അന്തിമ പട്ടിക ഫെബ്രുവരി 21ന്
കോഴിക്കോട്: തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടെ കാര്യാലയത്തിലും വില്ലേജ് ഓഫീസിലും കൂടാതെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്‌സൈറ്റിലും കരട് പട്ടിക പരിശോധനയ്ക്ക് ലഭിക്കും. വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് എല്ലാവരും പരിശോധിക്കണം.
എസ്.ഐ.ആറിന്റെ ഭാഗമായി ജില്ലയിൽ ആകെ വിതരണം ചെയ്തത് 26,58,847 എന്യൂമറേഷൻ ഫോമുകളാണ്. മരിച്ചവർ, സ്ഥിര താമസമില്ലാത്തവർ, ഇരട്ട വോട്ടുള്ളവർ, ബി.എൽ.ഒമാർ പലതവണ ഭവന സന്ദർശനം നടത്തിയിട്ടും പ്രദേശവാസികളും ബൂത്ത് ലെവൽ ഏജന്റുമാരും മുഖേന അന്വേഷിച്ചിട്ടും കണ്ടെത്താനാകാത്തവർ തുടങ്ങി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരെ ഉൾപ്പെടുത്തിയ എഎസ്ഡി ലിസ്റ്റിൽ ജില്ലയിൽ 1,86,179 (7.0ശതമാനം) പേരാണുള്ളത്. തിരികെ ലഭിച്ച ഫോമുകളിൽ 96,161(3.62ശതമാനം) പേരെയാണ് 2002ലെ പട്ടികയുമായി മാപ്പ് ചെയ്യാൻ സാധിക്കാത്തത്. തിരികെ ലഭിച്ച എന്യുമറേഷൻ ഫോമുകളിൽ 2002ലെ പട്ടികയിൽ സ്വയം ഉൾപ്പെട്ടവർ 48.49(12,89,325) ശതമാനമാണ്. അതേസമയം, 10,87,182(40.89ശതമാനം) പേരെ 2002 വോട്ടർ പട്ടികയിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളുമായി മാപ്പ് ചെയ്താണ് ഉൾപ്പെടുത്തിയത്. കരട് പട്ടികയിലുള്ള അവകാശവാദങ്ങളും ആക്ഷേപങ്ങളും 2026 ജനുവരി 22 വരെ അറിയിക്കാം. ഏതെങ്കിലും കാരണവശാൽ കരട് പട്ടികയിൽ നിന്ന് തെറ്റായി ഒഴിവായിപ്പോയിട്ടുണ്ടെങ്കിൽ ആറാം നമ്പർ ഫോമിൽ അപേക്ഷ സമർപ്പിച്ച് തിരികെ പട്ടികയിൽ ഉൾപ്പെടാം. ഇ.ആർ.ഒ തലത്തിലുള്ള ഹിയറിംഗുകൾ 2026 ഫെബ്രുവരി 14 വരെ നടക്കും. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും. ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 534 പോളിംഗ് സ്‌റ്റേഷനുകളാണ് പുതിയതായി അനുവദിച്ചത്. നിലവിൽ ആകെ ബൂത്തകളുടെ എണ്ണം 2837 ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |