
ന്യൂസിലാൻഡിന് എതിരായ വൺഡേ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും
മുംബയ് : ന്യൂസിലാൻഡിന് എതിരായ മൂന്ന് ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മറ്റി പ്രഖ്യാപിക്കാനിരിക്കേ ആരെയൊക്കെ ഉൾപ്പെടുത്തും ആരെയൊക്കെ ഒഴിവാക്കും എന്ന ചർച്ചയിലാണ് ക്രിക്കറ്റ് ലോകം.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയിൽ ശുഭ്മാൻ ഗില്ലിന് പരിക്കേറ്റതിനാൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. പരിക്ക് മാറിയെങ്കിലും ന്യൂസിലാൻഡിന് എതിരായ ട്വന്റി-20 പരമ്പരയ്ക്കും ലോകകപ്പിനുമുള്ള ടീമുകളിൽ നിന്ന് ഒഴിവാക്കപ്പെട്ട ശുഭ്മാൻ ഗിൽ ഏകദിന ടീമിന്റെ നായകനായി തിരിച്ചെത്തുമെന്ന് കരുതുന്നു. ഒരുവർഷത്തോളമായി ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിറുത്തിയേക്കുന്ന പേസർ മുഹമ്മദ് ഷമിയുടെ തിരിച്ചുവരവും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. വിരാട് കൊഹ്‌ലി,രോഹിത് ശർമ്മ എന്നിവരും ടീമിലുണ്ടാകും. ഇന്ത്യൻ ടീമിൽ കളിക്കണമെങ്കിൽ ആഭ്യന്തര ടൂർണമെന്റുകളിൽ കളിച്ചേപറ്റൂ എന്ന ബി.സി.സി.സി.ഐ നിർദ്ദേശമനുസരിച്ച് വിജയ് ഹസാരേയിലിറങ്ങിയ ഇരുവരും സെഞ്ച്വറിയടിച്ചിരുന്നു.
അതേസമയം ശ്രേയസ് അയ്യർ, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവരെ ഈ ഏകദിന പരമ്പരിയിൽ കളിപ്പിച്ചേക്കില്ലെന്നാണ് സൂചന.
ജനുവരി 11ന് വഡോദരയിലാണ് ആദ്യ ഏകദിനം. 14ന് രാജ്കോട്ടിലും 18ന് ഇൻഡോറിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ. തുടർന്ന് ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ അഞ്ച് ട്വന്റി-20കൾ നടക്കും. തുടർന്ന് ഇരുടീമുകളും ലോകകപ്പിൽ കളിക്കും.
റിഷഭ് പന്ത്
ട്വന്റി-20 ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട റിഷഭ് പന്തിനെ ഏകദിനത്തിൽ നിന്നും മാറ്റിയേക്കും. കെ.എൽ രാഹുൽ വിക്കറ്റ് കീപ്പറായുള്ളതിനാൽ രണ്ടാം വിക്കറ്റ് കീപ്പറായി ഇഷാൻ കിഷന് അവസരം നൽകിയേക്കും. ട്വന്റി-20യിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ഇഷാന് മത്സരപരിചയം നൽകുകയെന്ന ലക്ഷ്യവും ഇതിനുപിന്നിലുണ്ട്. സഞ്ജുവിനും വൺഡേ ടീമിൽ ഇടം ലഭിച്ചേക്കില്ല.
ശ്രേയസ് അയ്യർ
കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ പരിക്കേറ്റ ശ്രേയസ് ബെംഗളുരുവിൽ ബാറ്റിംഗ് പ്രാക്ടീസ് തുടങ്ങിയെങ്കിലും ശരീര ഭാരത്തിൽ കുറവ് വന്നതിനെത്തുടർന്ന് 50 ഓവർ മത്സരങ്ങളിലേക്ക് തിരിച്ചെത്താൻ കഴിയുന്ന സ്ഥിതിയില്ല എന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. ഇതിനാൽ താരത്തിനെ ഈ ഏകദിന പരമ്പരയിൽ പരിഗണിക്കാൻ സാദ്ധ്യതയില്ല.
ജസ്പ്രീത് ബുംറ
ട്വന്റി-20 ലോകകപ്പിനുള്ള ടീമിൽ സ്ഥിരതയും പരിചയസമ്പത്തുമുള്ള പേസറാണ് ബുംറ. ലോകകപ്പിന് മുമ്പ് അഞ്ച് ട്വന്റി-20കൾ തുടർച്ചയായി ബുംറ കളിക്കേണ്ടതുണ്ട്. അതിനാൽ ഈ ഏകദിന പരമ്പരയിൽ ബുംറയെ കളിപ്പിക്കാൻ സാദ്ധ്യതയില്ല. മതിയായ വിശ്രമം നൽകിയശേഷം ട്വന്റി-20യിൽ കളിപ്പിക്കുകയാകും ചെയ്യുക.
ഹാർദിക് പാണ്ഡ്യ
ബുംറയെപ്പോലെ തന്നെ ഏകദിന പരമ്പരയിൽ സെലക്ടർമാർ വിശ്രമം നൽകാൻ തീരുമാനിച്ചേക്കാവുന്ന താരമാണ് ഹാർദിക് പാണ്ഡ്യ.പരിക്കിന്റെ ഒരു ഇടവേള കഴിഞ്ഞ് ഹാർദിക് ടീമിലേക്ക് മടങ്ങിയെത്തിയിട്ട് അധികകാലമായിട്ടില്ല. അതിനാൽ കൂടുതൽ വർക്ക് ലോഡ് നൽകാനിടയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |