
കോട്ടയം: ത്രിശങ്കുവിലായ പാലാ നഗരസഭയിൽ ആരെ പിന്തുണയ്ക്കുമെന്ന് മനസ് തുറക്കാതെ സസ്‌പെൻസ് നിലനിറുത്തുന്ന പുളിക്കക്കണ്ടം കുടുംബം ഇന്ന് അന്തിമതീരുമാനം അറിയിക്കും. സ്വതന്ത്രരായി ജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ പുളിക്കക്കണ്ടം എന്നിവരുടെ പിന്തുണ ആവശ്യപ്പെട്ട് മന്ത്രി വി.എൻ.വാസവന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് നേതാക്കൾ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
എൽ.ഡി.എഫിനും യു.ഡി.എഫിനും കേവല ഭൂരിപക്ഷമില്ലാത്ത നഗരസഭയിൽ അദ്ധ്യക്ഷ സ്ഥാനം നൽകുന്നവരെ പിന്തുണയ്ക്കുമെന്നാണ് പുളിക്കകണ്ടം കുടുംബത്തിന്റെ നിലപാട്. ദിയ ബിനുവിനെ ആദ്യ രണ്ടുവർഷം ചെയർപേഴ്സണും ബിനുവിനെ മൂന്നുവർഷം വൈസ് ചെയർമാനും ആക്കണമെന്നാണ് ഡിമാൻഡ്.
മൂന്നുപേരും ജയിച്ച വാർഡുകളിലെ വോട്ടർമാരെ കൂട്ടി നടത്തിയ ജനസഭയിൽ ഭൂരിപക്ഷംപേരും യു.ഡി.എഫിനെ പിന്തുണയ്ക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനിടെയാണ് എൽ.ഡി.എഫ് ബിനുവുമായി ചർച്ച നടത്തിയത്. കൂടിക്കാഴ്ചയിൽ ബിനുവിന്റെ ഡിമാൻഡിനോട് അനുകൂലമായി നിലപാടെടുത്തെന്നാണ് സൂചന. ബിനുവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |