വൈപ്പിൻ: മുനമ്പത്തെ 610 കുടുംബങ്ങളുടെ ഭൂമി വഖഫ് ബോർഡ് വഖഫ് ഭൂമിയാക്കിയത് സാധുവാണോ എന്ന സംശയം ബലപ്പെടുന്നു. 2019ൽ ഭൂമി വഖഫ് ബോർഡിന്റെ ഭൂരജിസ്റ്ററിൽ ഉൾപ്പെടുത്തും മുമ്പ് ഭൂഉടമകളെ അറിയിക്കണമെന്ന നടപടിക്രമം പാലിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നതോടെയാണിത്.
മുനമ്പം ഭൂസംരക്ഷണ സമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശേരിക്ക് വിവരാവകാശ അപേക്ഷയിൽ നൽകിയ മറുപടിയിൽ ഫറൂഖ് കോളേജിന് മാത്രമേ നോട്ടീസ് നൽകിയിട്ടുള്ളൂവെന്നാണ് വഖഫ് ബോർഡ് വ്യക്തമാക്കിയത്.
താമസക്കാർക്ക് നോട്ടീസ് നൽകേണ്ടതില്ലെന്നും മറുപടിയിലുണ്ട്. ഇത് സുപ്രീം കോടതി വിധികളുടെ ലംഘനമാണെന്നാണ് ഭൂസംരക്ഷണ സമിതിയുടെ വാദം. ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കാൻ മതിയായ കാരണമാണ് ഈ പിഴവെന്ന് ജോസഫ് ബെന്നി പറഞ്ഞു. വഖഫ് ട്രൈബ്യൂണലും ഇതേ ചോദ്യങ്ങൾ വഖഫ് ബോർഡിനോട് ചോദിച്ചിട്ടുണ്ടെങ്കിലും മറുപടി നൽകിയിട്ടില്ല. ഒരു മാസത്തിനകം മറുപടി സമർപ്പിക്കണമെന്ന് ഡിസംബർ 20ന് ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്.
നടപടിക്രമം പാലിക്കപ്പെട്ടില്ലെങ്കിൽ വഖഫ് രജിസ്‌ട്രേഷൻ റദ്ദാക്കാൻ വഖഫ് ട്രൈബൂണലിന് സാധിക്കും. ഇക്കാര്യത്തിൽ എന്ത് സംഭവിക്കുമെന്ന ആകാംക്ഷയിലാണ് ഭൂഉടമകൾ. സുപ്രീംകോടതി, കേരള ഹൈക്കോടതി, കോഴിക്കോട് വഖഫ് ട്രൈബ്യൂണൽ എന്നിവിടങ്ങളിലാണ് മുനമ്പം ഭൂവ്യവഹാരം.
ഭൂമിയുടെ കരം അടയ്ക്കാൻ മാത്രമാണ് അനുവാദമെന്നും മറ്റ് റവന്യൂ നടപടികൾ പാടില്ലെന്നുമുള്ള ഹൈക്കോടതി വിധി വന്നതോടെ മുനമ്പം നിവാസികൾ അനിശ്ചിതത്വത്തിലായിരുന്നു. നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് കരം അടയ്ക്കാൻ അനുമതി ലഭിച്ചത്. നാനൂറോളം പേർ കരം അടച്ചു. പിന്നീട് സർക്കാർ നിർദ്ദേശപ്രകാരം 5 പേർ ഭൂമിപോക്കുവരവിന് അപേക്ഷയും നൽകി. കരം സ്വീകരിക്കാമെന്ന് വിധി വന്നതോടെ വേളാങ്കണ്ണി മാതാ പള്ളി അങ്കണത്തിൽ നടത്തിവന്നിരുന്ന 414 ദിവസത്തെ റിലേ നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. സമരസമിതിയിലെ ഒരുവിഭാഗം പള്ളിക്ക് എതിർവശം സമരം തുടരുകയാണ്.
ആധാരം ചെയ്ത് 69 വർഷം കഴിഞ്ഞ് വഖഫ് ബോർഡ് മുനമ്പം ഭൂമി വഖഫ് ആക്കിയത് നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ്. 1923 മുതലുള്ള വഖഫ് നിയമങ്ങൾ പ്രകാരം ആറ് മാസത്തിനുള്ളിൽ ചെയ്യേണ്ടതായിരുന്നു. സെക്ഷൻ 14 പ്രകാരം താമസക്കാർക്ക് നൽകേണ്ട നോട്ടീസും നൽകിയിട്ടില്ല.
ഫാ.ആന്റണി സേവ്യർ തറയിൽ
വികാരി, വേളാങ്കണ്ണിമാതാ പള്ളി, മുനമ്പം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |