിക്കിടക്കുകയാണ്.
പെരുങ്ങുഴിയിലേക്ക് പ്രൈവറ്റ് ബസുകളില്ലാത്തതിനാൽ യാത്രാക്ലേശവും രൂക്ഷമാണ്.
സ്റ്റോപ്പ് നിറുത്തലാക്കി
പാസഞ്ചർ ഒഴികെയുള്ള ഒരു ട്രെയിനിന് പെരുങ്ങുഴിയിൽ സ്റ്റോപ്പ് വേണമെന്ന നാട്ടുകാരുടെ ആവശ്യമിരിക്കെയാണ് ഉള്ള ട്രെയിനുകൾക്ക് കൂടി സ്റ്റോപ്പ് നിറുത്തലാക്കിയത്. യാത്രക്കാരുടെ ദുരിതങ്ങൾ അധികൃതർ മനസിലാക്കി മെച്ചപ്പെട്ട സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ അഭ്യർത്ഥന.
റെയിൽവേ ഗേറ്റ് കടക്കാൻ
മണിക്കൂറുകൾ കാത്തിരിക്കണം
തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ സിഗ്നൽ സിസ്റ്റമില്ലാത്ത ഏക റെയിൽവേ ഗേറ്റാണ് പെരുങ്ങുഴി. ഗേയ്റ്റടഞ്ഞാൽ മൂന്നും നാലും ട്രെയിനുകൾ കടന്നുപോയതിന് ശേഷമാണ് തുറക്കുക. വാഹനയാത്രക്കാർക്ക് അരമണിക്കൂറിലേറെ കാത്തുകിടക്കേണ്ട അവസ്ഥയാണ്. രാവിലെയും വൈകുന്നേരവുമാണ് ബുദ്ധിമുട്ടേറെ. ഇടഞ്ഞും മൂല,ചല്ലിമുക്ക്, ആറാട്ടുകടവ്,കുഴിയം തുടങ്ങിയ സ്ഥലങ്ങളിൽപ്പോകാനായി നൂറുകണക്കിന് വാഹനയാത്രക്കാർ ആശ്രയിക്കുന്ന ഏകപാത കൂടിയാണിവിടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |