കൊല്ലം: പ്രതീക്ഷയുടെയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉണർത്തി ഇന്ന് നാടെങ്ങും ക്രിസ്മസ്. വീടുകളും വീഥികളും ദീപങ്ങളാലും നക്ഷത്രങ്ങളാലും അലങ്കരിച്ചാണ് വിശ്വാസികൾ ക്രിസ്തുദേവന്റെ തിരുപ്പിറവിയെ വരവേറ്റത്.
ആഘോഷങ്ങളുടെ നേർക്കാഴ്ച വിപണിയിൽ പ്രകടമായിരുന്നു. ക്രിസ്മസ് പൊടിപൊടിക്കാൻ അവസാന വട്ട ഒരുക്കങ്ങൾക്ക് വേണ്ട അവശ്യസാധനങ്ങളും തുണിത്തരങ്ങളും വാങ്ങാൻ നഗരത്തിലുൾപ്പടെ തിരക്ക് അനുഭവപ്പെട്ടു. അതുകൊണ്ട് തന്നെ പല വ്യാപാര സ്ഥാപനങ്ങളും രാത്രി വൈകിയും പ്രവർത്തിച്ചു. പുൽക്കൂടും നക്ഷത്രവും കേക്കും വൈനുമെല്ലാം നന്നായി വിറ്റഴിഞ്ഞെന്ന് കച്ചവടക്കാരും പറയുന്നു.
കുട്ടികളും ആഘോഷ തിമിർപ്പിലാണ്. സംഘം ചേർന്ന് കരോളുമായി അവരും പലയിടത്തുമുണ്ട്. ദേവാലയങ്ങളിൽ ഇന്നലെ രാത്രി നടന്ന തിരുപ്പിറവി ആഘോഷത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു. പാതിരാ കുർബാനയ്ക്ക് പുരോഹിതർ നേതൃത്വം നൽകി. പരസ്പരം ആശംസകൾ നേർന്നാണ് വിശ്വാസികൾ ക്രിസ്മസിനെ എതിരേറ്റത്. കരോൾ ഗാന മത്സരങ്ങൾ, പുൽക്കൂട് മത്സരങ്ങൾ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായി.
മധുരിക്കും വിപണി
ക്രിസ്മസ് തലേ ദിവസമായിരുന്ന ഇന്നലെ നഗരത്തിൽ കേക്ക് വിപണിയും സജീവമായിരുന്നു. പലരും കുടുംബമായി തന്നെ കേക്കുകൾ വാങ്ങാനെത്തി. ക്രീം കേക്കുകളുണ്ടെങ്കിലും പ്ലം കേക്കുകൾക്കാണ് ക്രിസ്മസ് കാലത്ത് ആവശ്യക്കാരേറെ. രാവിലെ മുതൽ മത്സ്യ, മാംസ വ്യാപാര കേന്ദ്രങ്ങളിലും ക്യൂവായിരുന്നു. ഇറച്ചി വിഭവങ്ങൾക്ക് ആവശ്യമായ സവാള, ഉള്ളി, ഇഞ്ചി എന്നിവ വാങ്ങാൻ പച്ചക്കറി കടകളിലും തിരക്ക് അനുഭവപ്പെട്ടു. ബേക്കറികളിലും കച്ചവടം പൊടിപൊടിച്ചു.
ജാഗ്രതയിൽ പൊലീസും എക്സൈസും എം.വി.ഡിയും
ക്രിസ്മസ് ആഘോഷം അതിടുകടക്കാതിരിക്കാൻ നിയമപാലകർ ജാഗ്രതയിലാണ്. എക്സൈസിന്റെ പരിശോധനകൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. നഗരത്തിലും ബീച്ചിലുമടക്കം സുരക്ഷ വർദ്ധിപ്പിച്ചു. ക്രിസ്മസ്, പുതുവത്സരം ആഘോഷമാക്കാൻ ജില്ലയിലേക്ക് ലഹരിയുടെ ഒഴുക്കുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അധികൃതർ സ്പെഷ്യൽ ഡ്രൈവുകൾ ഉൾപ്പടെ നടത്തുന്നുണ്ട്. സ്ട്രൈക്കിംഗ് ഫോഴ്‌സും റേഞ്ച് സബ് ഓഫീസുകളിലെ സ്‌പെഷ്യൽ സ്‌ക്വാഡുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. റെയിൽവേ സ്‌റ്റേഷൻ, പാഴ്‌സൽ ഓഫീസുകൾ, ഹോംസ്‌റ്റേ, റിസോർട്ടുകൾ, ഹൗസ് ബോട്ടുകൾ, സ്‌കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കർശന പരിശോധനയുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |