
പത്തനംതിട്ട : മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഡിസംബർ 30ന് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം നടതുറന്നതിന് ശേഷം ഇതുവരെ 2,17,288 തീർത്ഥാടകർ സന്നിധാനത്തെത്തി. ഡിസംബർ 30 വൈകിട്ട് അഞ്ചു മണിക്കാണ് നട തുറന്നത്. 57,256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിംഗിലൂടെ 4,401, പുൽമേട് വഴി 4,283 പേരുമാണ് ഇന്നലെ ശബരി ദർശനം നടത്തിയത്. ഡിസംബർ 31ന് 90,350 പേർ സന്നിധാനത്തെത്തി. വിർച്വൽ ക്യൂവിലൂടെ 26,870; സ്പോട്ട് ബുക്കിംഗ്: 7,318, പുൽമേട് വഴി 4,898. ഇന്ന് (ജനുവരി ഒന്ന് വൈകുന്നേരം 6.50 വരെ) 69,682 പേർ ശബരിമലയിൽ ദർശനം നടത്തി.
ശബരിമല സന്ദർശിച്ച് ബാലാവകാശ കമ്മിഷൻ
സംസ്ഥാന ബാലാവകാശ കമ്മിഷൻ ശബരിമല സന്ദർശിച്ചു. ശബരിമലയിലെത്തുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാൻ വിവിധ വകുപ്പുകൾ സ്വീകരിക്കുന്ന നടപടികൾ അറിയാനാണ് കമ്മിഷൻ ചെയർപേഴ്സൺ കെ.വി.മനോജ് കുമാർ, അംഗങ്ങളായ ബി.മോഹൻകുമാർ, കെ കെ ഷാജു എന്നിവർ സന്നിധാനം സന്ദർശിച്ചത്. ശബരിമല പൊലീസ് ചീഫ് കോർഡിനേറ്റർ എ ഡി ജി ജി പി എസ്.ശ്രീജിത്ത് ദേവസ്വം ബോർഡ് അംഗങ്ങൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.ശ്രീനിവാസ് എന്നിവരുമായി കമ്മിഷൻ കൂടിക്കാഴ്ച നടത്തി.
സന്നിധാനത്ത് തിരക്ക് നിയന്ത്രിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും സുഗമമായ ദർശനം ഉറപ്പാക്കാൻ സ്വീകരിച്ച വിവിധ നടപടികളിൽ കമ്മിഷൻ തൃപ്തി അറിയിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമായി സന്നിധാനത്തും പതിനെട്ടാം പടിയിലും ഒരുക്കിയ പ്രത്യേക വരി വിപുലീകരിക്കണമെന്നും കുട്ടികളെ കണ്ടെത്താൻ അണിയിക്കുന്ന റിസ്റ്റ് ബാൻഡ് എല്ലാ കുട്ടികളും അണിയുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും കമ്മിഷൻ നിർദേശം നൽകി. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ശബരിമലയിലെ ഉദ്യോഗസ്ഥരുമായി വിശദമായ ഹിയറിംഗ് നടത്തി നിലവിലെ സ്ഥിതി കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ നിർദേശങ്ങൾ നൽകുമെന്നും കമ്മിഷൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |