
തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിനും സ്ഥാനക്കയറ്റത്തിനും യോഗ്യതാ പരീക്ഷയായ കെ-ടെറ്റ്
നിർബന്ധമാക്കുകയും അധിക യോഗ്യതയുള്ളവർക്ക് അനുവദിച്ചിരുന്ന ഇളവ് റദ്ദാക്കുകയും ചെയ്തതോടെ 60,000 അദ്ധ്യാപകർ ആശങ്കയിൽ. ഇത്രയും പേർ കെ.ടെറ്റ് പാസാകാതെയാണ് സർവീസിൽ തുടരുന്നത്. ഇവർക്ക് ഫെബ്രുവരിയിൽ പരീക്ഷ നടത്തുന്നുണ്ടെങ്കിലും എത്രപേർ പാസാകുമെന്ന് കണ്ടറിയണം. പാസാകാൻ രണ്ടു വർഷത്തെ സാവകാശം നൽകിയിട്ടുണ്ടെന്നതു മാത്രമാണ് ഏക ആശ്വാസം.
സുപ്രീം കോടതി തീരുമാന പ്രകാരമാണ് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയതെങ്കിലും, അതിലെ നിർദേശങ്ങൾ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തെയും തൊഴിൽ സുരക്ഷയെയും ബാധിക്കുമെന്നാണ് സംഘടനകളുടെ പരാതി. പ്രതിപക്ഷ സംഘടനകൾക്ക് പിന്നാലെ ഭരണാനുകൂല സംഘടനയായ കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു എന്നിവയും ഉത്തരവിനെതിരെ രംഗത്തെത്തി. അദ്ധ്യാപക സംഘടനകൾ സുപ്രീം കോടതിയിൽ റിവ്യൂ പെറ്റീഷൻ നൽകിയിട്ടുണ്ടെങ്കിലും സമരത്തിനും നീക്കമുണ്ട്.
സ്ഥാനക്കയറ്റം
തടയരുത്
സർവീസിലുള്ള അദ്ധ്യാപകർക്ക് ടെറ്റ് പരീക്ഷ എഴുതി യോഗ്യത തെളിയിക്കാൻ മതിയായ അവസരം നൽകാതെ സ്ഥാനക്കയറ്റം നിഷേധിക്കുരുതെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.
സുപ്രീംകോടതി വിധിയിൽ റിവ്യൂ പെറ്റീഷൻ നൽകാനുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കണം.
കോടതി വിധിക്ക് മുമ്പേ, പ്രൊമോഷൻ ലഭിച്ചിട്ടും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അംഗീകാരം ലഭിക്കാത്ത അദ്ധ്യാപകരുടെ അവകാശങ്ങൾ സംരക്ഷിക്കണം.
13 വർഷമായി തുടരുന്ന ഇളവുകൾ ഭാഗികമായി റദ്ദ് ചെയ്തെങ്കിലും പുതിയ ഉത്തരവിലൂടെ എൽ.പി വിഭാഗത്തിൽ കെ-ടെറ്റ് കാറ്റഗറി 2 അനുവദിച്ചതും സി-ടെറ്റ് യോഗ്യതാ ഇളവുകൾ നൽകിയതും സുപ്രീം കോടതി വിധിക്കെതിരാണ്. ഇവ നിയമക്കുരുക്കിന് വഴിവെക്കും
``കോടതി അനുവദിച്ച രണ്ട് വർഷത്തെ സാവകാശം പോലും നൽകാതെ പ്രൊമോഷൻ നിഷേധിക്കുന്നത് അദ്ധ്യാപകരുടെ ജീവിതം ഇരുട്ടിലാക്കുന്ന നടപടിയാണ്. കൂട്ടപ്പിരിച്ചുവിടലിന് വഴിയൊരുക്കുന്ന നീക്കത്തിനെതിരെ സമരം ശക്തമാക്കും.``
കെ. അബ്ദുൽ മജീദ്
സംസ്ഥാന പ്രസിഡന്റ്
കെ.പി.എസ്.ടി.എ
``വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലെ അദ്ധ്യാപക വിരുദ്ധ നിർദ്ദേശങ്ങൾ തിരുത്തണം. സർവീസിലുള്ളവരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കുകയും കെ-ടെറ്റ് പരീക്ഷാ നടപടികൾ വേഗത്തിലാക്കണം.``
ടി.കെ.എ. ഷാഫി
ജനറൽ സെക്രട്ടറി
കെ.എസ്.ടി.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |