അശ്രദ്ധമായ നിർമാണം മൂലം റോട്ടറി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
തൊടുപുഴ: പൊതുമരാമത്ത് വകുപ്പിന്റെ അശ്രദ്ധയും അലംഭാവവുംമൂലം റോട്ടറി ജംഗ്ഷനിലെ തിരക്ക് പൊതുജനത്തിന് ഊരാക്കുടുക്കാകുന്നു. ക്രിസ്തുമസ് വിപണിയോടനുബന്ധിച്ച് നഗരം സജീവമായതോടെയാണ് ഇവിടെ ജനം വലയുന്നത്. പൊതുവേ തിരക്ക് കൂടിയ, നഗരത്തിലെ ചില പ്രധാന ജംഗ്ഷനുകളിലൊന്നാണിവിടം. എത്ര തവണ ചെയ്തിട്ടും തീരാത്ത റോഡിലെ മരാമത്ത് ജോലിയാണ് ജനങ്ങൾക്ക് 'എട്ടിന്റെ ' പണിയായിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് റോഡിന് കുറുകെയുള്ള ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബ് പൊളിച്ച് മാറ്റി വീണ്ടും പുതിയ സ്ലാബിട്ടതാണ് നിലവിലെ ദുരിതം. ഇതോടെ ഈ ഭാഗത്ത് വീണ്ടും ഗതാഗത നിയന്ത്രണമായി. പഴയ സ്ലാബ് നീക്കം ചെയ്ത് പുതിയ സ്ലാബ് ഇടുന്നതിനായി ഒരു മാസത്തോളം ഗതാഗതം നിയന്ത്രിച്ചതിന് ശേഷം അടുത്തിടെയാണ് തുറന്ന് നൽകിയത്. എന്നാൽ വാഹനങ്ങൾ നിരന്തരം ഓടാൻ തുടങ്ങിയതോടെ ഇട്ട പുതിയ സ്ലാബുകളിൽ രണ്ടെണ്ണം ഇളകി. നടന്ന് പോയാൽ പോലും ഇളകുന്ന അവസ്ഥ. ഇതോടെ പകരം പുതിയവ വീണ്ടും കോൺക്രീറ്റ് ചെയ്തിടാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഓടയ്ക്ക് മുകളിലായി നിലവിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ റോഡരുകിൽ തന്നെ മാറ്റി സൂക്ഷിച്ചിട്ടുമുണ്ട്. ഈ വഴി തുറന്നു നൽകാൻ ഇനിയും ആഴ്ചകൾ എടുക്കുമെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്. മുമ്പ് കാൽ നടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഇവിടെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന സ്ലാബുകൾ വലിയ ഭീഷണിയായതോടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതോടെയാണ് ഇവ മാറ്റി കട്ടിയുള്ള കോൺക്രീറ്റ് സ്ലാബുകൾ പകരം സ്ഥാപിക്കാൻ പൊതുമരാമത്ത് വിഭാഗം തിരുമാനിച്ചത്. പഴയ സ്ലാബുകൾ നീക്കി ചെറുതും വലുതുമായ ആറോളം പുതിയ സ്ലാബുകളാണ് അന്ന് സ്ഥാപിച്ചത്. റോഡിൽ നിരന്തരം പണി നടക്കുന്നുണ്ടെങ്കിലും സമയ ബന്ധിതമായി പൂർത്തിയാക്കാത്തത് പ്രതിസന്ധി അനുദിനം രൂക്ഷമാക്കുന്നു.
തിരക്ക് അനിയന്ത്രിതം
ക്രിസ്തുമസിനൊപ്പം മണ്ഡലകാലം കൂടിയായതിനാൽ ശബരിമല തിർത്ഥാടകരും ധാരളമായി എത്തുന്നുണ്ട്. ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾക്കായി കുട്ടികളും മുതിർന്നവരും കോളേജ് വിദ്യാർത്ഥികളും അടക്കം എത്തുന്നതിനാൽ നഗരത്തിൽ സദാസമയവും തിരക്കാണ്. എന്നാൽ നിരക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലീസ് അടക്കമുള്ളവർ ഇല്ലാത്തതും ശബരിമല ഡ്യൂട്ടിയിലായതിനാൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗത്തിന്റെയും പൊലീസിന്റെയും സേവനം നഗരത്തിൽ ലഭ്യമല്ല എന്നതും വലിയ പ്രതിസന്ധിയാണ്.
''വാഹനങ്ങൾ നിരന്തരം കയറാൻ തുടങ്ങിയതോടെയാണ് സ്ലാബുകൾ ഇളകാൻ തുടങ്ങിയത്. ഈ നില തുടർന്നാൽ അടിയിൽ സ്ഥാപിച്ചിരുന്ന ഭിത്തി തകരുമായിരുന്നു. ഗതാഗതം പുന:സ്ഥാപിക്കാൻ 28 ദിവസമാണ് വേണ്ടതെങ്കിലും സ്ലാബ് ഉറയ്ക്കുന്നതിന് അനുസരിച്ച് വഴി തുറന്നു നൽകും'' -
പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയർ, തൊടുപുഴ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |