
തിരുവനന്തപുരം: വാടകയ്ക്ക് താമസിക്കുന്ന മുഴുവൻ ബി.പി.എൽ ഉപഭോക്താക്കൾക്കും സൗജന്യമായി കുടിവെള്ളം വിതരണം ചെയ്യണമെന്ന സർക്കാർ നിർദ്ദേശത്തിനെതിരേ വാട്ടർ അതോറിട്ടി. നിലവിലുള്ള സൗജന്യ വിതരണം തന്നെ കടുത്ത ബാദ്ധ്യതയാണ്. പുതിയ നിർദ്ദേശം നടപ്പാക്കണമെങ്കിൽ മാനദണ്ഡം നിശ്ചയിക്കണം. വാട്ടർ അതോറിട്ടി മാനേജ്മെന്റ് ഇന്ന് മന്ത്രി റോഷി അഗസ്റ്റിനുമായി ഇക്കാര്യം ചർച്ച ചെയ്യും.
സർക്കാരിന്റെ നയപരമായ തീരുമാന പ്രകാരമാണ് ബി.പി.എല്ലുകാർക്ക് 2008ൽ സൗജന്യ വിതരണം തുടങ്ങിയത്. ബാദ്ധ്യത സർക്കാർ നൽകുമെന്നും അറിയിച്ചിരുന്നു. എന്നാൽ, ഒരു രൂപയും നൽകിയില്ല. 2008 മുതൽ 2024 വരെയുള്ള സൗജന്യ വിതരണത്തിൽ 123.88 കോടി രൂപ കുടിശികയുണ്ട്. ഇത് ലഭ്യമാക്കണമെന്ന് വാട്ടർ അതോറിട്ടി എം.ഡി ജലവിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചിരുന്നു. കെ.എസ്.ഇ.ബിക്ക് നൽകാനുള്ള 2068 കോടി രൂപയുടെ കുടിശികയിൽനിന്ന് കുറവ് ചെയ്യാമെന്നാണ് സർക്കാർ അറിയിച്ചത്. പൊതുടാപ്പിലൂടെയുള്ള ജലവിതരണത്തിന് തദ്ദേശവകുപ്പിൽ നിന്ന് ലഭിക്കാനുള്ള 719 കോടിയും കെ.എസ്.ഇ.ബിയുടെ കുടിശികയിൽ നിന്ന് കുറയ്ക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ, അതും നടന്നില്ല.
സൗജന്യ വിതരണത്തിന് ഗ്രാന്റില്ല
സൗജന്യ വിതരണം നടത്തണമെങ്കിൽ പ്രത്യേക ഗ്രാന്റ് അനുവദിക്കണമെന്നാണ് അതോറിട്ടിയുടെ ആവശ്യം. കുറഞ്ഞ വരുമാനത്തിൽ നിന്നാണ് സൗജന്യ വിതരണം നടത്തുന്നത്. പ്രതിമാസം 15,000 രൂപ വാടകയ്ക്ക് താമസിക്കന്നവരുണ്ട്. ഇവർക്കും സൗജന്യമായി വെള്ളം എന്തിനെന്നും ചോദിക്കുന്നു.
ബി.പി.എൽ ഉപഭോക്താക്കൾ
8,69,500
പ്രതിമാസം സൗജന്യം
15,000 ലിറ്റർ വരെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |