പ്രധാന ജംഗ്ഷനുകളിൽപ്പോലും ബസ് ഷെൽട്ടറുകളില്ല
കൊല്ലം: ദേശീയപാതയിൽ കാവനാട്- കടമ്പാട്ടുകോണം റീച്ചിൽ പൊളിച്ചുനീക്കിയ നൂറോളേ ബസ് ഷെൽട്ടറുകൾക്കു പകരം നിർമ്മിക്കുന്നത് പ്രധാന ജംഗ്ഷനുകളിൽ ഇരുവശങ്ങളിലുമായി 30 എണ്ണം മാത്രം! ആവശ്യത്തിന് സ്ഥലമില്ലെന്ന പേരിൽ പല ജംഗ്ഷനുകളും ഒഴിവാക്കപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്.
തദ്ദേശ സ്ഥാപനങ്ങൾ നിർമ്മിച്ചവ, എം.എൽ.മാരുടെയും എം.പിമാരുടെയും പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചുള്ളവ, വിവിധ സന്നദ്ധ സംഘടനകൾ സംഭാവന ചെയ്തവ അടക്കമാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുനീക്കിയത്. എന്നാൽ ചെറിയ ജംഗ്ഷനുകളിലടക്കം എൻ.എച്ച്.എ.ഐ ബസ് ഷെൽട്ടർ നിർമ്മിക്കാത്തതിനാൽ അവിടങ്ങളിൽ യാത്രക്കാർ വെയിലും മഴയുമേറ്റ് ബസ് കാത്തുനിൽക്കേണ്ടിവരും. ഒന്നിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും നൂറു കണക്കിന് വിദ്യാർത്ഥികളെത്തുന്നതുമായ ജംഗ്ഷനുകളിൽ പോലും ബസ് ഷെൽട്ടർ പരിഗണനയിലില്ല.
അപകട സാദ്ധ്യത
ചെറിയ ജംഗ്ഷനുകളിൽ അടക്കം ദേശീയപാതയുടെ വക്കിലാണ് കടകൾ സ്ഥിതി ചെയ്യുന്നത്. ഓടയും സർവീസ് റോഡിന്റെ ഭാഗമായതിനാൽ ഒരു മീറ്റർ യൂട്ടിലിറ്റി ഏരിയ മാത്രമാണ് യാത്രക്കാർക്ക് ബസ് കാത്തുനിൽക്കാനുള്ളത്. ഇവിടങ്ങളിൽ റോഡിന്റെ വീതി കുറച്ച് ബസ് ഷെൽട്ടറിന് സ്ഥലം ഒരുക്കാനും എൻ.എച്ച്.എ.ഐ തയ്യാറായിട്ടില്ല. റോഡുവക്കിൽ ബസ് കാത്തുനിൽക്കാൻ സുരക്ഷിതമായ ഇടമില്ലാത്തത് അപകടങ്ങൾക്കും ഇടയാക്കും.
ഇരുവശങ്ങളിലും ബസ് ഷെൽട്ടറുകൾ വരുന്ന സ്ഥലങ്ങൾ
ആൽത്തറമൂട് കാവനാട് നീരാവിൽ കടവൂർ കല്ലുന്താഴം അയത്തിൽ എൻ.എസ് ജംഗ്ഷൻ മേവറം കൊട്ടിയം ഇത്തിക്കര മൈലക്കാട് തിരുമുക്ക് ചാത്തന്നൂർ പാരിപ്പള്ളി കടമ്പാട്ടുകോണം
45 മീറ്റർ വീതിയിലാണ് ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുത്തത്. ആറുവരിപ്പാത, സർവ്വീസ് റോഡ്, ഓട, യൂട്ടിലിറ്റി ഏരിയ എന്നിവ കഴിഞ്ഞ് ബസ് ഷെൽട്ടറിന് ജംഗ്ഷനുകളിൽ സ്ഥലമില്ല. ജംഗ്ഷൻ അല്ലാത്ത ചുരുക്കം സ്ഥലങ്ങളിൽ മാത്രമാണ് പുറമ്പോക്ക് അവശേഷിക്കുന്നത്
ദേശീയപാത വിഭാഗം അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |