
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നു ചാടിപ്പോയ വിചാരണ തടവുകാരനായ കൊലക്കേസ് പ്രതിയെ നാലു ദിവസമായിട്ടും കണ്ടെത്താനാകാതെ പൊലീസ്. മഞ്ചേരി സ്വദേശി വിനീഷ് വിനോദ് (26) ആണ് തിങ്കളാഴ്ച രാത്രി ടോയ്‌ലെറ്റിന്റെ ചുവര് തുരന്ന് മതിൽ ചാടി രക്ഷപ്പെട്ടത്.
പെരിന്തൽമണ്ണ ഏലംകുളത്ത് 2021 ജൂണിൽ ദൃശ്യയെന്ന യുവതിയെ വിവാഹാഭ്യർത്ഥന നിരസിച്ചതിന് കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ദൃശ്യയുടെ പിതാവിന്റെ കട കത്തിച്ചശേഷമായിരുന്നു കൊലപാതകം. കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന വിനീഷ് ആത്മഹത്യാശ്രമം നടത്തിയപ്പോഴാണ് കുതിരവട്ടത്ത് എത്തിച്ചത്.
പ്രതിക്കായി റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന തുടരുകയാണ്. ആശുപത്രിക്കു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ജില്ല വിട്ടുപോയിരിക്കാൻ ഇടയുണ്ടെന്നും വിലയിരുത്തലുണ്ട്. അതേസമയം, തങ്ങളെ ആക്രമിക്കുമൊയെന്ന് ഭയമുണ്ടെന്ന് ദൃശ്യയുടെ അമ്മയും സഹോദരിയും പറഞ്ഞു. കുടുംബത്തെ മുഴുവൻ ഇല്ലായ്മ ചെയ്യുമെന്ന് പ്രതി നേരത്തേ പറഞ്ഞിരുന്നു. വിനീഷ് മനോരോഗിയല്ലെന്നും ഇവർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |