കണ്ണൂർ: കോർപറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അരുൺ കെ. വിജയൻ മുതിർന്ന അംഗം തളാപ്പ് ഡിവിഷനിലെ ടി.പി ജമാലിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് അദ്ദേഹം ഡിവിഷൻ ക്രമത്തിൽ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യു.ഡി.എഫ് അംഗങ്ങൾ ഡി.സി.സി ഓഫിസിൽ നിന്നും പ്രകടനമായാണ് സത്യപ്രതിജ്ഞ വേദിയിലേക്കെത്തിയത്. എൻ.ഡി.എ അംഗങ്ങൾ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെയാണ് എത്തിയത്. കോർപറേഷനിലെ മേയർ തിരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടത്തും. മുനിസിപ്പൽ കൗൺസിലുകളിലെ ചെയർപേഴ്സൺ, ഡെപ്യൂട്ടി ചെയർപേഴ്സൺ തിരഞ്ഞെടുപ്പും 26ന് നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പ്രസിഡന്റ് തിരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തി രഞ്ഞെടുപ്പ് അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം 2.30നും നടക്കും.
കെ.പി താഹിർ ഡെപ്യൂട്ടി മേയർ
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി വാരം ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി താഹിറിനെ മുസ്ലിം ലീഗ് ജില്ലാ പാർലമെന്ററി ബോർഡ് തീരുമാനിച്ചു. കണ്ണൂർ ബാഫഖി സൗധത്തിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ പാർട്ടി യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹിമാൻ കല്ലായിയാണ് താഹിറിന്റെ പേര് പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |