
കൊല്ലം: സംസ്ഥാനസർക്കാരിന് തൃശൂരിനാേട് എന്തിനാണ് ഇത്രയ്ക്ക് വൈരാഗ്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേന്ദ്ര ഫോറൻസിക് ലാബിന് സ്ഥലം ചോദിച്ചെങ്കിലും തൃശൂരിൽ സ്ഥലം അനുവദിക്കാൻ സർക്കാർ തയ്യാറായില്ലെന്നും പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിൽ ബിജെപി സർക്കാരോ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥയോ വന്നാൽ ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ലഭിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഫാേറൻസിക് ലാബിനുവേണ്ടി സ്ഥലം ചോദിച്ചിരുന്നു. എന്നാൽ തൃശൂരിൽ സ്ഥലം ഇല്ലെന്നായിരുന്നു സംസ്ഥാന സർക്കാർ പ്രതികരിച്ചത്. അതുകൊണ്ട് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരവും എന്റെ രാജ്യമായതുകൊണ്ട് എനിക്കത് എതിർക്കാൻ വയ്യ.തൃശൂരിൽ ആവശ്യപ്പെടുന്നത് 25 ഏക്കർ ഭൂമിയാണ്. അവിടെ വലിയ പദ്ധതി വരും. സർക്കാർ അവിടെ ഭൂമി എറ്റെടുത്തുതരണം. തൃശൂരിനോട് എന്തിനാണ് വൈരാഗ്യം. അതിൽ രാഷ്ട്രീയമുണ്ട്. അത് തൃശൂരിലെ ജനങ്ങളോട് വ്യക്തിയാക്കിയാൽ മതി'-സുരേഷ് ഗോപി പറഞ്ഞു.
'ഡബിൾ എൻജിൻ സർക്കാരിന്റെ ഗുണം ഏതെല്ലാം സംസ്ഥാനങ്ങൾക്ക് ലഭിച്ചു. തമിഴ്നാട് അതിൽനിന്ന് വ്യത്യസ്തമാണ്. ഡബിൾ എൻജിൻ സർക്കാർ ഇല്ലാത്ത അവസ്ഥയിലും ഒരു ഡബിൾ എൻജിൻ സർക്കാരായാണ് അവർ പ്രവർത്തിക്കുന്നത്. തമിഴന്മാർക്ക് കിട്ടേണ്ടതെല്ലാം അത് ഏതുശത്രു ഭരിച്ചാലും കേന്ദ്രത്തിൽ നിന്ന് അവർ കൊണ്ടുവരും. കേരളത്തിൽ അതുവരണമെങ്കിൽ ഒരു ബിജെപി സർക്കാർ, അല്ലെങ്കിൽ ബിജെപി ഭരണത്തിന് തുല്യമായ അവസ്ഥ വരണം. തിരുവനന്തപുരത്തെ തിലകമണിയിച്ചത് അവിടത്തെ ജനങ്ങളാണ്. ആ ഒരു മനോഭാവമാണ് കേരളത്തിൽ വരേണ്ടത്'- സുരേഷ് ഗോപി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |