
വയനാട് ചുരം വഴിയുളള യാത്ര അതികഠിനമായി. ഒമ്പത് കൊടും വളവുകൾ, അത് കയറി വയനാട്ടിലേക്ക് എത്താനോ വയനാട്ടിൽ നിന്ന് ചുരം ഇറങ്ങാനോ ഇപ്പോൾ മൂന്നും നാലും മണിക്കൂറുകൾ!. പന്ത്രണ്ട് കിലോ മീറ്റർ ദൈർഘ്യമുളള പാത താണ്ടാനാണ് ഇത്രയും സമയം.ഗതാഗത കുരുക്കൊന്നും ഇല്ലെങ്കിൽ അരമണിക്കൂർ കൊണ്ട് ചുരം കടക്കാം.ചുരത്തിലെ ഗതാഗത കുരുക്ക് ,ഇത് ഇന്നോ ഇന്നലയോ തുടങ്ങിയതല്ല.കാലമേറെയായി.ക്രിസ്മസ് അവധിയും പുതുവർഷാരംഭവും കൂടിയായപ്പോൾ അത് ഒന്നുകൂടി വർദ്ധിച്ചു.വയനാട്ടിലേക്ക് താമരശ്ശേരി ചുരം വഴി എത്താനോ തിരിച്ച് പോകാനോ പറ്റാത്ത അവസ്ഥ. ഓരോ നിമിഷവും വാഹനങ്ങൾ തലങ്ങും വിലങ്ങും കടന്ന് പോകുന്ന ചുരം പാത എല്ലാം കൊണ്ടും വീർപ്പ് മുട്ടുന്നു. ബദൽ പാതയില്ലാതെ ജനം ചുരം റോഡിൽ പെട്ട് കിടക്കുന്നത് നിത്യകാഴ്ച.അതും ജലപാനമില്ലാതെ.എന്താണ് പ്രതിവിധി?.ആർക്കും അറിയാത്ത അവസ്ഥ.ചുരത്തിലെ ഗതാഗതകുരുക്ക് കോഴിക്കോട് ജില്ലയിലെ പുതുപ്പാടിക്കും അകലെയും വയനാട്ടിൽ വൈത്തിരിവരെയും നീളുന്നു എന്നതാണ് ഞെട്ടിക്കുന്നഅവസ്ഥ.അത്രക്കും നീളത്തിൽ വാഹനങ്ങൾ നിരനിരയായി കിടക്കുന്ന കാഴ്ചയാണ് ഇപ്പോൾ കുറെ ആഴ്ചകളായി കണ്ടുവരുന്നത്.മൾട്ടി ആക്സിൻ വാഹനങ്ങളാണ് ചുരം വഴി യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുവരുന്നത്.ഇതാകട്ടെ ചുരം റോഡിൽ കേടാകുന്നത് പതിവാണ്. അതിന് പുറമെ മറ്റ് വാഹനങ്ങൾ മറിഞ്ഞും അപകടം പറ്റിയും ഗതാഗത തടസം നേരിടുന്നു.വരിതെറ്റിച്ച് ട്രാഫിക് നിയമം പോലും പാലിക്കാതെ വാഹനങ്ങൾ മറി കടന്ന് കൊണ്ടുളള ഡ്രൈവിംഗ് പലപ്പോഴും അതിരൂക്ഷമായ ഗതാഗത കുരുക്ക് വരുത്തി വെക്കുന്നു.ചുരത്തിൽ പാലിക്കേണ്ടതായ ഡ്രൈവിംഗ് മര്യാദ പോലും ലംഘിക്കപ്പെടുന്നു.ക്ഷമയില്ലാതെ എങ്ങനെയെങ്കിലും മുന്നിൽ കയറുക എന്ന തന്ത്രമാണ് ചുരത്തിൽ ഉണ്ടാകുന്നത്.ഫലമോ,മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്കും.
#
അനിവാര്യമാകുന്ന ചുരം ബദൽപാത
കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766 ൽ കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് താമരശ്ശേരി ചുരം.പശ്ചിമഘട്ടത്തിന് കുറുകെ സ്ഥിതി ചെയ്യുന്ന ഈ ചരും പാതയാണ് വയനാട്ടിലേക്കുളള പ്രധാന പാത.അയൽ സംസ്ഥാനമായ കർണ്ണാടകയിലെ
മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമുള്ള അന്തർസംസ്ഥാന പാതയായും ഈചുരം അറിയപ്പെടുന്നു.കേരളത്തിന്റെ വ്യവസായ, വാണിജ്യ, ടുറിസം മുന്നേറ്റങ്ങൾക്ക് ചുരം പാതയുടെ പങ്ക് ഏറെ വലുതാണ്.ചെറുവാഹനങ്ങൾക്ക് പുറമെ ബസുകൾ,ചരക്ക് വാഹനങ്ങൾ എന്നിവ തലങ്ങും വിലങ്ങും കടന്ന് പോകുന്നത് ഇതുവഴിയാണ്.അത്രക്കും ചരക്ക് വാഹനങ്ങളാണ് ഓരോ സെക്കന്റിലും ചുരത്തിലൂടെ കയറുകയും ഇറങ്ങുകയും ചെയ്യുന്നത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ജോലിക്കുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളും മറ്റുമാണ് ചുരം പാത താണ്ടുന്നത്. ചുരം കടന്നാൽ പിന്നെ
മുത്തങ്ങ, ബന്ദിപ്പുർ വനമേഖലയിലൂടെയും കടന്നു പോകേണ്ടതുണ്ട്.ഈ പാതയ്ക്ക് കർണ്ണാടക വനം ഭാഗത്തു രാത്രി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിലെ ബുദ്ധിമുട്ടുകൾ സഹിച്ച് രാത്രിയിൽ മുത്തങ്ങ വനമേഖലയിൽഎത്തിയാൽ അവിടെ നിന്ന് കടന്ന് പോകാനും വിലക്കുണ്ട്. രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ ആറ് മണിവരെയാണ് മുത്തങ്ങ വനമേഖലയിലൂടെ കർണ്ണാടകത്തിലേക്ക് കടക്കാനും തിരിച്ചും നിരോധനം ഉളളത്. മണിക്കൂറുകൾചുരത്തിൽ ബുദ്ധിമുട്ടുകൾ സഹിച്ച് എങ്ങനെയെങ്കിലും ചുരം പാത താണ്ടി വയനാട്ടിൽ എത്തിയാൽ തന്നെ മുത്തങ്ങ വനമേഖലയിൽ സമയം കഴിഞ്ഞ് എത്തിയാൽ അവിടെയും നേരം പുലരുവോളം കിടക്കേണ്ടി വരും.എല്ലാം കൂടി ലക്ഷ്യ സ്ഥാനത്ത് എത്താൻ ഇരട്ടി സമയം വേണമെന്ന് സാരം.
ഒരു വർഷം 365 ദിവസവും ചുരത്തിൽ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്.വർഷകാലത്ത് ചുരം ഇടിയുന്നത് കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാൻ പറ്റില്ല. എപ്പോഴാണ് ചുരം ഇടിയുന്നതെന്നും പറയാനൊക്കില്ല.ഇതുകാരണം ചുരം പാതയിൽ പെടുന്നവർ ഗതാഗതം പുനസ്ഥാപിക്കുന്നതുവരെ ഒരു ദിവസം മുഴുവൻ ചുരത്തിൽ അകപ്പെടുന്നു. ഭാഗീകമായി ചുരം റോഡ് ഗതാഗതത്തിന് തുറന്ന് കൊടുക്കാൻ മാത്രമെ അധികൃതർക്ക് കഴിയാറുളളു. ജലപാനം പോലുമില്ലാതെ പ്രാഥമിക ആവശ്യങ്ങൾ പോലും നിവർഹിക്കാൻ കഴിയാതെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് വിവരിക്കാൻ കഴിയുന്നതല്ല. താമരശ്ശേരി ചുരത്തിന് ബദലായി മറ്റൊരു പാത നിർമ്മിക്കുന്നതിനുള്ള ആവശ്യം കാലങ്ങളായി നിലനിൽക്കുന്നു.എന്നാൽ ചുരത്തിൽ ഓരോ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് ബദൽ റോഡുകളെപ്പറ്റിയുളള ചിന്ത ഉയരാറുളളു.
വയനാട്ടിൽ പ്രവേശിക്കാൻ ചുരം റോഡുകൾ തന്നെ ശരണം
വയനാട്ടിലേക്ക് പ്രവേശിക്കണമെങ്കിൽ അഞ്ച് ചുരം പാതകൾ താണ്ടണം.പ്രധാന ചുരമായ
താമരശ്ശേരി ചുരം റോഡ് ബ്രിട്ടീഷുകാരാണ് വികസിപ്പിച്ചത്. ബ്രിട്ടീഷ് എൻജിനീയർക്ക് ഈ വഴി കാണിച്ച് കൊടുത്തത് തദ്ദേശീയരായ ആദിവാസികളായിരുന്നു. അതിൽ പ്രധാനി കരിന്തണ്ടൻ എന്ന ആദിവാസിയാണത്രെ.ചുരം പാതയുടെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എൻജിനീയർ കരിന്തണ്ടനെ വക വരുത്തിയെന്ന ഒരു കഥ പ്രചരിക്കുന്നുണ്ട്. കരിന്തണ്ടന്റെ സ്മണക്കായി ആദിവാസികൾ തീർത്തതാണ് ചുരത്തിന് മുകളിൽ വയനാടൻ അതിർത്തിയിലെ ലക്കിടിയിലെ ചങ്ങല മരം.
കോഴിക്കോട് ജില്ലയിലെ കുറ്റിയാടി തൊട്ടിൽപാലം വഴിയുളള ചുരം പാതയാണ് കുറ്റിയാടി ചുരം റോഡ്.പക്രംതളം ചുരം റോഡും എന്നും ഇത് അറിയപ്പെടുന്നു. പത്ത് ഹെയർ പിൻ വളവുകൾ ഉള്ള ഈ സംസ്ഥാന പാതയിലൂടെയും വയനാട്ടിലെത്താം.വീര കേരള വർമ്മ പഴശ്ശിരാജയുടെ പടയോട്ട മേഖലകൾ കൂടിയായിരുന്നു കുറ്റിയാടി ചുരം പാത.
കണ്ണൂർ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന മറ്റൊരു ചുരമാണ് പേരിയ ചുരം.കണ്ണൂർ ജില്ലയിലെ നിടുംപൊയിലിൽ നിന്ന് ആരംഭിച്ച് വയനാട്ടിലെ പെരിയ ചന്ദന തോട്ടിൽ അവസാനിക്കുന്നു. നാല് ഹെയർപിൻ വളവുകളുള്ളതാണ് ഈ പാത. പഴശ്ശി സമരങ്ങൾക്കും ഈ പാത നിമിത്തമായിട്ടുണ്ട്.
കണ്ണൂർ ജില്ലയെ കൊട്ടിയൂർ വഴി വയനാടുമായി ബന്ധിപ്പിക്കുന്ന മറ്റൊരു ചുരമാണ് പാൽചുരം.മലയോര ഹൈവേയിലെ ഏറ്റവും ചെങ്കുത്തായതും അപകടം നിറഞ്ഞതുമായ ഒരു ചുരം പാതയാണിത്. ഈ ചുരം റോഡ് വയനാട്ടിലെ ബോയ്സ് ടൗൺ എന്ന സ്ഥലത്ത് തലശ്ശേരി ബാവലി പ്രധാനപാതയുമായി കൂടിച്ചേരുന്നുണ്ട്.മണത്തണ, കേളകം, അടക്കാത്തോട്, കൊട്ടിയൂർ, അമ്പായത്തോട് എന്നിവിടങ്ങളിൽ നിന്ന് വയനാടിലേക്കുള്ള എളുപ്പമാർഗ്ഗമാണിത്.
വയനാട്ടിലേക്കെത്താനുളള മറ്റൊരു പാതയാണ് നാടുകാണി ചുരം.മലപ്പുറം ജില്ലയിലെ വഴിക്കടവിനു സമീപത്തായുള്ള ഒരു ചുരമാണിത്.കോഴിക്കോട് ഗൂഡല്ലൂർ നിലമ്പൂർ അന്തർസംസ്ഥാന പാത ഇതുവഴി കടന്നു പോകുന്നു.ഈ പാത വെട്ടാനും ഒരു ആദിവാസിയാണ് ബ്രിട്ടീഷുകാരെ സഹായിച്ചതെന്ന് പറയുന്നു. ഇദ്ദേഹത്തിന്റെ സ്മരണക്കായി ബ്രിട്ടീഷുകാർ നാടുകാണി അണ്ണാനഗറിൽ ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
വയനാട്ടിൽ നിന്ന് അതിഗുരുതരാവസ്ഥയിലുളള രോഗികളെയും കൊണ്ട് ബീക്കൽ ലൈറ്റുമിട്ട് ചുരം വഴി നിരവധി വാഹനങ്ങളാണ് കോഴിക്കോട്ടേക്ക് നിത്യേന ചീറിപ്പാഞ്ഞ് പോകുന്നത്.ചുരത്തിലെ ഗതാഗത കുരുക്കിൽ ഇവയെല്ലാം അകപ്പെടുന്നു. പലജീവനുകളും ചുരത്തിലെ ഗതാഗത കുരുക്ക് കാരണം നഷ്‌ടപ്പെട്ടിട്ടുണ്ട്. ഇത് ഇനിയും ആവർത്തിക്കാൻ കഴിയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |