
തിരുവനന്തപുരം:പോറ്റിയേ കേറ്റിയേ എന്ന് പാടിയവർ ആദ്യം പോറ്റിയെ കേറ്റിയത് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു.
ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടക്കുന്നത് ഹൈക്കോടതി നിരീക്ഷണത്തിലാണ്.മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു ത ഇടപെടലും നടത്തുന്നില്ല. സി.ബി.ഐ.യെ ഏൽപിക്കേണ്ട സാഹചര്യം ഇല്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചില ആരോപണങ്ങൾക്കു മറുപടി പറയാൻ പറ്റാതെ വരുമ്പോഴാണു മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്.
അടൂർ പ്രകാശിന്റെ പേര് ഉയർന്നുവന്നത് സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർദ്ധനുമായുള്ള ചിത്രം പുറത്തുവന്നപ്പോഴാണ്. എങ്ങനെയാണ് മഹാതട്ടിപ്പുകാരായ രണ്ടുപേരും അവിടെ എത്തിയത്. പോറ്റി വിളിച്ചാൽ പോകേണ്ട ആളാണോ അടൂർ പ്രകാശ്. സോണിയാ ഗാന്ധിയെ കാണാൻ അവസരം കിട്ടാൻ പങ്കുവഹിച്ചത് ആരാണെന്നതിനു അവർക്ക് മറുപടിയില്ല. ഉത്തരം കിട്ടാത്തപ്പോൾ കൊഞ്ഞനം കുത്തുകയാണ്.
മുൻ മന്ത്രി കടകംപള്ളി സരേന്ദ്രനെ എസ്.ഐ.ടി ചോദ്യം ചെയ്തത് അവർക്ക് പല കാര്യങ്ങളിലും വ്യക്തത തേടേണ്ടതു കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെ ചോദ്യം ചെയ്യണം എന്ന് അവരാണ് തീരുമാനിക്കേണ്ടത്.രഹസ്യമായാണ് ചോദ്യം ചെയ്തതെന്ന ആക്ഷേപത്തിൽ കഴമ്പില്ല.
അത് നേരത്തെ അറിയിക്കാറില്ല. മറ്റുള്ളവരെ ചോദ്യം ചെയ്തപ്പോൾ പ്രതിപക്ഷ നേതാവിനെ അറിയിച്ചിരുന്നോ?എസ്.ഐ.ടി നല്ല നിലയിൽ ചുമതല നിർവഹിക്കുന്നുണ്ട്. അന്വേഷണത്തിൽ പരാതികൾ ഇതുവരെയില്ല.
ബി.ജെ.പി.ജയത്തിന്
പിന്നിൽ കോൺഗ്രസ്
തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി.ഭരണം നേടിയതിന് പിന്നിലെ കറുത്ത കരങ്ങൾ ആരുടേതാണെന്ന് പരിശോധിച്ചാൽ മനസിലാകുമെന്ന് മുഖ്യമന്ത്രി.ബി.ജെ.പി നേടിയ പല ഡിവിഷനുകളിലും യു.ഡി.എഫ്. വോട്ടിൽ ഗണ്യമായ കുറവുണ്ടായി. യു.ഡി.എഫ് നിലമെച്ചപ്പെടുത്തിയ ഡിവിഷനുകളിൽ ബി.ജെ.പി.വോട്ടിലും കുറവ് കാണാനാകും. നേമത്ത് ബി.ജെ.പി.ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും ഇത് കാണാനാകും.തൃശ്ശൂർ ലോക് സഭാ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിച്ചപ്പോൾ യു.ഡി.എഫിന്റെ 86000ത്തോളം വോട്ടാണ് കുറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |