കാസർകോട്: സപ്‌തഭാഷ സംഗമ ഭൂമിയായ കാസർകോട് ജില്ലാ പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ വേറിട്ട കാഴ്ച. വിവിധ ഭാഷകളിൽ സത്യപ്രതിജ്ഞ ചൊല്ലിയാണ് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അധികാരമേറ്റത്. തുളു, കന്നഡ, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്‌തത്.
കളക്‌ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്‌ടർ കെ ഇമ്പശേഖർ സത്യവാചകം ചൊല്ലിക്കൊടുത്തു.
9 ഡിവിഷനുകളിൽ എൽ.ഡി.എഫ്, എട്ടിടത്ത് യു.ഡി.എഫ്, എൻ.ഡി.എ ഒന്ന് എന്നതാണ് ജില്ലാ പഞ്ചായത്തിലെ സീറ്റ് നില. എല്ലാ ജനപ്രതിനിധികൾക്കും ആശംസ അർപ്പിച്ച ശേഷം വരണാധികാരിയായ ജില്ലാ കളക്‌ടർ കെ. ഇമ്പശേഖർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ രാമപ്പ മഞ്ചേശ്വരയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. 74 വയസുള്ള രാമപ്പ, ബദിയടുക്ക ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. തുടർന്ന് അദ്ദേഹം മറ്റു ഡിവിഷനുകളിലെ ജനപ്രതിനിധികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
വോർക്കാടി ഡിവിഷനിലെ അലി ഹർഷാദ് വോർക്കാടി, പുത്തിഗെ ഡിവിഷനിലെ ജെ.എസ് സോമശേഖര, ദേലമ്പാടി ഡിവിഷനിലെ ഒ. വത്സല, കുറ്റിക്കോൽ ഡിവിഷനിലെ സാബു എബ്രഹാം, കള്ളാർ ഡിവിഷനിലെ റീന തോമസ്, ചിറ്റാരിക്കൽ ഡിവിഷനിലെ ബിൻസി ജെയ്ൻ, കയ്യൂർ ഡിവിഷനിലെ കെ. കൃഷ്‌ണൻ ഒക്ലാവ്, പിലിക്കോട് ഡിവിഷനിലെ എം. മനു, ചെറുവത്തൂർ ഡിവിഷനിലെ ഡോ. സെറീന സലാം, മടിക്കൈ ഡിവിഷനിലെ കെ. സബീഷ്, പെരിയ ഡിവിഷനിലെ കെ.കെ സോയ, ബേക്കൽ ഡിവിഷനിലെ ടി.വി രാധിക, ഉദുമ ഡിവിഷനിലെ സുകുമാരി ശ്രീധരൻ, ചെങ്കള ഡിവിഷനിലെ ജസ്‌ന മനാഫ്, സിവിൽ സ്റ്റേഷൻ ഡിവിഷനിലെ പി.ബി ഷെഫീക്ക്, കുമ്പള ഡിവിഷനിലെ അസീസ് കളത്തൂർ, മഞ്ചേശ്വരം ഡിവിഷനിലെ ഇർഫാന ഇഖ്ബാൽ എന്നിവരും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു.
ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, അഡ്വ. സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലൻ എന്നിവരും എ.ഡി.എം പി. അഖിൽ, എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ആർ. ഷൈനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്. ബിജു, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സ്ഥാനാർത്ഥികളുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |