
വിജയ് ഹസാരെ ട്രോഫി: ജാർഖണ്ഡിനെ എട്ട് വിക്കറ്റിന് തകർത്ത് കേരളം; സഞ്ജുവിനും രോഹനും സെഞ്ച്വറി
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് അനായാസ വിജയവുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത ജാർഖണ്ഡ് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടിക്കിറങ്ങിയ കേരളം 42.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി (313/2). തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം 300-ലധികം റൺസ് പിന്തുടർന്ന് വിജയിക്കുന്നത്.സെഞ്ച്വറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്. സഞ്ജു സാംസണും സെഞ്ച്വറി നേടി. ജാർഖണ്ഡിനായി കുമാർ കുശാഗ്രയും സെഞ്ച്വറി കുറിച്ചു.
സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലെ ചാമ്പ്യന്മാരായ ജാർഖണ്ഡ് ഉയർത്തിയ വൻ വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു. ഓപ്പണർമാരായ സഞ്ജു സാംസണും (95 പന്തിൽ 101), രോഹൻ കുന്നുമ്മലും (78 പന്തിൽ 124) സെഞ്ച്വറിയുമായി അടിച്ചു കസറി. 13-ാം ഓവറിൽ കേരളം100 കടന്നു. വെറും 59 പന്തുകളിൽ നിന്ന് രോഹൻ സെഞ്ച്വറി തികച്ചു. മറുവശത്ത് സഞ്ജുവും കൂറ്റൻ ഷോട്ടുകളുമായി കളം നിറഞ്ഞതോടെ 24-ാം ഓവറിൽ കേരളം 200 ൽ എത്തി. ഇരുവരും ഒന്നാം വിക്കറ്റിൽ 25.2 ഓവറിൽ 212 റൺസിമന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹൻ 11 സിക്സും 8 ഫോറും സഞ്ജു 3 സിക്സും 9 ഫോറും നേടി.
ബാബ അപരാജിത് (പുറത്താകാതെ 41), വിഷ്‌ണു വിനോദ് (പുറത്താകാതെ 40) എന്നിവരും തിളങ്ങിയതോടെ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി 45 പന്ത് ശേഷിക്കെ കേരളം ജയമുറപ്പിച്ചു.
ക്യാപ്ടൻ ഇഷാൻ കിഷൻ (21) അടക്കം ഫോമിലേക്ക് ഉയരാതെ പോയ മത്സരത്തിൽ കുമാർ കുശാഗ്രയും (143), അനുകൂൽ റോയിയും (72) ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് ജാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്.
കേരളത്തിന് വേണ്ടി എം.ഡി. നിധീഷ് നാലും ബാബ അപരാജിത് രണ്ട് വിക്കറ്റും വീഴ്ത്തി.
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡിനൊപ്പമെത്തി (11 സിക്സുകൾ) രോഹൻ.
. 2019-ൽ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് രോഹൻ എത്തിയത്.
തുടർച്ചയായ രണ്ടാം മത്സരത്തിലാണ് കേരളം മുന്നൂറിന് മുകളിലുള്ള ടോട്ടൽ പിന്തുടർന്ന് ജയിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |