ചവറ: ജന്മിത്വത്തെയും നാടൻ പ്രമാണിത്തത്തെയും അക്ഷരക്കൂട്ടായ്മ കൊണ്ട് നേരിടാൻ കഴിയുമെന്ന് തെളിയിച്ച കമ്മ്യൂണിസ്റ്റായിരുന്നു കെ.സി.പിള്ളയെന്ന് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. പതിറ്റാണ്ടുകളായി കൊല്ലം ജില്ലയിൽ തലയെടുപ്പോടെ നിൽക്കുന്ന ഉദയ ഗ്രന്ഥശാല അദ്ദേഹത്തിന്റെ അത്തരം കാഴ്ചപ്പാടുകളുടെ തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. പുത്തൻസങ്കേതം കെ.സി.പിള്ള സ്മാരക ഉദയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.സി.പിള്ള അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥശാല പ്രസിഡന്റ് എസ്.അശോകൻ അദ്ധ്യക്ഷനായി. പ്രശസ്ത കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മുഖ്യപ്രഭാഷണം നടത്തി. ഐ.ഷിഹാബ് അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ വെച്ച് നേപ്പാളിൽ നടന്ന അണ്ടർ 14 ഇന്തോ-നേപ്പാൾ ഫുട്ബാൾ ടൂർണമെന്റ് ജേതാക്കളായ ഇന്ത്യൻ ടീമിന്റെ ഗോളി അഭിനവ് ഗോപനെയും, വഴിയിൽ നിന്നു കിട്ടിയ സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി മാതൃകയായ ധർമ്മരാജനെയും മന്ത്രി ആദരിച്ചു.
തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ എസ്., താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കടത്തൂർ മൻസൂർ, വൈസ് പ്രസിഡന്റ് അനിൽ പുത്തേഴം, സി.പി.സുധീഷ് കുമാർ, എസ്.സോമൻ, അഡ്വ.മണിലാൽ, ബുഷ്‌റ എസ്., ആർ.രാജീവൻ എന്നിവർ സംസാരിച്ചു. എം.കെ.മുദാസ് സ്വാഗതവും പി.ശിവൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |