
സുൽത്താൻ ബത്തേരി (വയനാട്): ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ കുതന്ത്രങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ചെന്നുചാടരുതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച സംസ്ഥാന ദ്വിദിന പാർട്ടി കോൺക്ലേവ് 'ലക്ഷ്യ ലീഡർഷിപ്പ് സമ്മിറ്റ് ' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും ബി.ജെ.പിക്കും കനത്ത തിരിച്ചടി നൽകിയാണ് ജനങ്ങൾ യു.ഡി.എഫിനെ അധികാരത്തിലേറ്റിയത്. ഈ വിജയം നമ്മെ കൂടുതൽ വിനയാന്വിതരാക്കണം. തിരഞ്ഞെടുപ്പ് ആസന്നമായതോടെ പുതിയ ആരോപണങ്ങളാണ് സി.പി.എമ്മും ബി.ജെ.പിയും കോൺഗ്രസിനെതിരെ പടച്ചുവിടുന്നത്.
കോൺഗ്രസിൽ ഇപ്പോഴേ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള പിടിവലിയെന്നാണ് സി.പി.എമ്മിന്റെ ഒരു ആരോപണം. പിണറായി വിജയനല്ലാതെ ഒരു നേതാവിനെപോലും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാട്ടാൻ സി.പി.എമ്മിലില്ല. കോൺഗ്രസിൽ അനൈക്യമുണ്ടാക്കി ശിഥിലമാക്കാനുള്ള പിണറായി വിജയന്റെ തന്ത്രം ഇനി നടപ്പാകില്ല.പാർട്ടിയെ വിജയിപ്പിക്കുന്നതിന് പാടുപെട്ട താഴെത്തട്ടിലുള്ളവരെ നിരാശരാക്കുന്ന പ്രവർത്തനം ആരിൽ നിന്നും ഉണ്ടാവരുത്. വ്യക്തിപരമായ തർക്കങ്ങൾക്കും ആക്ഷേപങ്ങൾക്കും ക്യാമ്പിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷനായി. എ.ഐ.സി.സി അംഗം ദീപാദാസ് മുൻഷി, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സുധാകരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ്, കെ.മുരളീധരൻ, എം.എം.ഹസൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാർ,ഷാഫി പറമ്പിൽ, ടി.എൻ.പ്രതാപൻ, ബെന്നി ബെഹനാൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |