
തിരുവനന്തപുരം: തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തി പ്രതിയെ രക്ഷിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അഡ്വ. ആന്റണി രാജു എം.എൽ.എ ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഇന്ന് തന്നെ കോടതിയെ സമീപിക്കുമെന്നാണ് വിവരം. വിചാരണ കോടതി ഉത്തരവിനെതിരെ രണ്ട് കാര്യങ്ങളിൽ ഇളവ് തേടിയാണ് ആന്റണി ഹൈക്കോടതിയിൽ അപ്പീൽ നൽകുക.
വിചാരണ കോടതി വിധിച്ച ശിക്ഷയും കുറ്റക്കാരനാണെന്ന വിധിയും റദ്ദാക്കണമെന്നാണ് അപ്പീൽ. സാധാരണഗതിയിൽ ശിക്ഷ റദ്ദാക്കും. അതിനാൽ ജയിലിൽ പോകേണ്ടി വരില്ല. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ കണ്ടെത്തൽ അപ്പീൽ കോടതി ഒറ്റയടിയ്ക്ക് റദ്ദാക്കില്ല. കുറ്റക്കാരനാണെന്ന കണ്ടെത്തൽ റദ്ദാക്കാത്തിടത്തോളം അയോഗ്യത നിലനിൽക്കുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം,കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ അയോഗ്യനാക്കികൊണ്ട് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കുന്നതിന് മുമ്പ് രാജിവച്ച് തടിയൂരാൻ ആന്റണി നീക്കം നടത്തിയെങ്കിലും തീരുമാനമായില്ല. നേരത്തെ കെ.എം. ഷാജിയ്ക്ക് ശിക്ഷ വിധിച്ചപ്പോൾ ശരവേഗത്തിൽ നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു. എന്നാൽ,ആന്റണി രാജുവിന്റെ വിഷയത്തിൽ നിയമവശം പരിശോധിച്ച് സാവധാനം വിജ്ഞാപനമിറക്കാനാണ് നിയമസഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം.
അയോഗ്യനാക്കികൊണ്ട് വിജ്ഞാപനമിറങ്ങിയാൽ ഈ തിരഞ്ഞെടുപ്പ് ജയിച്ച ദിവസം മുതൽ അയോഗ്യത നിലവിൽ വരും. അങ്ങനെയെങ്കിൽ ആനുകൂല്യങ്ങൾ തിരികെ നൽകണം. വിജ്ഞാപനമിറക്കുന്നതിന് മുമ്പ് രാജിവച്ചാൽ അനുകൂല്യങ്ങൾ തിരികെ നൽകേണ്ടെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാജിവച്ച് തലയൂരാൻ ശ്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |