
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ശ്രീകോവിലിന് മുകളിൽ സർവപൂജകളും നടത്തി പ്രതിഷ്ഠപോലെ പവിത്രമായി സ്ഥാപിച്ച താഴികക്കുടങ്ങൾ ഇളക്കിയെടുത്ത് പമ്പവരെ കൊണ്ടുപോയതായി എസ്.ഐ.ടിക്ക് വിവരം ലഭിച്ചു. അറ്റകുറ്റപ്പണി ചെയ്ത് മിനിസപ്പെടുത്താനെന്ന പേരിലാണിത്.
ശ്രീകോവിലിനു മുകളിലെ മൂന്ന് താഴികക്കുടങ്ങൾ, കന്നിമൂലഗണപതി, നാഗരാജാവ് ഉപക്ഷേത്രങ്ങളുടെ താഴികക്കുടം, ശ്രീകോവിലിന്റെ വാതിൽ, വശങ്ങളിലെ ദ്വാരപാലക ശില്പങ്ങൾ എന്നിവയിലും മല്യയുടെ സ്വർണമാണ് പാളികളാക്കി പൊതിഞ്ഞിരുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര, ഇരുവശത്തെയും ഭിത്തികൾ എന്നിവിടങ്ങളിൽ അയ്യപ്പചരിതം ആലേഖനം ചെയ്ത സ്വർണപ്പാളികളും മല്യ പൊതിഞ്ഞിരുന്നു.
ശ്രീകോവിലിലെ ശൈവ, വൈഷ്ണവ രൂപങ്ങൾ അടക്കം ശ്രീത്വം തുളുമ്പുന്ന അമൂല്യമായ ചെറുവിഗ്രഹങ്ങളും ഉപദേവതാലയങ്ങളിലെ സ്വർണവും കടത്തിയെന്ന് സംശയിക്കുന്നു. ശ്രീകോവിലിൽ കൂടുതൽ കൊള്ളനടന്നിട്ടുണ്ടോയെന്ന് എസ്.ഐ.ടി പരിശോധിക്കും.
വ്യവസായി വിജയ് മല്യ 1998ൽ ശ്രീകോവിൽ സ്വർണം പൊതിയും മുൻപുതന്നെ പ്രഭാവലയമടങ്ങിയ പാളികൾ തങ്കം പൊതിഞ്ഞവയാണ്. നൂറുകിലോയോളം വരുന്ന പാളികളിലാണ് ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലം. ഇതിൽ എത്രത്തോളം തങ്കമുണ്ടായിരുന്നെന്നതിന് കണക്കില്ല. ഈ കണക്കുണ്ടായിരുന്ന തിരുവാഭരണം രജിസ്റ്റർ നശിപ്പിക്കപ്പെട്ടു.
വിജയ് മല്യ ശ്രീകോവിലിൽ പതിപ്പിച്ച 30.3കിലോ സ്വർണപ്പാളികളിൽ ഇനി എത്ര ബാക്കിയുണ്ടെന്ന് കണ്ടറിയണം ശ്രീകോവിൽ വാതിലിലെ കട്ടിളയിൽ ഘടിപ്പിച്ച ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് പാളികൾ, രാശി ചിഹ്നങ്ങളുള്ള രണ്ട് പാളികൾ, കട്ടിളയുടെ മുകൾപ്പടിയിലെ പാളി എന്നിവയ്ക്ക് പുറമെയാണ് പ്രഭാമണ്ഡലത്തിലെ 7പാളികളും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് സ്വർണം വേർതിരിച്ചത്.
2019ൽ ദ്വാരപാലക ശില്പങ്ങൾ ഇളക്കും മുൻപ് പലപ്പോഴായി ഇവയെല്ലാം മിനുക്കിയിട്ടുണ്ട്. ശ്രീകോവിലിൽ മുൻപുണ്ടായിരുന്ന ചെമ്പുതകിടുകളും മേൽക്കൂരയിലെ പലകയും നീക്കിയശേഷം പുതിയ തേക്കുപലക ഉറപ്പിച്ച് അതിനുമുകളിൽ പുതിയ ചെമ്പുപാളി തറച്ചശേഷമാണ് സ്വർണം പൊതിഞ്ഞത്. സ്വർണപ്പാളികൾ കടലാസിനെക്കാൾ കട്ടി കുറച്ച് മെർക്കുറി ഉപയോഗിച്ചു ചെമ്പുപാളികളിൽ ഒട്ടിച്ചാണു സ്വർണം പൊതിഞ്ഞത്.
രാസലായനിക്കഥ കള്ളമോ?
42.1കിലോ പാളികൾ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ച് രാസമിശ്രിതമുപയോഗിച്ച് സ്വർണം വേർതിരിച്ച് കട്ടയാക്കിയെന്നാണ് എസ്.ഐ.ടി കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്.
ദശാവതാരങ്ങളും രാശിചിഹ്നങ്ങളും പ്രഭാമണ്ഡലവുമുള്ള ടൺകണക്കിന് തൂക്കമുള്ള പാളികളിൽ നിന്ന് സ്വർണം മാത്രമായി വേർതിരിക്കാൻ കഴിയുമോയെന്നും പരിശോധിക്കുന്നു.
രണ്ടുകിലോ സ്വർണം കൊള്ളയടിച്ചെന്നാണ് എസ്.ഐ.ടി തുടക്കം മുതൽ പറയുന്നത്. പ്രഭാമണ്ഡലത്തിലെ കൊള്ളകൂടിയാവുമ്പോൾ വ്യാപ്തി ഇനിയുമുയരാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |