കടത്തനാടൻ കളരിയുടെയും വോളിബോളിന്റേയും തേങ്ങവിപണിയുടെയും പ്രൗഢിപേറുന്ന വടകര വികസനത്തിൽ ഇനിയും ഏറെ വളരാനുണ്ട്. വടകരയുടെ വികസനത്തിന്റെ ആണിക്കല്ലായ വടകര-മാഹിക്കനാലിന് ഒച്ചിഴയും വേഗമാണ്. പുതിയ ഭരണ സമിതി നഗരസഭയിൽ അധികാരത്തിലേറുമ്പോൾ ജനത്തിനുണ്ട് പ്രതീക്ഷകൾ ഏറെ.
@ ബസ് സ്റ്റാൻഡുകൾ മാറണം
65ലധികം വർഷം പഴക്കമുളള പഴയ ബസ് സ്റ്റാൻഡ് കെട്ടിടം വീഴ്ചയുടെ വക്കിലാണ്. സമഗ്ര കോട്ടപ്പറമ്പ് വികസന പദ്ധതിയുടെ ഭാഗമായി കോട്ടപ്പറമ്പിലെ ഏതാനും കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയെങ്കിലും പിന്നെയൊന്നും നടന്നില്ല. ആളൊഴിഞ്ഞ പഴയ ബസ് സ്റ്റാൻഡിന്റെ പ്രതാപം തിരിച്ച് പിടിക്കണം.
@ പരിഷ്‌കരിക്കണം പുതിയ ബസ് സ്റ്റാൻഡും
സ്ലാബുകൾ തകർന്നതോടെ ബസുകളുടെ കയറിയിറക്കം കഠിനമാണ്. നഗരത്തിലെത്തുന്നവർക്ക് താമസ സൗകര്യം നൽകാൻ കഴിയുന്ന ഷെൽട്ടറടക്കമുണ്ടാക്കി ബസ് സ്റ്റാൻഡ് കെട്ടിടം മാറ്റിപ്പണിയണം.
@ കളിസ്ഥലങ്ങൾ
പേരുകേട്ട കായിക പ്രതിഭകളെ സംഭാവന ചെയ്ത വടകരയിൽ ഇപ്പോൾ കളി സ്ഥലങ്ങൾ ഇല്ല. സൊസൈറ്റി ഗ്രൗണ്ട്, നാരായണ നഗരം ഇൻഡോർ സ്റ്റേഡിയം, കുരിയാടി കളിസ്ഥലം...ഇന്നിപ്പോൾ എവിടെയും കളി നടക്കുന്നില്ല. വടകരയുടെ കായിക പ്രതാപം തിരിച്ചുപിടിക്കാനുള്ള കളിസ്ഥലങ്ങൾ പുനരുജ്ജീവിപ്പിക്കണം.
@ സമഗ്ര അഴുക്കുചാൽ പദ്ധതി , ട്രീറ്റ്‌മെന്റ് പ്ലാന്റ്
വടകര നഗരത്തിന് സമഗ്രവും ശാസ്ത്രീയവുമായ അഴുക്കുചാൽ പദ്ധതിയില്ല. പഴയ ബസ് സ്റ്റാൻഡ് പരിസരത്തെ നഗരസഭയുടെ മത്സ്യ മാർക്കറ്റിൽ നിന്നുൾപ്പെടെയുള്ള മലിനജലം താഴെയങ്ങാടി അരയാക്കി തോട്ടിലേക്കാണ് തുറന്നുവിടുന്നത്. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ മലിനജലം കരിമ്പനത്തോട്ടിലേക്കാണ് ഒഴുക്കിവിടുന്നത്. മഴക്കാലത്ത് കക്കൂസ് മാലിന്യം ഉൾപ്പെടെ പരിസരത്ത് പരന്നൊഴുകുന്നത് പതിവാണ്.
@ അറവുശാല
നിലവിൽ അറവുശാലയില്ല. നേരത്തെ ഉണ്ടായിരുന്ന അറവുശാല സൗകര്യങ്ങൾ ഇല്ലാത്തതിന്റെ പേരിൽ ഉപേക്ഷിച്ചതോടെ കാടുമുടി കിടക്കുകയാണ്. ഒരു മാനദണ്ഡവും പാലിക്കാതെ പരിശോധനയില്ലാതെ മാടുകളെ അറുത്തു വിൽക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
@ ഭിന്നശേഷി പദ്ധതി വേണം
ഭിന്നശേഷി വിഭാഗക്കാരെ പൊതുധാരയിൽ എത്തിക്കാൻ പദ്ധതികൾ വേണം. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴിൽ പരിശീലനത്തിനും യോഗ്യത അനുസരിച്ചുള്ള തൊഴിൽ ലഭിക്കാനുമുള്ള നടപടികൾ വേണം.
@ ഉപ്പുവെള്ളത്തിന് പരിഹാരമാകണം
നഗരസഭയിലെ ബഹുഭൂരിപക്ഷം ഭാഗങ്ങളിലും വേനൽക്കാലത്ത് നാലുമാസത്തോളം കുടിവെള്ള ശൃംഖലയിലൂടെ എത്തുന്നത് ഉപ്പുവെള്ളമാണ്. വീടുകളിലും, ഹോട്ടലുകളിലും ഉടമകൾ സ്വന്തം നിലയിൽ പണം മുടക്കി കുടിവെള്ളം വാഹനത്തിൽ എത്തിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |