തുരത്താൻ ശ്രമിച്ച ആന വീടുകൾ ഉൾപ്പെടെ ആക്രമിച്ചു തകർത്തു
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഇന്നലെ പുലർച്ചെ മുതൽ ജനവാസ മേഖലയിൽ കണ്ട കാട്ടുകൊമ്പൻ പരിഭ്രാന്തി പരത്തുന്നു. പുലർച്ചെ അഞ്ചു മണിയോടെ അങ്ങാടിക്കടവ് സ്കൂളിന് സമീപം കണ്ട കൊമ്പൻ പിന്നീട് വലിയപറമ്പിൻകരി ആശാൻ കുന്നിലെ റബർ തോട്ടത്തിൽ നിലയുറപ്പിക്കുകയായിരുന്നു. വനം വകുപ്പ്, ആർ.ആർ.ടി, പൊലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തി ആനയെ നിരീക്ഷിച്ചു. പാറയ്ക്കാമല മേഖലയിൽ നിന്നും എത്തിയ കൊമ്പനാണ് രാത്രി വൈകിയും തിരികെ പോകാതെ മേഖലയിൽ പരിഭ്രാന്തി പരത്തുന്നത്. പ്രദേശവാസികൾ വീടിന് വെളിയിൽ വരരുതെന്ന് പഞ്ചായത്ത് കർശന നിർദേശം നൽകി. മേഖലയിൽ ഉച്ചഭാഷിണിയിലൂടെ പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകി. ആന കടന്നുപോകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ പൊലീസ്, വനം വകുപ്പ് അധികൃതർ കാവൽ ഏർപ്പെടുത്തി.
രണ്ടു വീടുകളുടെ ഷെഡും ഒരു മിഷ്യൻ പുരയും ആന തകർത്തു. കുരിശുംമൂട്ടിൽ ചാക്കോ, പുത്തൻ പുരയ്‌ക്കൽ റോയി എന്നിവരുടെ വീടിന്റെ ഷെഡുകളും വട്ടുകുളം ബിജോയിയുടെ മിഷ്യൻ പുരയമാണ് ആന തകർത്തത്.
ആന രാത്രിയോടെ വന്ന വഴിയിലൂടെ തന്നെ തിരിച്ചു പോകുമെന്നാണ് വനം വകുപ്പ് അധികൃതരുടെ കണക്കുകൂട്ടൽ. ജനങ്ങൾ വെളിയിൽ ഇറങ്ങി ശബ്ദവെച്ചതും കൂട്ടം കൂടി നിന്നതും പലപ്പോഴും അധികൃതർക്ക് വലിയ വെല്ലുവിളിയായി. രണ്ട് തവണ റോഡ് മുറിച്ചു കടക്കാൻ വന്ന ആന തിരികെ പോയത് ജനങ്ങൾ കൂട്ടമായി നിന്ന് ശബ്ദം ഉണ്ടാക്കിയതുകൊണ്ടാണ്. പലരും വീടിനു മുകളിൽ കയറി നിന്ന് ആനയെ കാണാൻ ശ്രമിച്ച് ശബ്ദം വെച്ചതോടെ ആന കൂടുതൽ അക്രമാസക്തനാകുക ആയിരുന്നു.
തുരത്തൽ ആരംഭിച്ചത് 3.30ഓടെ
മൂന്നരയോടെ ആശാൻ കുന്നിൽ നില ഉറപ്പിച്ച ആനയെ വനം, ആർ.ആർ.ടി സംയുക്ത ടീം ആനയെ തുരത്തുന്നതിനുള്ള നടപടികൾ 3.30ഓടെ ആരംഭിച്ചു. ആദ്യം വന്ന വഴിയേ തന്നെ തിരിച്ചിറങ്ങിയ ആന വേഗം ഗതിമാറി ഈന്തുംകരി ഭാഗത്തേക്ക് തിരിഞ്ഞു. ജനവാസ മേഖലയായ ഇവിടം വനത്തിനോട് ചേർന്ന പ്രദേശം ആയതുകൊണ്ട് ഇതുവഴി വനത്തിലേക്ക് കടത്തിവിടാൻ ശ്രമിക്കുന്നതിനിടയിൽ ഈന്തുംകരി അടിവാരത്തിന് സമീപം റോഡ് മുറിച്ചുകടക്കാതെ ആന തിരിഞ്ഞ് വന്ന ദിശയിലേക്ക് തന്നെ തിരിച്ചു കയറിയ അക്രമാസക്തനാകുക ആയിരുന്നു. ഇടക്ക് കരിക്കോട്ടക്കരി ടൗൺ ഭാഗത്തേക്ക് തിരിഞ്ഞ ആന വീണ്ടും തിരിഞ്ഞ് ഈന്തുംകരിക്ക് സമീപമെത്തി. ഇവിടെനിന്നും വനത്തിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ പദ്ധതി മുഴുവൻ തകിടം മറിച്ച് 5.30 ഓടെ ആന വീണ്ടും ആശാൻ കുന്നിലേക്ക് തന്നെ കയറിപ്പോയി.
തുരത്തൽ 6.30ഓടെ നിർത്തി
അക്രമാസക്തനായ ആനയെ രാത്രി വൈകി തുരത്തുക പ്രയാസമായത്തോടെ 6.30ഓടെ അധികൃതർ നിർത്തുകയായിരുന്നു. വെളിച്ചക്കുറവും പരിചയമില്ലാത്ത കുന്നിൻ പ്രദേശവും തുരത്തലിന് തടസമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |