
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായപ്പോഴും എൽ.ഡി.എഫിന് കച്ചിത്തുരുമ്പായത് കോഴിക്കോടായിരുന്നു. മറ്റെല്ലാ കോർപ്പറേഷനും കൈവിട്ടപ്പോൾ കോഴിക്കോട് മാത്രം കൂടെനിന്നു. എന്നാൽ, ജില്ലാപഞ്ചായത്ത് കൈവിട്ടു. അതേസമയം, നിയമസഭ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.
ആകെയുള്ള 13 സീറ്റിൽ 11ഉം എൽ.ഡി.എഫിന്റെ കൈവശമാണ്. ആർ.എം.പി.ഐ യു.ഡി.എഫുമായി ചേർന്ന് പിടിച്ചെടുത്ത വടകര തിരിച്ചെടുക്കുക ഇടതുപക്ഷത്തിന്റെ പ്രസ്റ്റീജാണ്. കെ.കെ.രമയാണ് നിലവിലെ എം.എൽ.എ. അതേസമയം, മണ്ഡലം നിലനിറുത്താനുള്ള തീവ്രശ്രമം യു.ഡി.എഫ് നേരത്തെ തുടങ്ങി.
13 മണ്ഡലങ്ങളിൽ പകുതിയെങ്കിലും പിടിക്കുമെന്നാണ് യു.ഡി.എഫ് പ്രഖ്യാപനം. നിലവിൽ കൊടുവള്ളിയും വടകരയുമാണ് കൈവശമുള്ളത്. ഇത്തവണ തിരുവമ്പാടിയും കൊയിലാണ്ടിയും കോഴിക്കോട് സൗത്തും കുറ്റ്യാടിയും ഉറപ്പെന്ന് അവകാശപ്പെടുന്നു. കൊടുവള്ളി ലീഗിന്റെ കുത്തകയായതിനാൽ വലിയ ആധിയില്ല. എന്നാൽ, സിറ്റിംഗ് എം.എൽ.എ എം.കെ.മുനീർ ആരോഗ്യപ്രശ്‌നം മൂലം മാറിനിന്നാൽ പകരം ആരെന്നത് പ്രധാനമാവും.
കോർപ്പറേഷനിൽ നിലവിലുണ്ടായിരുന്ന ഏഴുസീറ്റ് 13ആക്കിയതിന്റെ ആവേശം എൻ.ഡി.എയ്ക്കുണ്ടെങ്കിലും കോഴിക്കോട്ട് ഒരു നിയമസഭ സീറ്റെന്ന അവകാശവാദമൊന്നും അവർക്കില്ല. എങ്കിലും എലത്തൂരും കോഴിക്കോട് നോർത്തിലും പ്രതീക്ഷ പ്രകടിപ്പിക്കുന്നു.
എൽ.ഡി.എഫ് പട്ടികയിൽ പ്രമുഖർ മുഹമ്മദ് റിയാസും ടി.പി.രാമകൃഷ്ണനും എ.കെ ശശീന്ദ്രനും അഹമ്മദ് ദേവർകോവിലുമാണ്. ഇതിൽ ശശീന്ദ്രൻ ഇത്തവണ മത്സരത്തിനുണ്ടാവില്ലെന്നാണ് വിവരം. കോൺഗ്രസ് വിട്ടെത്തിയ അനിൽകുമാർ, കെ.കുഞ്ഞമ്മദ് കുട്ടി, സി.പി.എം ജില്ലാ സെക്രട്ടറി എം.മെഹ്ബൂബ്, സി.പി.ഐ ജില്ലാ സെക്രട്ടറി പി.ഗവാസ്, ഡി.വൈ.എഫ്.ഐ നേതാവ് എസ്.കെ.സജീഷ്, മുസാഫിർ അഹമ്മദ് തുടങ്ങിയവരുടെ പേരുകളും ചർച്ചയിലുണ്ട്.
കോൺഗ്രസിൽ നിന്ന് ഡി.സി.സി പ്രസിഡന്റ് പ്രവീൺകുമാർ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.എം.അഭിജിത്ത്, കെ.ജയന്ത് തുടങ്ങിയവരുടെ പേരുകളുണ്ട്. കോഴിക്കോട് സിറ്റി-റൂറൽ പ്രസിഡന്റുമാരായ പ്രഫുൽകൃഷ്ണയും പ്രകാശ്ബാബുവും ബി.ജെ.പിയിൽ നിന്ന് മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന.
2021ലെ നിയമസഭാ തിര. ഫലം
(മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം)
ബേപ്പൂർ: പി.എ.മുഹമ്മദ് റിയാസ് (സി.പി.എം) 28,747
കോഴിക്കോട് സൗത്ത്: അഹമ്മദ് ദേവർകോവിൽ (ഐ.എൻ.എൽ) 12,459
കോഴിക്കോട് നോർത്ത്: തോട്ടത്തിൽ രവീന്ദ്രൻ (സി.പി.എം) 12,928
വടകര: കെ.കെ. രമ (ആർ.എം.പി.ഐ) 7,491
കുറ്റ്യാടി: കെ.പി.കുഞ്ഞമ്മദ് കുട്ടി (സി.പി.എം) 333
നാദാപുരം: ഇ.കെ.വിജയൻ (സി.പി.ഐ) 4,035
കൊയിലാണ്ടി: കാനത്തിൽ ജമീല (സി.പി.എം) 8,472
പേരാമ്പ്ര: ടി.പി.രാമകൃഷ്ണൻ (സി.പി.എം) 22,592
ബാലുശ്ശേരി: കെ.എം.സച്ചിൻദേവ് (സി.പി.എം) 20,372
എലത്തൂർ: എ.കെ.ശശീന്ദ്രൻ (എൻ.സി.പി) 38,502
കൊടുവള്ളി: എം.കെ.മുനീർ (മുസ്ലിംലീഗ്) 6,344
തിരുവമ്പാടി: ലിന്റോ ജോസഫ് (സി.പി.എം) 4,643
കുന്ദമംഗലം: പി.ടി.എ.റഹീം (എൽ.ഡി.എഫ് സ്വത.) 10,276
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |