കൊല്ലം: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലുള്ള മലമേൽ ടൂറിസം പ്രദേശത്തെ 'കുടപ്പാറ' കൗതുകമാണ്. ഒരു പാറയുടെ മുകളിൽ മറ്റൊരു പാറയാണ്, എന്നാൽ അതിനൊരു കുടയുടെ സമാനമായ തണലുണ്ട്. മുകളിൽ ഉള്ള പാറയുടെ അടിവശത്തായിട്ടാണ് വിശാലമായ തണൽ പ്രദേശം. ഇവിടെ വിശ്രമിക്കാം. വെയിലേൽക്കാതെ, മഴ നനയാതെ ഈ 'കുടപ്പാറ'യുടെ കീഴിൽ സമയം ചെലവിടാമെന്നതാണ് വ്യത്യസ്തമാക്കുന്നത്. മലമേൽ ടൂറിസം പദ്ധതിയുടെ സവിശേഷതയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ്. നാടുകാണിപ്പാറ, വിമാനപ്പാറ, ഗോളാന്തര പാറ, എന്നിങ്ങനെ പല പേരുകളിലും രൂപങ്ങളിലുമുള്ള പാറക്കൂട്ടങ്ങളാണ് ഇവിടത്തെ പ്രധാന ആകർഷണം. ഓരോന്നും ഓരോ തരത്തിൽ കൗതുകമാണെങ്കിലും കുടപ്പാറയാണ് കിടിലം! ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിൽപ്പെടുന്ന അറയ്ക്കൽ വില്ലേജിലാണ് മലമേൽ ടൂറിസം പ്രദേശം.
ടൂറിസം വകുപ്പ് ഉടായിപ്പ്!
കഴിഞ്ഞ വർഷം പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഫെസ്റ്റ് ഉൾപ്പടെ ഇവിടെ സംഘടിപ്പിച്ചിരുന്നു. മുൻ വർഷങ്ങളിലും ഇത്തരത്തിൽ വിപുലമായ പരിപാടികൾ ഉണ്ടായിരുന്നതാണ്. എന്നാൽ ഇത്തവണ പുതുവത്സര ആഘോഷം പേരിനുവേണ്ടി മാത്രം നടത്തി ചുരുക്കി. പുതുവർഷത്തിന്റ ആദ്യ ദിനത്തിൽ മലമേൽ കാണാനെത്തിയവർക്ക് തുള്ളി കുടിവെള്ളം പോലും കിട്ടാത്ത ദുരനുഭവവും ഉണ്ടായി. ലഘു ഭക്ഷണ ശാലയൊക്കെ പകൽ അടഞ്ഞുകിടന്നു. പൊരിവെയിലത്ത് മലകയറാനെത്തിയവർ നാവ് വരണ്ടിട്ടും പരിഹാര സംവിധാനമായില്ല. വലിയ തോതിൽ വികസിക്കേണ്ട മലമേൽ ടൂറിസം പദ്ധതിയെ അധികൃതർ അവഗണിക്കുകയാണ്.
3 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തുവെങ്കിലും കളിക്കോപ്പുകളോ ഊഞ്ഞാലോ പോലും ഇല്ലാത്ത സ്ഥിതിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |